പരസ്പരം അറിയുന്നതിനു നല്ല അയൽക്കാരനായി മാറുക
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ലോക ചരിത്രത്തിൽ അഭൂതപൂർവമായ ഒരു മാറ്റം കൊണ്ടുവന്ന മേഖലയാണ് ആശയവിനിമയത്തിന്റേത്. വാർത്തകളും, വിവരങ്ങളുമെല്ലാം മനുഷ്യന്റെ വിരൽ തുമ്പിൽ ലഭ്യമാകുന്ന കാലഘട്ടം. മനുഷ്യർ തമ്മിലുള്ള അകലം മാധ്യമങ്ങൾ കുറച്ചുകൊണ്ട്, പരസ്പരം വിവരങ്ങൾ കൈമാറ്റം ചെയ്യുവാനുള്ള സാദ്ധ്യതകൾ തുറന്നപ്പോൾ ഒരു പക്ഷെ, കൈമോശം വന്നത്, ആളുകൾ തമ്മിൽ നടത്തിയിരുന്ന കൂട്ടായ്മകളും, കൂടിക്കാഴ്ചകളും,ആശയങ്ങൾ പങ്കുവയ്ക്കുന്ന മാനുഷിക ബന്ധങ്ങളുമാണ്. ഇതിനെ പറ്റി നിരവധി തവണ ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശങ്ങളിൽ എടുത്തു പറഞ്ഞിട്ടുണ്ട്. ഫ്രത്തെല്ലി തൂത്തി എന്ന തന്റെ ചാക്രികലേഖനത്തിൽ ഫ്രാൻസിസ് പാപ്പാ അടിവരയിട്ടു പറയുന്ന ആശയവും, പരസ്പരമുള്ള ആശയവിനിമയത്തിൽ നെയ്തെടുക്കേണ്ട മാനവികകൂട്ടായ്മയാണ്. മനുഷ്യർ തമ്മിൽ അറിയുന്നതിന്, യേശു മുൻപോട്ടു വയ്ക്കുന്ന മാർഗം അയൽക്കാരനായി മാറുന്നതും, ഒപ്പം നടക്കുന്നതും, വന്നു കാണുന്നതിനുമൊക്കെയാണ്.
ഇപ്രകാരം തന്റെ അടുക്കലേക്ക് കടന്നു വരുന്ന രണ്ടു പേരെ തന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചുകൊണ്ട്, തുടർന്ന് അവരെ ആദ്യ ശിഷ്യന്മാരാക്കി രൂപാന്തരപ്പെടുത്തുന്ന യേശുവിന്റെ വിളിയാണ്, ഫ്രാൻസിസ് പാപ്പാ അൻപത്തിയഞ്ചാമത് സമൂഹ മാധ്യമദിനത്തിൽ നൽകിയ സന്ദേശത്തിന്റെ അടിസ്ഥാന വചനമായി സ്വീകരിച്ചിരിക്കുന്നത്. കോവിഡ് മഹാമാരി ജനങ്ങൾ തമ്മിലുള്ള അകലം വർധിപ്പിച്ച ഒരു സാഹചര്യത്തിലാണ്, യേശുവിന്റെ ഈ വിളിയെ പാപ്പാ ഓർമ്മപ്പെടുത്തുന്നത്. വൈറസ് ആക്രമണത്തിൽ നിന്നുള്ള പ്രതിരോധത്തിനായി സാമൂഹ്യ അകലം പാലിച്ചുകൊണ്ട്, ജീവിതം മുൻപോട്ടു നയിച്ച ജനതയെ സംബന്ധിച്ചിടത്തോളം ഈ മഹാമാരി അവശേഷിപ്പിച്ച മറ്റൊരു വിപത്ത് ഭയത്തിന്റേതായിരുന്നു. മറ്റുള്ളവരോട്, അതും കുടുംബത്തിനുള്ളിലെ പോലും മറ്റുള്ളവരോട് സംസാരിക്കുവാൻ ബുദ്ധിമുട്ട് തോന്നിയിരുന്ന ഒരു കാലഘട്ടമാണ് മഹാമാരി നമുക്ക് നൽകിയതെന്ന പൂർണ്ണബോധ്യത്തിൽ നിന്നുമാണ് പാപ്പാ തന്റെ സന്ദേശം സമർപ്പിക്കുന്നത്.
തന്നെ അനുഗമിക്കാൻ യേശു വിളിച്ച ആദ്യത്തെ രണ്ട് ശിഷ്യന്മാരാണ് അന്ത്രയോസും യോഹന്നാനും. യേശുവിനെക്കുറിച്ച് സാക്ഷ്യപ്പെടുത്താൻ വന്ന സ്നാപകയോഹന്നാൻ്റെ ശിഷ്യന്മാരായിരുന്ന ഇരുവരും, തങ്ങളുടെ ഗുരുവിന്റെ വാക്ക് കേട്ട്, ആരാണ് ക്രിസ്തുവെന്നു അറിയുവാൻ അവന്റെ അടുത്തേക്ക് കടന്നു ചെല്ലുന്നു. യേശുവിനെ കുറിച്ച് കേൾക്കുന്നത് ജീവിതത്തിന്റെ പരിവർത്തനത്തിന്റെ തുടക്കം കുറിച്ചെങ്കിൽ അത് വളരുന്നത്, ജീവിതാനുഭവത്തിലേക്കുള്ള യേശുവിന്റെ ചോദ്യത്തോടെയാണ്, 'നിങ്ങൾ എന്ത് അന്വേഷിക്കുന്നു?' 'അങ്ങ് എവിടെയാണ് താമസിക്കുന്നത്?'. 'എന്ത് അന്വേഷിക്കുന്നു' എന്നത് അറിയുവാൻ അപ്പോഴും ഇരുവരുടെയും മനസും ഹൃദയവും സജ്‌ജമായിരുന്നില്ല. അതിനാൽ ആശയവിനിമയത്തിന്റെ ജീവിതാനുഭവങ്ങളിലേക്ക് യേശു ഇരുവരെയും ക്ഷണിക്കുന്നു: 'വന്നു കാണുക'
ജീവിതത്തിന്റെ ഈ വലിയ ആശയവിനിമയ അനുഭവത്തിലേക്ക് യേശുവിനെ പോലെ നാമും മറ്റുള്ളവരുമായി ബന്ധങ്ങൾ ഊട്ടിയുറപ്പിക്കേണ്ടതിന്റെ ആവശ്യകതയാണ് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിൽ അടിവരയിടുന്നത്. എന്നാൽ യേശുവിന്റെ ഈ അനുഭവ ക്ഷണത്തിനൊപ്പം, പാപ്പാ കൂട്ടിച്ചേർക്കുന്നത്, സാഹോദര്യത്തിൻറെ യഥാർത്ഥ ബന്ധം അടിവരയിട്ടുകൊണ്ടാണ്. സഹോദരങ്ങളുടെ ജീവിതത്തെ മനസ്സിലാക്കണമെങ്കിൽ ആദ്യം അവർ എവിടെ വസിക്കുന്നുവെന്നും, അവരുടെ ജീവിത സാഹചര്യങ്ങൾ ഏതൊക്കെയാണെന്നും മനസിലാക്കുകയെന്നതാണെന്ന് പാപ്പാ പറയുന്നു. പുറമെ നിന്ന് കൊണ്ട് മറ്റുള്ളവരെ വിലയിരുത്തുക അസാധ്യമാണെന്നും, മറിച്ച് യഥാർത്ഥ ആശയവിനിമയം തുടങ്ങുന്നത് ഈ രണ്ടു ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിലൂടെയുമാണെന്നു പരിശുദ്ധ പിതാവ് ചൂണ്ടിക്കാണിക്കുന്നു. ഇതിനെ ആധികാരികമായ ആശയവിനിമയമെന്നാണ് പാപ്പാ വിശേഷിപ്പിക്കുന്നത്. എല്ലാം അറിയാമെന്നു നടിച്ചുകൊണ്ട്, സാഹോദര്യത്തിലേക്ക് കടക്കുന്ന ഒരാൾ ആ ബന്ധം കാത്തുസൂക്ഷിക്കുവാൻ സാധിക്കാതെ പോകുന്നത്, ഈ അടിസ്ഥാന ചോദ്യങ്ങളിലേക്ക് കടക്കാത്തതുകൊണ്ടാണെന്നു പാപ്പാ പറയുന്നു. ഇതിനു പരസ്പരമുള്ള കൂടിക്കാഴ്ചയുടെ സ്ഥാനം അദ്ദേഹം അടിവരയിടുന്നു.
വാർത്താ വിനിമയ, മാധ്യമ രംഗത്ത് ഈ ഒരു ക്രിസ്താനുഭവത്തിന്റെയും, കൂട്ടായ്‍മയിലേക്കുള്ള ക്ഷണത്തിന്റെയും ഉത്തമമാർഗമാണ് അന്വേഷണാത്മകമായ പത്രപ്രവർത്തനം എന്ന പാരമ്പര്യ രീതി. കണ്ടുമുട്ടലിന്റെ മനോഹാരിത മുറികളിലേക്കും, ഭാവനാത്മകമായ അയാഥാർഥ്യത്തിലേക്കും വഴിമാറിയപ്പോൾ, മറ്റുള്ളവരെ പൂർണ്ണമായി മനസിലാക്കാതെ വാർത്തകൾ എഴുതികൂട്ടുന്ന ഒരു പരിതസ്ഥിതി രൂപപ്പെട്ടുവെന്നും, ഇത് ബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാക്കിയെന്നും പാപ്പാ സന്ദേശത്തിൽ പ്രത്യേകം ഓർമ്മപ്പെടുത്തുന്നു.
ഇവിടെ യേശുവിന്റെ ജീവിത മാതൃക വെളിപ്പെടുത്തുന്നത് പ്രധാനമായും രണ്ടു കാര്യങ്ങളിലാണ്: ഒന്ന് അപരനെ ശ്രവിക്കുക ഒപ്പം അവനെ സംസാരിക്കുവാൻ അനുവദിക്കുക, രണ്ടു അവരുടെ ജീവിതസാക്ഷ്യത്തെ എന്റെ ജീവിതത്തോട് ചേർത്ത് വയ്ക്കുക. ഇവ രണ്ടും ക്രൈസ്തവ പുണ്യങ്ങളാണെന്നും പാപ്പാ എടുത്തു പറയുന്നു. ഇപ്രകാരം അപരനിലേക്ക് ഇറങ്ങിച്ചെല്ലുവാൻ, ക്രിസ്തുവിനെപ്പോലെ നാമും ധൈര്യശാലികളാകണം.
യാഥാർഥ്യം അറിയണമെങ്കിൽ പത്രപ്രവർത്തനത്തിലും, മാധ്യമമേഖലയിലും അപാരമായ ഒരു ധൈര്യം ഏറെ ആവശ്യമാണ്. പീഡിപ്പിക്കപ്പെടുന്നവരും, ന്യൂനപക്ഷം വരുന്ന ജനതയുമൊക്കെ നിശബ്ദതയിൽ കഴിയുവാൻ വിധിക്കപ്പെടുന്ന ഏറെ അവസ്ഥകൾ നമുക്ക് പരിചിതമാണ്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ ജീവൻ പോലും പണയപ്പെടുത്തി അവരുടെ ശബ്ദം പൊതുസമൂഹത്തിലേക്ക് എത്തിക്കുവാൻ യത്നിക്കുന്ന പത്രപ്രവർത്തകരെ പാപ്പാ പ്രത്യേകം അനുസ്മരിക്കുകയും, അവർക്കു നന്ദിയർപ്പിക്കുകയും ചെയ്യുന്നു.
മനുഷ്യന്റെ യഥാർത്ഥ സാഹചര്യങ്ങളെ മനസിലാക്കണമെങ്കിലും, അവനുമായി സൗഹൃദം സ്ഥാപിക്കണമെങ്കിലും കണ്ടുമുട്ടലുകൾ ഏറെ ആവശ്യമാണ്. അടിച്ചമർത്തലുകളുടെയും, അനീതിയുടെയും , അക്രമങ്ങളുടെയും പകർച്ചവ്യാധികളുടെയും ലോകത്ത്, മറ്റുള്ളവരെ മനസിലാക്കുവാൻ സാധിക്കുന്നില്ലെങ്കിൽ, പാവപ്പെട്ടവരുടെ ജീവിതങ്ങളിലേക്ക് കടന്നുചെന്നുകൊണ്ട് അവർക്കു ആവശ്യമായവ നൽകുവാൻ നമുക്ക് സാധിക്കുന്നില്ലെങ്കിൽ യഥാർത്ഥ ആശയവിനിമയം പരാജയപ്പെടുന്നുവെന്നു പാപ്പാ പറയുന്നു. അല്ലെങ്കിൽ തെറ്റായ വിവരങ്ങളുടെ അതിപ്രസരം നമ്മെ മായികലോകത്തിലേക്ക് നയിക്കും. സമൂഹ മാധ്യമങ്ങൾ അതിനാൽ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കുന്നതിനു പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു. സത്യത്തിന്റെ സാക്ഷികളാകുവാൻ, കാര്യങ്ങളെ കാണുന്നതിനും, അവയുടെ സാഹചര്യങ്ങളെ വിലയിരുത്തുന്നതിനും പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു.
ആശയവിനിമയലോകത്ത് വ്യക്തിപരമായ കൂടിക്കാഴ്ചയ്ക്കു പകരം വയ്ക്കുവാൻ മറ്റൊന്നും ഇല്ലെന്ന സത്യം പാപ്പാ അടിവരയിടുന്നു. എന്നാൽ അവസ്ഥകൾ അറിയുവാൻ അപരന്റെ അടുത്തേക്ക് കടന്നു ചെല്ലുന്ന നമ്മുടെ മനോഭാവത്തിൽ ഉൾച്ചേർക്കേണ്ടുന്ന ആർദ്രതയേയും പാപ്പാ എടുത്തു പറയുന്നു. യേശുവിന്റെ വാക്കുകൾ വെറുതെ കേൾക്കുക മാത്രമല്ല, മറിച്ച് അവൻ സംസാരിക്കുന്നത് അവർ ശ്രദ്ധിച്ചിരുന്നു. ഈ ശ്രദ്ധയിൽ നമ്മുടെ ജീവിതം മുഴുവൻ കേന്ദ്രമായി നിലകൊള്ളുന്നു. അതിനാൽ ക്രൈസ്തവോന്മുഖമായ സ്‌നേഹത്താൽ നിറഞ്ഞതായിരിക്കണം ഓരോ മാധ്യമ പ്രവർത്തകന്റെയും ജീവിതം. ഇതാണ് പ്രത്യാശയുടെ സുവിശേഷം അപരന്റെ ജീവിതത്തിനു മുതൽക്കൂട്ടായി പകർന്നു നൽകുവാനുള്ള മാർഗം. ഇതാണ് സജീവമായ സുവിശേഷത്തിനു സാക്ഷ്യം വഹിക്കുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: