ആധികാരികമായ ആശയവിനിമയം ശ്രവണത്തിൽ നാന്ദികുറിക്കുന്നു
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ആശയവിനിമയത്തിന്റെ പ്രക്രിയയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ് മറ്റുള്ളവരെ ശ്രവിക്കുക എന്നത്. വിശുദ്ധ ഗ്രന്ഥത്തിൽ ഉടനീളം മനുഷ്യനെ കേൾക്കുന്ന ഒരു ദൈവത്തെയാണ് നമുക്ക് കാണുവാൻ സാധിക്കുന്നത് . അപരനെ ശ്രവിക്കുവാൻ താത്പര്യം കാണിക്കുമ്പോഴാണ് യഥാർത്ഥത്തിൽ സൗഹൃദവും, സാഹോദര്യവും ജനിക്കുന്നത്. മറ്റൊരാളുടെ ജീവിതത്തിന്റെ സന്തോഷങ്ങളിലേക്കും, സങ്കടങ്ങളിലേക്കും കടന്നുചെന്നുകൊണ്ട് അവനെ സഹായിക്കുന്നതിനും, അതുവഴിയായി കൂട്ടായ്മ രൂപീകരിക്കുന്നതിനും മറ്റുള്ളവർക്കായി നമ്മുടെ കാതുകളെ നാം ദാനം ചെയ്യണം. ആശയവിനിമയ പ്രക്രിയ പോലെ, ശ്രവണത്തിന് വൈജ്ഞാനികവും പെരുമാറ്റപരവും ആപേക്ഷികവുമായ ഘടകങ്ങളുണ്ടെങ്കിലും, അവയുടെ തുടക്കത്തെയും, ഒടുക്കത്തെയും കൃത്യമായി നിർവചിക്കുക അസാധ്യമാണ്. ഒരു പക്ഷെ ഇത്തരത്തിൽ ഒരു അളവുകോൽ ദൈവം നമ്മുടെ കാര്യത്തിൽ വച്ചിരുന്നുവെങ്കിൽ, കരുണാമയനായ ദൈവത്തിന്റെ സാന്നിധ്യം അനുഭവിക്കുക നമുക്ക് അസാധ്യമാവുമായിരുന്നു. അതിനാൽ ശ്രവണം മനുഷ്യസമൂഹത്തിന്റെ നിർമ്മിതിക്ക് ഏറെ ആവശ്യമാണ്.
ശ്രവിക്കുക എന്നതിനർത്ഥം മറ്റൊരാളെ നമ്മുടെ ജീവിതത്തിലേക്ക് സ്വീകരിക്കുക എന്നാണ് അർത്ഥം. നാം മറ്റൊരാൾക്ക് ചെവി നൽകുന്നുവെന്നും പറഞ്ഞാൽ, അവന്റെ ജീവിതത്തിന്റെ ഭാഗമാകുവാൻ നാം തയ്യാറാണ് എന്നത് വെളിപ്പെടുത്തുന്നു. ഈ സ്വീകരണം നമ്മെ വ്യാഖ്യാനത്തിന്റെ അഗാധതലത്തിലേക്ക് കൊണ്ടുപോകുന്നു. ശ്രവിക്കുന്നതിലൂടെയാണ് അപരന്റെ ജീവിതത്തിന്റെ പ്രത്യേകതകളെ വ്യാഖ്യാനിക്കുവാൻ നമുക്ക് സാധിക്കുക. അപരന്റെ ഇല്ലായ്മകളെ മനസിലാക്കി അവനു സഹായം നൽകുവാനും, അവന്റെ നേട്ടങ്ങളിൽ അവനോടൊപ്പം സന്തോഷിക്കുവാനുമുള്ള ക്രിസ്തീയകൂട്ടായ്മ മനോഭാവം ശ്രവണം നമുക്ക് നൽകുന്നു.
ഈ വ്യാഖ്യാനങ്ങളും,അപരന്റെ പ്രത്യേകതകളും അവനെ നമ്മുടെ ജീവിതത്തിന്റെ സ്മരണകളുടെ ഭാഗമാക്കി മാറ്റുന്നു. ഒരുവനെ നാം ഓർത്തുവയ്ക്കണമെങ്കിൽ, ഉപരിപ്ലവമായ ഒരു അറിവ് മാത്രം പോരാ, മറിച്ച് അപരന്റെ പ്രത്യേകതകളെ മനസിലാക്കിക്കൊണ്ട്, അവന്റെ ജീവിതത്തിന്റെ ഭാഗമാകണം. നാലാമത് ശ്രവണം നമ്മെ പ്രതികരിക്കുവാൻ പ്രേരിപ്പിക്കുന്നു. യേശു തന്റെ പരസ്യജീവിതകാലത്ത് നടത്തിയ പ്രതികരണങ്ങളുടെയെല്ലാം തുടക്കം അവൻ നൽകിയ ശ്രദ്ധയും, ശ്രവണവുമായിരുന്നു.
ഈ മഹനീയമായ ശ്രവണത്തിന്റെ പ്രാധാന്യം ഇന്നത്തെ മാധ്യമലോകത്തെ ഓർമ്മപ്പെടുത്തിക്കൊണ്ടാണ് ഫ്രാൻസിസ് പാപ്പാ അൻപത്തിയാറാമത് ആഗോള സമൂഹ മാധ്യമദിനത്തിൽ തന്റെ സന്ദേശം നൽകുന്നത്. സന്ദേശത്തിനായി പാപ്പാ തിരഞ്ഞെടുത്ത തലക്കെട്ട്, " ഹൃദയത്തിന്റെ കാതുകളാൽ ശ്രവിക്കുക" എന്നതാണ്.’കാതുകൾ പഞ്ചേന്ദ്രിയങ്ങളിൽ ഒന്നായി മാത്രം’ ലളിതമായി പാപ്പാ അവതരിപ്പിക്കുന്നില്ല. മറിച്ച്, അപരന്റെ ജീവിതത്തിലേക്ക് കടക്കുവാൻ ആന്തരികമായി ഹൃദയത്തിന്റെ കാതുകൾ നാം തുറന്നു വയ്ക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു. ആശയവിനിമയത്തിൽ ആധികാരികമായ ഒരു സംഭാഷണം സാധ്യമാകണമെങ്കിൽ, ഇപ്രകാരം അപരനെ ശ്രവിക്കുവാൻ ഓരോരുത്തർക്കും ഉള്ള ഉത്തരവാദിത്വത്തെ പാപ്പാ എടുത്തു കാണിക്കുന്നു. എന്നാൽ ആധുനികയുഗത്തിൽ, സമൂഹ മാധ്യമങ്ങളുടെ വരവോടെ അപരനെ ശ്രവിക്കുവാനോ, അവന്റെ ജീവിതത്തിലേക്ക് കടന്നുചെന്നുകൊണ്ട് സാഹോദര്യം ഊട്ടിയുറപ്പിക്കുവാനോ സാധിക്കാതെ പോകുന്നത് ഏറെ ദൗർഭാഗ്യകരമാണെന്നുള്ള വസ്തുത പാപ്പാ ഓർമ്മപ്പെടുത്തുന്നു.
പോഡ്‌കാസ്റ്റുകളുടെയും ഓഡിയോ ചാറ്റുകളുടെയും അതിപ്രസരം ഇന്ന് സംഭാഷണങ്ങളെ ഏകപക്ഷീയമായി തീർക്കുന്ന അവസ്ഥകളാണ് നിലവിൽ വന്നിരിക്കുന്നത്. എന്നാൽ ഇന്ന് മനുഷ്യൻ തന്റെ വേദനകൾ പങ്കുവയ്ക്കുന്നതിനു, അവയെ ശ്രവിക്കുവാൻ തയാറാകുന്നവരെ തിരയുകയാണ്. ശ്രവിക്കപ്പെടുവാനുള്ള അതിരറ്റ ആഗ്രഹം ഇന്ന് പലരുടെയും വലിയ ദുഖമാണ്. ക്രൈസ്തവരെന്ന നിലയിൽ മറ്റുള്ളവരെ ശ്രവിക്കുവാനുള്ള നമ്മുടെ കടമയെ പാപ്പാ പ്രത്യേകമായി അടിവരയിടുന്നു. ശ്രവണത്തിന് ഒരു ശബ്ദ സംവേദനത്തിന്റെ അർത്ഥം മാത്രമല്ല, അത് ദൈവവും മനുഷ്യരാശിയും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ വെളിപ്പെടുത്തലാണെന്ന് പാപ്പാ ആവർത്തിച്ചുവ്യക്തമാക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിലുടനീളം ഇസ്രായേൽ ജനതയെ ശ്രവിക്കുന്ന ഒരു സ്നേഹമസൃണമായ പിതൃസ്‌നേഹം നമുക്ക് കാണാം. 'ഇസ്രായേലേ കേൾക്കുക' എന്ന പഴയനിയമത്തിലെ ആഹ്വാനം ഇന്നും ദൈവം തുടർന്നുകൊണ്ടേയിരിക്കുന്നു. അതിനാൽ നമ്മുടെ വാക്കുകൾക്ക് കാതോർക്കുന്നവനാണ് ദൈവം. ഈ കേൾവി വിശ്വാസത്തിന്റെയും വിശ്വസ്തതയുടെയും അടയാളമാണ്.
“സംസാരിക്കുന്നതിലൂടെ മനുഷ്യനെ തന്റെ സ്വരൂപത്തിൽ സൃഷ്ടിക്കുകയും, കേൾക്കുന്നതിലൂടെ അവനെ തന്റെ സംഭാഷകനായി തിരിച്ചറിയുകയും ചെയ്തു”, എന്ന് പാപ്പാ പ്രത്യേകം അടിവരയിടുമ്പോൾ, ഈ ശ്രവണത്തിന്റെയും, സംസാരത്തിന്റെയും അടിസ്ഥാനം ഹൃദയത്തിൽ അവൻ സൂക്ഷിക്കുന്ന സ്നേഹം ഒന്ന് മാത്രമാണെന്നും പറയുന്നു. കാതുകളുമായി മനുഷ്യന്റെ ചാരത്തേക്ക് കടന്നു ചെല്ലുന്ന ദൈവത്തോട് എന്നാൽ മനുഷ്യൻ മറുതലിക്കുകയും ഓടിയൊളിക്കുകയും ചെയ്യുന്നുവെന്ന വസ്തുതയും പാപ്പാ എടുത്തുപറയുന്നു. കേൾക്കാനുള്ള വിസമ്മതം പലപ്പോഴും മറ്റുള്ളവരോടുള്ള ആക്രമണമായി പോലും മാറുന്നു. വിശുദ്ധ എസ്തപ്പാനോസിന്റെ ജീവിതം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ ഇത് എടുത്തു പറയുന്നത്. “തന്റെ വാക്കുകൾ ശ്രവിക്കുവാൻ തയ്യാറാകാത്ത ജനം അവനെതിരെ കല്ലുകൾ എടുക്കുകയും അവനെ ആക്രമിക്കുകയും ചെയ്യുന്നു.”
അതുകൊണ്ട് ഒരു വശത്ത്, സ്വതന്ത്രമായി ആശയവിനിമയം നടത്തി എപ്പോഴും സ്വയം വെളിപ്പെടുത്തുന്ന ദൈവമുണ്ടെന്നും അവനോട് സ്നേഹത്തോടെ പ്രതികരിക്കുവാൻ നാം ശ്രദ്ധിക്കണമെന്നും, ഇതാണ് ആശയവിനിമയത്തിന്റെ മഹനീയ സാക്ഷ്യമെന്നും പാപ്പാ എടുത്തു പറയുന്നു.
യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതും ഇപ്രകാരം മറ്റുള്ളവരെ കേൾക്കുവാനും, അവരുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലുവാനുമാണ്. അതിനാൽ ആശയവിനിമയ കല വെറുമൊരു സിദ്ധാന്തമോ, സാങ്കേതികതയോ അല്ല, മറിച്ച് "സാമീപ്യം സൃഷ്ടിക്കുന്ന ഹൃദയത്തിന്റെ ശേഷി"യാണെന്നു പരിശുദ്ധ പിതാവ് പഠിപ്പിക്കുന്നു. ചെവിയുള്ളവരെ പോലും ബാധിച്ചിരിക്കുന്ന ആന്തരിക ബധിരത ഇന്നത്തെ ലോകത്തിന്റെ ദൗർഭാഗ്യമെന്നാണ് പാപ്പാ വിശേഷിപ്പിച്ചത്. സൗകര്യപൂർവ്വം മറ്റുള്ളവരുടെ നേരെ ചെവിയടയ്ക്കുന്ന ഒരു സമൂഹം ഇന്ന് വളർന്നു വരുന്നു. സോളമൻ രാജാവ് എപ്പോഴും തന്റെ ജീവിതത്തിൽ നടത്തിയിരുന്ന പ്രാർത്ഥന, "കേൾക്കുന്ന അല്ലെങ്കിൽ ശ്രവിക്കുന്ന ഒരു ഹൃദയം തനിക്ക് നല്കണമേ' എന്നാണ്. ഈ പ്രാർത്ഥനയും, ശ്രവിക്കുന്ന ഹൃദയവുമാണ് സോളമൻ രാജാവിന്റെ ജീവിതത്തെ എന്നും ധന്യമാക്കിയത്.
എന്നാൽ ഇന്ന് നിലനിൽക്കുന്ന മറ്റൊരു കാര്യമാണ് ശ്രവണത്തിന്റെ ദുരുപയോഗം. മറ്റുള്ളവരുടെ ജീവിതത്തിൽ നടക്കുന്ന അസ്വാരസ്യങ്ങളിലേക്ക് മാത്രം കാതുകൾ നൽകിക്കൊണ്ട്, അനാവശ്യമായ വിവാദങ്ങൾ ഉണ്ടാക്കിവയ്ക്കുന്ന പ്രവണത ഇന്ന് ഏറി വരികയാണ്. സ്വന്തം താൽപ്പര്യങ്ങൾക്കായി മറ്റുള്ളവരെ ചൂഷണം ചെയ്യുന്നതിനും, രഹസ്യമായി ചോർത്തുന്നതിനും, ചാരപ്പണി ചെയ്യുന്നതിനും ശ്രവണത്തെ ദുരുപയോഗിക്കുന്നത് ഏറെ ദൗർഭാഗ്യകരമാണ്.സത്യത്തിനും നന്മയ്ക്കും പകരം, സമവായം സൃഷ്ടിക്കുന്ന ഒരു ലോകത്തിൽ ഏറെ ആവശ്യമായത്, നമ്മുടെ മുന്നിലുള്ള വ്യക്തിയെ മുഖാമുഖം ശ്രദ്ധിക്കുകയും, വിശ്വസ്തതയോടെയും സത്യസന്ധമായും തുറന്ന മനസ്സോടെയും അവനെ കേൾക്കുകയും ചെയ്യുക എന്നതാണ്.
നമ്മുടെ കാഴ്ചപ്പാട് അടിച്ചേൽപ്പിക്കാൻ വേണ്ടി, മറ്റേയാൾ സംസാരിച്ചു തീരുന്നതുവരെ നമ്മൾ കാത്തിരിക്കുക മാത്രമാണെങ്കിൽ അവിടെ ഒരു ശ്രവണമോ, സംഭാഷണമോ നടക്കുന്നില്ല. പരസ്പരം ശ്രവിക്കുന്നത്, കൈമാറുന്ന വിവരങ്ങളുടെ വിശ്വാസ്യതയും ഗൗരവവും ഉറപ്പാക്കുന്നുവെന്നാണ് പാപ്പാ പറയുന്നത്. സമൂഹജീവിതത്തിന്റെ കയ്‌പേറിയ പല നിമിഷങ്ങളിലും ഇപ്രകാരം ഒരാളുടെയങ്കിലും ശ്രദ്ധയും, ശ്രവണവും കരുതലും ആഗ്രഹിക്കുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ട്.അതിനാൽ ക്രൈസ്‌തർ എന്ന നിലയിൽ, അജപാലന പ്രവർത്തനങ്ങളിൽ, ഏറ്റവും പ്രധാനപ്പെട്ട പ്രവൃത്തി ശ്രവണത്തിന്റേതാണ്. കൂട്ടായ്മ എന്നത് തന്ത്രങ്ങളുടെയും പരിപാടികളുടെയും ഫലമല്ല, മറിച്ച് സഹോദരീസഹോദരന്മാർ തമ്മിലുള്ള പരസ്പര ശ്രവണത്തിലൂടെയാണ് കെട്ടിപ്പടുക്കപ്പെടുന്നതെന്ന ആത്മീയചിന്തയോടെയാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിക്കുന്നത്.
2025 ജൂബിലി വർഷത്തിൽ പ്രത്യാശയുടെ തീർത്ഥാടകരാകുവാൻ എല്ലാവരെയും ക്ഷണിക്കുമ്പോൾ, തീർത്ഥാടന വഴികളിൽ അപരന്റെ ജീവിത ദുഃഖങ്ങളും സന്തോഷങ്ങളും അറിയുവാൻ, അവയോട് പ്രതികരിക്കുവാൻ, അപ്രകാരം സ്നേഹത്തിൽ അധിഷ്ഠിതമായ ഒരു കൂട്ടായ്മയ്ക്ക് രൂപം നൽകുവാൻ, പാപ്പായുടെ ഈ സന്ദേശം നമുക്ക് മാർഗം തെളിക്കും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: