നൈജീരിയയിൽ ബന്ദിയായിരുന്ന വൈദികൻ മോചിതനായി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മത-വംശീയ സംഘർഷങ്ങളുടെ വേദിയായ, ആഫ്രിക്കൻ നാടായ നൈജീരിയയിൽ ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതി തട്ടിക്കൊണ്ടുപോകപ്പെട്ട കത്തോലിക്കാ വൈദികൻ ലിവിനസ് മൗറിസ് ഉൾപ്പടെ മൂന്നുപേർ മോചിതരായി.
പ്രേഷിതവാർത്താ ഏജൻസിയായ ഫീദെസ് ആണ് ഇതു വെളിപ്പെടുത്തിയത്. തെക്കെ നൈജീരിയയിലെ റിവേഴ്സ് സംസ്ഥാനത്തിലെ ഇസൊക്പൊയിലുള്ള വിശുദ്ധ പാട്രിക്കിൻറെ നാമത്തിലുള്ള ഇടവകയുടെ വികാരിയാണ് മോചിതനായ വൈദികൻ. പതിനാറാം തീയതി ഞായറാഴ്ചയാണ് ഈ മൂന്നു പേരെയും ബന്ദികർത്താക്കൾ വിട്ടയച്ചത്.
ഫെബ്രുവരി 12-ന് ഒരു ആശുപത്രിയിൽ നിന്നു മടങ്ങവേയാണ് വൈദികൻ മൗറിസിനെയും മറ്റു രണ്ടുപേരെയും ആയുധധാരികൾ തട്ടിക്കൊണ്ടു പോയത്. ഇവരുടെ മോചനത്തിനായി സുരക്ഷസേന പ്രവർത്തനം ശക്തമാക്കിയിരുന്നു. ബന്ദികൾ മോചിതരായെങ്കിലും ബന്ദികർത്താക്കളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇക്കഴിഞ്ഞ ആറാം തീയതി ത്സൂമ എന്ന സ്ഥലത്ത് തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികൻ കൊർണേലിയസ് മൻസാക്ക ദമുലക് ഇപ്പോഴും ബന്ദിയാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: