രക്ഷയും സൗഖ്യവുമേകുന്ന ആഴമേറിയ ക്രൈസ്തവവിശ്വാസം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
യേശു പ്രവർത്തിക്കുന്ന ഒരു അത്ഭുതകരമായ സൗഖ്യവും അതിലേക്ക് നയിക്കുന്ന ഒരു വിജാതീയന്റെ കരുത്തുറ്റ വിശ്വാസവുമാണ് ഇന്ന് സുവിശേഷം നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. വിശുദ്ധ മത്തായിയുടെ സുവിശേഷം എട്ടാം അദ്ധ്യായത്തിലും (8, 5-13) വിശുദ്ധ ലൂക്കായുടെ സുവിശേഷം ഏഴാം അദ്ധ്യായത്തിലും (7, 1-10) വിശുദ്ധ യോഹന്നാന്റെ സുവിശേഷം നാലാം അദ്ധ്യായത്തിലും (4, 46-54) ചില വ്യത്യാസങ്ങളോടെ നാം വായിക്കുന്ന ഈ മനോഹരമായ സംഭവം യേശുവിന്റെ നഗരമായ നസ്രത്തിൽനിന്നകലെ, വിജാതീയരുടെ ഇടമായ കഫർണാമിലാണ് നടക്കുന്നതെന്ന് മത്തായിയും ലൂക്കായും രേഖപ്പെടുത്തുമ്പോൾ, ഗലീലി നഗരത്തെക്കുറിച്ചാണ് യോഹന്നാൻ എഴുതുക. പിതാവായ ദൈവം ക്രിസ്തുവിലൂടെ മുന്നോട്ടുവയ്ക്കുന്ന രക്ഷയുടെ സാർവ്വത്രികസ്വഭാവത്തെക്കുറിച്ചാണ് ഈ അത്ഭുതത്തിലൂടെ സുവിശേഷങ്ങൾ നമ്മെ ഓർമ്മിപ്പിക്കുക.
കരുണയും സ്നേഹവുമുള്ള ശതാധിപൻ
നൂറ് പടയാളികളുടെമേൽ അധികാരമുള്ള, ശതാധിപൻ തന്റെ ഭൃത്യനുവേണ്ടി അപേക്ഷിക്കുന്നതിനെക്കുറിച്ച് വിശുദ്ധ മത്തായിയും ലൂക്കായും എഴുതുമ്പോൾ വിശുദ്ധ യോഹന്നാനാകട്ടെ, ഒരു രാജസേവകൻ ആസന്നമരണനായ തന്റെ മകനുവേണ്ടി യേശുവിന്റെ മുന്നിൽ നേരിട്ടുവന്ന് അപേക്ഷിക്കുന്നതിനെക്കുറിച്ചാണ് എഴുതുക. തനിക്ക് കീഴിലുള്ള പട്ടാളക്കാർ തന്റെ ആജ്ഞ അനുസരിക്കുന്നതുപോലെ, രോഗങ്ങളുടെയും തിന്മയുടെയും മേലുള്ള അധികാരം ഉപയോഗിച്ച്, രോഗിയായ ഒരു വ്യക്തിയെ, ഈശോയ്ക്ക് സുഖപ്പെടുത്താനാകുമെന്ന വിശ്വാസമാണ് യേശുവിന്റെ മുന്നിൽ ഇങ്ങനെയൊരു അപേക്ഷ വയ്ക്കാൻ ശതാധിപനെ പ്രേരിപ്പിക്കുന്നത്. എന്നാൽ അതിലൊക്കെയുപരി, വിജാതീയനായ ആ മനുഷ്യൻ തന്റെ ഭൃത്യനെ സ്നേഹിക്കുകയും അവന്റെ സൗഖ്യം ആഗ്രഹിക്കുകയും ചെയ്തിരുന്നു എന്നതും ഇവിടെ വ്യക്തമായി കാണാം. മറ്റൊരുവന്റെ സൗഖ്യത്തിനുവേണ്ടി, യഹൂദനായ യേശുവിന്റെ മുന്നിൽ അപേക്ഷിക്കാൻ തയ്യാറാകുന്ന ഈ വിജാതീയനിലെ മാനവികതയും നന്മയുമാണ് ഇവിടെ കാണാനാകുന്നത്.
ആഴമേറിയ വിശ്വാസം
ലത്തീൻ ആരാധനാക്രമപ്രകാരമുള്ള വിശുദ്ധബലിയുടെ അവസാനഭാഗത്ത്, പുരോഹിതൻ വിശുദ്ധ കുർബാന മുകളിലേക്കുയർത്തി, "ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടെന്ന്" പറയുമ്പോൾ, ജനം തിരികെ പറയുന്ന മനോഹരമായ വാക്കുകൾ ശതാധിപനിൽനിന്ന് ഈ സുവിശേഷഭാഗത്ത് കേൾക്കാൻ സാധിക്കും. "കർത്താവേ, നീ എന്റെ ഭവനത്തിൽ പ്രവേശിക്കാൻ ഞാൻ യോഗ്യനല്ല. നീ ഒരു വാക്ക് ഉച്ചരിച്ചാൽ മതി, എന്റെ ഭൃത്യൻ സുഖപ്പെടും". ഇസ്രായേൽ ജനതയെ തന്റെ സ്വന്തം ജനമായി തിരഞ്ഞെടുത്ത പിതാവായ ദൈവത്തെക്കുറിച്ച് ശതാധിപന് എന്തുമാത്രം അറിയാമായിരുന്നു എന്നത് നമുക്ക് വ്യക്തമല്ല. എന്നാൽ ഒരു കാര്യം ഈ സുവിശേഷഭാഗത്ത് വളരെ വ്യക്തമാണ്; "ഇതുപോലെയുള്ള വിശ്വാസം ഇസ്രായേലിൽ ഒരുവനിൽപ്പോലും ഞാൻ കണ്ടിട്ടില്ല" (മത്തായി 8, 10; ലൂക്ക 7, 9) എന്ന് പരസ്യമായി വിളിച്ചുപറയുവാൻമാത്രം യേശുവിനെപ്പോലും അത്ഭുതപ്പെടുത്തിയ ഒരു വിശ്വാസമാണ് ഈ ശതാധിപന് യേശുവിലുണ്ടായിരുന്നതെന്ന് സുവിശേഷങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
വിശ്വാസത്തിന്റെ ഫലം
പുതിയ ഇസ്രയേലിന്റെ ഭാഗമായിത്തീരാനുള്ള, ദൈവജനമായിത്തീരാനുള്ള അനുഗ്രഹമെണ് ക്രിസ്തുവിന്റെ വരവിലൂടെ മാനവരാശിക്ക് ലഭിക്കുന്നതെന്ന് വിശുദ്ധഗ്രന്ഥത്തിലൂടെ നാം മനസ്സിലാക്കുന്നുണ്ട്. യഹൂദമതത്തിന്റെ മതിൽക്കെട്ടുകൾക്കപ്പുറത്ത്, ലോകത്തിലെ എല്ലാ മനുഷ്യരിലേക്കും അത്ഭുതങ്ങളും അടയാളങ്ങളും സൗഖ്യവും നേടാനും, അതിലൊക്കെയുപരി, ദൈവമക്കളാകാനും, നിത്യരക്ഷയും നിത്യജീവനും അവകാശമാക്കാനുമുള്ള സാധ്യതയാണ് യേശുക്രിസ്തുവിലൂടെ പിതാവായ ദൈവം മുന്നോട്ടുവയ്ക്കുന്നത്.
നസ്രായനായ യേശുവിനെ രക്ഷകനും നാഥനുമായി ഏറ്റുപറയുന്ന ഏതൊരുവനോടും തിരുവചനം ഇന്നും പറയുന്നുണ്ട്: "നീ വിശ്വസിച്ചതുപോലെ നിനക്ക് ഭവിക്കട്ടെ" (മത്തായി 8, 13). മത്തായിയുടെ തന്നെ സുവിശേഷം പതിനഞ്ചാം അദ്ധ്യായത്തിൽ, കാനാൻകാരി സ്ത്രീ തന്റെ മകൾക്കുവേണ്ടി യേശുവിന്റെ സഹായം തേടുന്നിടത്തും, ഇതിന് സമാനമായ ഒരു വചനമാണ് യേശു പറയുക: "സ്ത്രീയെ, നിന്റെ വിശ്വാസം വലുതാണ്. നീ ആഗ്രഹിക്കുന്നതുപോലെ നിനക്ക് ഭവിക്കട്ടെ" (മത്തായി 15, 28). ശതാധിപന്റെ ഭൃത്യനെക്കുറിച്ചുള്ള വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ വിവരണത്തിൽ യേശു പറയുന്നു, "പൊയ്ക്കൊള്ളുക, നിന്റെ മകൻ ജീവിക്കും" (യോഹ. 4, 50). സൗഖ്യം നേടാൻ, ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കാൻ, അതിലൊക്കെയുപരി നിത്യരക്ഷ സ്വന്തമാക്കാൻ, നിത്യജീവൻ നേടാൻ നമുക്ക് ആവശ്യമായത്, ക്രിസ്തുവിലുള്ള കുറവില്ലാത്ത വിശ്വാസമാണെന്ന് ഈ തിരുവചനഭാഗം ഇന്ന് നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്.
ഏവർക്കും സ്വന്തമാക്കാവുന്ന രക്ഷ
യേശുവിന്റെ പരസ്യജീവിതകാലത്തെ അത്ഭുതങ്ങളും പ്രവർത്തികളും, പ്രത്യേകിച്ച് ശതാധിപന്റെ ഭൃത്യനെ സൗഖ്യപ്പെടുത്തുന്ന ഈ സംഭവം, ക്രിസ്തുവിലൂടെ സമാഗതമാകുന്ന രക്ഷയുടെ സാർവ്വത്രികസ്വഭാവമാണ് നമുക്ക് മുന്നിൽ വെളിവാക്കുന്നത്. ശതാധിപന്റെ വിശ്വാസത്തെക്കുറിച്ച് വിശുദ്ധ മത്തായിയും ലൂക്കായും നൽകുന്ന വിവരണങ്ങളും സന്ദേശങ്ങളും വ്യത്യസ്തമാണ്. യഹൂദരെ മുന്നിൽക്കണ്ട് സുവിശേഷമെഴുതുന്ന മത്തായി ഈ സംഭവം വിവരിക്കുന്നിടത്ത്, രക്ഷ യഹൂദർക്ക് മാത്രമായി മാറ്റിവച്ചിരിക്കുന്ന ഒന്നല്ലെന്ന് വ്യക്തമാക്കുന്നുണ്ട്. ഇസ്രായേൽക്കാർക്ക് മാത്രമല്ല, വിജാതീയർക്കും അവനിൽ രക്ഷ കണ്ടെത്താൻ സാധിക്കുന്നു.
വിജാതീയരെ മുന്നിൽക്കണ്ട് സുവിശേഷമെഴുതുന്ന ലൂക്കായാകട്ടെ, തന്റെ ഭൃത്യനുവേണ്ടി യഹൂദപ്രമാണിമാരുടെ ശുപാർശ തേടുന്ന ശതാധിപനെക്കുറിച്ചാണ് എഴുതുന്നത്. യേശു ശതാധിപന്റെ വീടിനടുത്തേക്ക് എത്തുന്നതിനെക്കുറിച്ച് രേഖപ്പെടുത്തുന്ന ലൂക്കാ, യേശുവിന്റെ രക്ഷാകരസാന്നിദ്ധ്യം അവനിൽ വിശ്വസിക്കുന്ന ശതാധിപന്, വിജാതീയനായ മനുഷ്യന് അനുഗ്രഹമായി മാറുന്നു എന്ന് വ്യക്തമാക്കുന്നു. അങ്ങനെ,ദൈവപുത്രനായ ക്രിസ്തുവിലുള്ള ആഴമേറിയ വിശ്വാസവും അതിനടുത്ത പ്രവർത്തിയുമുണ്ടെങ്കിൽ, യേശുവിനോട് ചേർന്ന് ജീവിക്കാൻ സാധിക്കുമെങ്കിൽ, ഏവർക്കും സൗഖ്യവും നിത്യരക്ഷയും സ്വന്തമാക്കാൻ സാധിക്കുമെന്ന ഒരു ഉദ്ബോധനമാണ് വിശുദ്ധ ലൂക്കാ നൽകുന്നത്.
പാരമ്പര്യത്തേക്കാൾ പ്രാധാന്യമുള്ള വിശ്വാസം
ശതാധിപന്റെ ഭൃത്യനെ സുഖപ്പെടുത്തുന്ന ഈ സംഭവത്തിന്റെ അവസാനഭാഗത്ത് വിശുദ്ധ ലൂക്കായും യോഹന്നാനുമൊക്കെ, സൗഖ്യത്തെക്കുറിച്ച് പറഞ്ഞു നിറുത്തുമ്പോൾ, വിശുദ്ധ മത്തായി മാത്രം രേഖപ്പെടുത്തുന്ന ക്രിസ്തുവിന്റെ പ്രധാനപ്പെട്ട ഒരു ഉദ്ബോധനമാണ് വിശ്വാസം ജീവിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ളത്. രക്ഷകനായ ദൈവത്തിൽ വിശ്വസിക്കുന്നില്ലെങ്കിൽ, രാജ്യത്തിന്റെ മക്കൾ, ഇസ്രായേൽജനം രക്ഷ സ്വന്തമാക്കില്ലെന്നുള്ള ഒരു സത്യമാണ് യേശു ഇവിടെ പഠിപ്പിക്കുന്നത്. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും നിരവധിയാളുകൾ വന്ന് അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടുംകൂടെ സ്വർഗ്ഗരാജ്യത്തിൽ വിരുന്നിനിരിക്കുമെന്ന യേശുവിന്റെ പ്രവചനവാക്കുകൾ, ഏശയ്യാപ്രവാചകന്റെ പുസ്തകം നാല്പത്തിയൊൻപതും (12) അൻപത്തിയൊൻപതും (19) അദ്ധ്യാങ്ങളിലെ ചില ചിന്തകളോട് ചേർന്നുപോകുന്നവയാണ്. എല്ലാ ദേശങ്ങളിലുമുള്ളവർക്കും, ദൈവമഹത്വത്തെ ഭയപ്പെടുകയും, അവനിൽ ശക്തമായി വിശ്വസിക്കുകയും ചെയ്യുന്ന സകലർക്കും രക്ഷയോടടുക്കാനുള്ള സമയവും അവസരവുമാണ്, പിതാവായ ദൈവം തന്റെ പുത്രനിലൂടെ, യേശുക്രിസ്തുവിലൂടെ ലോകത്തിന് മുന്നിൽ ഒരുക്കുന്നത്.
തിമോത്തിയോസിനെഴുതിയ ഒന്നാം ലേഖനം ആറാം അധ്യായത്തിന്റെ അവസാനഭാഗത്ത്, താത്കാലികമായ സമ്പത്തിൽ പ്രതീക്ഷവയ്ക്കാതെ, സുനിശ്ചിതമായ ഒരു ഭാവിക്കുവേണ്ടി, നന്മയിലും സത്‌പ്രവൃത്തികളിൽ മുഴുകി മുന്നോട്ട് പോകേണ്ടതിന്റെയും, സുരക്ഷിതവും സുനിശ്ചിതവുമായ ഭാവിക്കായി അടിത്തറ പണിയുന്നതിനുവേണ്ടി വിശ്വാസത്തോടെ ജീവിക്കേണ്ടതിന്റെയും, തിന്മയിൽനിന്ന് അകന്നുമാറേണ്ടതിന്റെയും പ്രാധാന്യം വിശുദ്ധ പൗലോസ് ഓർമ്മിപ്പിക്കുന്നുണ്ടല്ലോ (1 തിമോത്തി 6, 17-21). മത, പാരമ്പര്യങ്ങളെക്കാളുപരി, ശതാധിപന്റേതുപോലെ കരുത്തുറ്റ ദൈവവിശ്വാസം സ്വന്തമാക്കാൻ നമുക്കും പരിശ്രമിക്കാം. ഏവരുടെയും നന്മയ്ക്കും സൗഖ്യത്തിനും രക്ഷയ്ക്കുമായി പരിശ്രമിക്കാം. തിന്മയെയും വ്യർത്ഥമോഹങ്ങളെയും ഉപേക്ഷിക്കാനും, രക്ഷകനും നാഥനുമായ ക്രിസ്തുവിലുള്ള വിശ്വാസത്തോടെ നിത്യജീവൻ അവകാശമാക്കുവാനും പരിശ്രമിക്കാം. പരിശുദ്ധ അമ്മയും, സഭയിലെ അസംഖ്യം വിശുദ്ധരും ഈ വിശ്വാസജീവിതപാതയിൽ നമുക്ക് തുണയാകട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: