തിന്മയെയും പ്രലോഭനങ്ങളെയും അതിജീവിക്കാൻ ക്രിസ്തുവിൽനിന്ന് പഠിക്കുക
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഉപവാസത്തിലൂടെയും പ്രാർത്ഥനയിലൂടെയും പരീക്ഷണങ്ങളെ അതിജീവിക്കുന്ന, മരുഭൂമിയിൽ നാൽപ്പത് ദിവസങ്ങൾ കഴിയുന്ന, ആത്മാവിനാൽ നയിക്കപ്പെടുന്ന എന്നാൽ സാത്താനാൽ പരീക്ഷിക്കപ്പെടുന്ന ഈശോയെക്കുറിച്ച് വിശുദ്ധ മത്തായിയുടെ സുവിശേഷം നാലാം അദ്ധ്യായത്തിലും (4, 1-11), വിശുദ്ധ മർക്കോസിന്റെ സുവിശേഷം ഒന്നാം അദ്ധ്യായത്തിലും (1, 12-13), വിശുദ്ധ ലൂക്കായുടെ സുവിശേഷം നാലാം അദ്ധ്യായത്തിലും (4, 1-13) നാം വായിക്കുന്നുണ്ട്. ഇവയിൽ വിശുദ്ധ മത്തായിയുടെയും ലൂക്കായുടെയും സുവിശേഷങ്ങളിൽ ഏതാണ്ട് സമാനമായ വിവരണമാണ് നമുക്ക് കാണാൻ സാധിക്കുക.
മരുഭൂമിയിലെ വിജയത്തിന്റെ ഈ സംഭവത്തിന് പഴയനിയമവുമായി ഏറെ ബന്ധങ്ങളുണ്ട്. ബുദ്ധിമുട്ടുകളുടെയും സഹനങ്ങളുടെയും പ്രതികൂലസാഹചര്യങ്ങളുടെയും മരുഭൂമിയിടങ്ങളിലാണ് ഇസ്രായേൽ ജനം ദൈവികപദ്ധതികൾക്ക് അനുകൂലമായോ പ്രതികൂലമായോ തീരുമാനമെടുത്തതെന്ന് നാം വായിക്കുന്നുണ്ട്. മിശിഹാ ആയിരുന്നിട്ടും മരുഭൂമിയിലേക്ക് നയിക്കപ്പെടുന്ന, പ്രലോഭനങ്ങൾക്ക് വിധേയനാകേണ്ടിവരുന്ന ഈശോ, നാൽപ്പത് ദിനരാത്രങ്ങൾ ഉപവസിച്ചതായാണ് സുവിശേഷങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. പഴയനിയമത്തിൽ പലവുരു ആവർത്തിക്കപ്പെടുന്ന ഒരു സംഖ്യയാണ് നാൽപ്പത്. ജലപ്രളയവും (ഉത്പത്തി 7, 17) നിനവേയുടെ ശിക്ഷാവിധിയും (യോനാ 3, 4), മരുഭൂമിയിലെ പ്രവാസകാലവും (സംഖ്യ 13, 25), മോശ സീനായ് മലയിലായിരുന്ന ദിവസങ്ങളും (പുറപ്പാട് 24, 18) ഒക്കെ നാൽപ്പത് എന്ന സംഖ്യയിലേക്ക് നമ്മെ നയിക്കുന്നുണ്ട്.
ത്രിവിധ പ്രലോഭനങ്ങൾ
ജോർദ്ദാനിൽവച്ച് സ്നാപകയോഹന്നാനിൽനിന്ന് ജ്ഞാനസ്നാനം സ്വീകരിച്ചതിനും, ഇവൻ എന്റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നുവെന്ന സ്വരം സ്വർഗ്ഗത്തിൽനിന്ന് കേട്ടതിനും ശേഷമാണ് യേശു മരുഭൂമിയിലേക്ക് നയിക്കപ്പെടുന്നതും പ്രലോഭകനായ പിശാച് ഈശോയെ മൂന്ന് വട്ടം പരീക്ഷിക്കുന്നതും (മത്തായി 3, 17; മർക്കോസ് 1, 11; ലൂക്ക 3, 22). രക്ഷകനായ മിശിഹാ, ദൈവപുത്രൻ, പിതാവും പുത്രനുമായുള്ള ബന്ധം, യഥാർത്ഥ അധികാരം ആരുടേത് എന്നിങ്ങനെ പല തലങ്ങളിലാണ് ഈശോ പരീക്ഷിക്കപ്പെടുന്നത്. പിതാവ് യേശുവിലേൽപ്പിച്ച ദൗത്യത്തിൽനിന്ന് അവനെ പിന്മാറ്റാനാണ് സാത്താൻ പരിശ്രമിക്കുന്നത്.
നാൽപത് ദിനരാത്രങ്ങൾ നീണ്ട ഉപവാസത്തിന്റെ ഫലമായി വിശന്നിരിക്കുന്ന യേശുവിന് മുന്നിൽ, അക്കാലത്തെ മിശിഹാസങ്കൽപ്പവുമായി ചേർന്നുപോകുന്ന ചിന്തകളുമായാണ് ഒന്നാമത്തെ പ്രലോഭനത്തിൽ സാത്താൻ എത്തുന്നത്. നീ ദൈവപുത്രനാണെങ്കിൽ, നിനക്ക് അത്ഭുതങ്ങൾ പ്രവർത്തിക്കാനുള്ള ശക്തിയുപയോഗിച്ച് കല്ലുകളെ അപ്പമാക്കുക, നിന്റെ വിശപ്പ് മാറ്റുക. ദൈവപുത്രനെന്ന തന്റെ അസ്തിത്വത്തെപ്പോലും ചോദ്യം ചെയ്യുന്ന പിശാചിന്റെ പ്രലോഭനത്തെയും പരീക്ഷണത്തെയും, പഴയനിയമത്തിലെ നിയമാവർത്തനപ്പുസ്തകം എട്ടാം അദ്ധ്യായത്തിലെ ഒരു വചനം (നിയമ. 8, 3) ഉപയോഗിച്ചാണ് യേശു ചെറുത്തുതോൽപ്പിക്കുന്നത്. മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല, കർത്താവിന്റെ നാവിൽനിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണ് ജീവിക്കുന്നത് (മത്തായി 4, 4; ലൂക്ക 4, 4). പഴയനിയമജനത്തിന് മരുഭൂമിയിൽ വച്ച് മന്നാ നൽകിയ ദൈവം തന്നെ സംരക്ഷിക്കുമെന്ന ബോധ്യം അവനുണ്ട്. തന്റെ കഴിവുകൾ, തന്റെ ഇഷ്ടമനുസരിച്ച് തനിക്കുവേണ്ടി ഉപയോഗിക്കാനല്ല, പിതാവിന്റെ ഹിതം ജീവിക്കാനും അവനുവേണ്ടി പ്രവർത്തിക്കാനും ദൈവത്തിൽ ശരണപ്പെടാനുമാണ് അവൻ തീരുമാനിക്കുന്നത്. ഭൗതികവും ഭൗമികവുമായവയ്ക്കല്ല, ദൈവരാജ്യത്തിനും, സുവിശേഷപ്രഘോഷണത്തിനുമാണ് ക്രിസ്തു പ്രാധാന്യം നൽകുന്നത്.
വിശുദ്ധ മത്തായി രണ്ടാമതായും വിശുദ്ധ ലൂക്കാ മൂന്നാമതായും രേഖപ്പെടുത്തുന്ന ഒരു പ്രലോഭനമാണ് അടുത്തത്. തന്റെ പ്രലോഭനത്തെ ഭംഗിയുള്ളതാക്കി അവതരിപ്പിക്കാനായി ദൈവവചനത്തെപ്പോലും സാത്താൻ സ്വന്തം ഇഷ്ടമനുസരിച്ച് ഉപയോഗിക്കുന്നതാണ് ഇവിടെ നാം കാണുന്നത്. തൊണ്ണൂറ്റിയൊന്നാം സങ്കീർത്തനത്തിൽ കർത്താവിന്റെ സംരക്ഷണത്തെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്ന ചില വാക്യങ്ങളാണ് (സങ്കീ. 91, 11-12) പിശാച് ഉപയോഗിക്കുന്നത്. യേശുവിനെ ദേവാലയത്തിന്റെ മുകളിൽ കയറ്റിനിറുത്തിയിട്ട് സാത്താൻ പറയുന്നു, നീ ദൈവപുത്രനാണെങ്കിൽ താഴേക്ക് ചാടുക, ദൈവദൂതന്മാർ നിന്നെ കൈകളിൽ താങ്ങിക്കൊള്ളും (മത്തായി 4, 5-6; ലൂക്ക 4, 9-10). ഇവിടെ യേശുവിന്റെ അസ്‌തിത്വത്തെയും, പിതാവിലുള്ള അവന്റെ വിശ്വാസത്തെയുമാണ് സാത്താൻ ചോദ്യം ചെയ്യുക. നീ ദൈവപുത്രനാണെന്നും, ദൈവം നിന്നെ സംരക്ഷിക്കുമെന്നും നിനക്ക് ഉറപ്പുണ്ടെന്ന്, സകല ജനങ്ങൾക്കും മുന്നിൽ തെളിയിക്കുക. എന്നാൽ പഴയനിയമജനം മാസായിൽ വച്ച് കർത്താവിനെ പരീക്ഷിച്ചതിനെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ട്, നിയമാവർത്തനപുസ്തകം ആറാം അദ്ധ്യായത്തിൽ (നിയമ. 6, 16) എഴുതപ്പെട്ടിരിക്കുന്ന ഒരു വചനം ഉപയോഗിച്ചുകൊണ്ടാണ് യേശു സാത്താന്റെ ഈ പ്രലോഭനത്തെ തോൽപ്പിക്കുന്നത്; "നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത് എന്നുകൂടി എഴുതപ്പെട്ടിരിക്കുന്നു (മത്തായി 4, 7; ലൂക്ക 4, 12). പിതാവിന്റെ ഹിതം പ്രവർത്തിക്കാനായാണ് പുത്രൻ അയക്കപ്പെട്ടിരിക്കുന്നത്. ദൈവഹിതമനുസരിച്ച് ജീവിക്കുകയും പ്രവർത്തിക്കുകയും അവനിൽ വിധേയത്വത്തോടെ ശരണപ്പെടുകയും ചെയ്യുമ്പോഴാണ് ദൈവികപരിപാലനത്തിന് നാം അർഹരായിത്തീരുകയെന്ന് ഈ വചനഭാഗം നമ്മെ പഠിപ്പിക്കുന്നു.
വിശുദ്ധ മത്തായി മൂന്നാമതായും വിശുദ്ധ ലൂക്കാ രണ്ടാമതായും രേഖപ്പെടുത്തുന്ന അടുത്ത പ്രലോഭനം, അധികാരവും ശക്തിയും മഹത്വവുമൊക്കെ സ്വന്തമാക്കാനുള്ള സാധാരണ മനുഷ്യരുടെ ആഗ്രഹത്തെ അടിസ്ഥാനമാക്കി, യേശുവിന് എല്ലാ അധികാരവും കൊടുക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന സാത്താനെ ആരാധിക്കാനും, അതുവഴി പിതാവായ ദൈവത്തെ തള്ളിപ്പറയാനുമുള്ളതാണ്. വിശുദ്ധ യോഹന്നാന്റെ സുവിശേഷം പന്ത്രണ്ടാം അദ്ധ്യായത്തിൽ (യോഹ. 12, 31) നാം കാണുന്നതുപോലെ, ഈ ലോകത്തിന്റെ അധികാരിയെന്ന് കരുതിയിരുന്ന സാത്താൻ, വിശുദ്ധ മത്തായിയുടെ സുവിശേഷം ഇരുപത്തിയെട്ടാം അദ്ധ്യായത്തിൽ (മത്തായി 28, 18) നാം വായിക്കുന്നതുപോലെ, സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും നൽകപ്പെട്ട യേശുവിന് മുന്നിലാണ്, ഇതുപോലൊരു പ്രലോഭനവുമായി വരുന്നത്. നിയമാവർത്തനപ്പുസ്തകം ആറാം അദ്ധ്യായത്തിലെ ഒരു വാക്യം ഉപയോഗിച്ചാണ് (നിയമ. 6, 13) യേശു സാത്താന്റെ പ്രലോഭനത്തെ ചെറുക്കുകയും, അതുവഴി വലിയൊരു ഉദ്‌ബോധനം ആവർത്തിക്കുകയും ചെയ്യുന്നത്: "നിന്റെ ദൈവമായ കർത്താവിനെ ആരാധിക്കണം; അവിടുത്തെ മാത്രമേ പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു" (മത്തായി 4, 10; ലൂക്ക 4, 8).
മരുഭൂമിയിൽ അലഞ്ഞുതിരിഞ്ഞിരുന്ന ഇസ്രായേൽ ജനത്തിന്റെ പ്രലോഭനങ്ങളുടെയും, ദൈവം തന്റെ ജനത്തിന് നൽകിയ നിയമങ്ങളുടെയും ഓർമ്മയുണർത്തുന്ന ഒരു വചനഭാഗമാണ് നമുക്ക് മുന്നിലുള്ളത്. പലപ്പോഴും ദൈവത്തോട് മറുതലിക്കുകയും, ദൈവഹിതത്തിൽനിന്നകന്ന് സ്വാർത്ഥതാത്പര്യങ്ങളും വിശ്വാസരാഹിത്യവും ജീവിക്കുകയും ചെയ്‌ത പഴയനിയമജനതയിൽനിന്ന് വ്യത്യസ്തമായി, ഇവിടെ ക്രിസ്തു യഥാർത്ഥ പുത്രത്വം തന്റെ ജീവിതം കൊണ്ട് കാണിച്ചുതരുന്നു. പുതിയ ദൈവജനമെന്ന്, ദൈവപുത്രരെന്ന് വിശ്വസിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന നാമൊക്കെ എപ്രകാരമാണ് ജീവിക്കേണ്ടതെന്ന് ഈ വചനഭാഗം നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്.
യഥാർത്ഥ പുത്രത്ത്വത്തിന്റെ സ്വഭാവസവിശേഷത അനുസരണമാണെന്ന് ഈ തിരുവചനം നമ്മെ ഉദ്ബോധിപ്പിക്കുന്നു. ദൈവത്തിനെതിരെ മറുതലിക്കാൻ, അവന്റെ സംരക്ഷണത്തെക്കുറിച്ച് സംശയിക്കാൻ, നമ്മുടേതായ കഴിവുകൾ നമ്മുടെ സ്വാർത്ഥതാത്പര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കാൻ, ഈ ലോകത്തിന് മുന്നിൽ ആരൊക്കെയോ ആണെന്ന ഭാവം സ്വന്തമാക്കാൻ, എന്തൊക്കെയോ നേടാനായെന്ന് കരുതി സന്തോഷിക്കാൻ, അങ്ങനെ ഓരോ മനുഷ്യർക്ക് മുന്നിലും, പ്രത്യേകിച്ച് ക്രിസ്തുവിലൂടെ ദൈവപുത്രരായി മാറുന്ന ക്രൈസ്തവരുടെ മുന്നിൽ, പ്രലോഭനങ്ങളുമായി സാത്താൻ, പ്രലോഭകൻ കാത്തിരിപ്പുണ്ടെന്ന ബോധ്യത്തോടെ വേണം നാം ജീവിക്കേണ്ടതെന്ന് വചനം നമ്മെ പഠിപ്പിക്കുന്നു.
ക്രൈസ്തവരെന്ന നിലയിൽ, അനുതാപത്തിന്‍റെയും ഉപവാസത്തിന്റെയും നോമ്പിന്റെയും ദിനങ്ങളിലേക്ക് നാം പ്രവേശിക്കുമ്പോൾ, ഈശോയെപോലെ പ്രലോഭനങ്ങളെ ചെറുക്കാനും, അനുസരണത്തോടെയും ആദരവോടെയും ദൈവത്തെ അംഗീകരിക്കാനും, സ്വന്തം കഴിവുകളിലും ശക്തിയിലുമെന്നതിനേക്കാൾ ദൈവത്തിന്റെ പരിപാലനത്തിലും സംരക്ഷണത്തിലും ആശ്രയം വയ്ക്കാനും നമുക്ക് പരിശ്രമിക്കാം. എഫേസോസുകാർക്കുള്ള ലേഖനം നാലാം അധ്യായത്തിൽ (4, 14-17) വിശുദ്ധ പൗലോസ് ഉദ്ബോധിപ്പിക്കുന്നതുപോലെ, വ്യർത്ഥചിന്തകളും, ഹൃദയകാഠിന്യവും വെടിഞ്ഞ് അശുദ്ധികളിൽനിന്ന് വിമുക്തരായി, ക്രിസ്തു പഠിപ്പിക്കുന്ന സത്യത്തിന്റെ മാർഗ്ഗത്തിൽ, യഥാർത്ഥ വിശുദ്ധിയിലും, നീതിയിലും ജീവിക്കാം. പ്രലോഭനങ്ങളെ അതിജീവിക്കുന്ന ക്രിസ്തുവിനെ മാലാഖമാർ ശുശ്രൂഷിക്കുന്നതുപോലെ, തിന്മയിൽനിന്നും പ്രലോഭനങ്ങളിൽനിന്നും അകന്ന് നന്മയുടെ പാതയിൽ ചരിക്കാനും യഥാർത്ഥ ക്രൈസ്തവവിശ്വാസം ജീവിക്കാനുമുള്ള നമ്മുടെ പരിശ്രമങ്ങളിൽ, ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെയും, മാലാഖാമാരുടെയും മാദ്ധ്യസ്ഥ്യവും സഹായവും നമുക്കുമുണ്ടാകട്ടെ. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: