MAP

പത്രോസിന്റെ വള്ളത്തിൽനിന്ന് പഠിപ്പിക്കുന്ന യേശു പത്രോസിന്റെ വള്ളത്തിൽനിന്ന് പഠിപ്പിക്കുന്ന യേശു 

ക്രിസ്തുവിനായി മനുഷ്യരെ നേടാൻ വിളിക്കപ്പെട്ടവർ

ലത്തീൻ ആരാധനാക്രമപ്രകാരം ആണ്ടുവട്ടം അഞ്ചാം ഞായറാഴ്ചയിലെ തിരുവചനവായനകളെ ആധാരമാക്കിയ വചനവിചിന്തനം. സുവിശേഷഭാഗം ലൂക്കാ 5, 1-11
ശബ്ദരേഖ - ക്രിസ്തുവിനായി മനുഷ്യരെ നേടാൻ വിളിക്കപ്പെട്ടവർ

ഫാ. പീറ്റർ ടാജീഷ് O de M.

വലിയൊരു ജനക്കൂട്ടത്തിന്റെ തിരസ്കരണത്തിനു ശേഷം ക്രിസ്തു തന്റെ ആദ്യ ശിഷ്യരെ വിളിക്കുന്ന വചന ഭാഗമാണ് തിരുസഭ നമുക്ക് ധ്യാന വിഷയമായി നൽകുന്നത്.

സിനഗോഗിലെ വിശുദ്ധഗ്രന്ഥ പാരായണത്തിന് ശേഷം ജനക്കൂട്ടം അവനെ പൂർണമായി തിരസ്കരിച്ച് കഴിയുമ്പോൾ ലൂക്ക സുവിശേഷകൻ ആദ്യ ശിഷ്യരെ വിളിക്കുന്ന വചനഭാഗം ഉൾപ്പെടുത്തിക്കൊണ്ട് ദൈവരാജ്യത്തിന്റെ യാഥാർത്ഥ്യം കാണിച്ചു തരികയാണ്. ദൈവരാജ്യം എന്നത് ഒരു ജനക്കൂട്ടം ഒരുമിക്കുന്ന ഒരിടമല്ല മറിച്ച് ദൈവത്തെ മനസ്സിലാക്കി അവനെ അനുഗമിക്കുന്ന വിശ്വസ്തരായ മനുഷ്യരുടെ ചെറുസമൂഹമാണ്  എന്ന സന്ദേശം.

കഫർണ്ണാമിലെ ജനതയും  ഒപ്പം നസ്രത്തിലെ ജനതയും ക്രിസ്തുവിൽ ദൈവത്തെ കാണാൻ കഴിയാതെ പോകുമ്പോൾ അവനെ പിഞ്ചല്ലുന്ന ഒരു പറ്റം മനുഷ്യർ അവനെ ഗുരുവായും, കർത്താവായും അംഗീകരിച്ചു എന്നുള്ളതിന്റെ സാക്ഷ്യമാണ് ഇന്ന് നമ്മൾ കേൾക്കുന്ന വചനഭാഗം.

ദൈവം എങ്ങനെ മനുഷ്യനാവും? അല്ലെങ്കിൽ മനുഷ്യനായ ദൈവത്തിന് എന്ത് ചെയ്യാൻ കഴിയും എന്നുള്ള ചോദ്യത്തിന് ലൂക്കാ സുവിശേഷകൻ നൽകുന്ന ഉത്തരം ഇതാണ് ഒരു ചെറിയ ജനക്കൂട്ടം അവനൊപ്പം ഉണ്ടാകും അതാണ് ഭാവിയിൽ ദൈവരാജ്യമായി പരിണമിക്കുന്നതെന്ന്.

അവൻ ആദ്യം വിളിക്കുന്ന മനുഷ്യർ എന്ത് എളുപ്പത്തിലാണ് ദൈവരാജ്യത്തിന്റെ ജീവിതശൈലി സ്വീകരിക്കുന്നത്. സകലതും ഉപേക്ഷിച്ചുകൊണ്ട് ക്രിസ്തുവിന് പിന്നാലെ വിശ്വസ്തതയോടെ നടക്കാനുള്ള ഒരാളുടെ കഴിവ് തന്നെയാണ് ദൈവരാജ്യപ്രവേശനത്തിന്റെ ആദ്യപടി.

ഗനസ്രത്ത് തടാകത്തിലാണ് ഇന്നത്തെ സുവിശേഷം ഇതൾ വിരിയുന്നത്. പതിമൂന്ന് മൈൽ നീളവും ഏഴ് മൈൽ വീതിയുമുള്ള ശുദ്ധജല തടാകമാണ് ഗനസ്രത്ത് തടാകം.  ലൂക്കാ സുവിശേഷത്തിൽ മലകൾ ദൈവസാന്നിധ്യ ഇടങ്ങളും, തടാകം മനുഷ്യരുടെ ഇടവുമായിട്ടാണ് അവതരിപ്പിക്കുന്നത്. മലമുകളിലേക്ക് കയറിപ്പോകുന്ന ക്രിസ്തു പ്രാർത്ഥനയിലൂടെ ദൈവസാന്നിധ്യം തിരിച്ചറിയുകയും, തടാകത്തിലോ,  താഴ് വരാത്തിലോ നിൽക്കുന്ന ക്രിസ്തു ജനങ്ങൾക്ക് മധ്യേ നിന്നുകൊണ്ട് ആ ദൈവരാജ്യനുഭവം അവരെ പഠിപ്പിക്കുന്നു എന്നുള്ള സാക്ഷ്യം കൂടി ലൂക്കാ സുവിശേഷകൻ നൽകുകയാണ്.

 ക്രിസ്തുവിനെ അനുഗമിക്കാൻ ഒരുങ്ങുമ്പോൾ,  ആരാണോ അനുഗമിക്കുന്നത് അയാൾക്ക് തന്റെ ഭൂതകാലത്തെ മറക്കാനും ചിലയിടങ്ങളിലെ തന്റെ സ്വപ്നത്തെ മറക്കാനും ബലം നൽകുന്ന രീതിയിൽ ഒരു അനുഭവം ഉണ്ടാവണം ആ ഒരു അനുഭവത്തിലേക്ക് തമ്പുരാൻ അവരെ ഒരുക്കുന്നത്.

ഒരു രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഒന്നും ലഭിക്കാതെ പോകുന്ന ഒരു നിരാശയിൽ തമ്പുരാൻ അവർക്കൊരു നിർദ്ദേശം നൽകുന്നുണ്ട് വല മാറ്റി എറിയുക എന്നുള്ളത്. ഒരു രാത്രിയുടെ അധ്വാനം പാഴായിപ്പോയതിന്റെ ഇച്ഛാഭംഗത്തിലും നിരാശയിലുമാണ് ആ മനുഷ്യർ. എല്ലാ ശ്രമങ്ങളും പാഴായി പോകുമ്പോൾ, ചെയ്തതിനൊക്കെയും ഫലം ലഭിക്കാതെ പോകുമ്പോൾ, മനുഷ്യൻ നിരാശപ്പെട്ട് പോയേക്കാം. പക്ഷേ അറിയണം ചില മോശം അനുഭവങ്ങളും നിരാശപ്പെടുത്തുന്ന ജീവിത രംഗങ്ങളും അതിലും മനോഹരമായ ഒരു വലിയ അനുഭവത്തിലേക്ക് നമ്മളെ നയിക്കാൻ ഉതകുന്നതാണെന്ന്. പലതും സ്വപ്നം കണ്ട ശിമയോനും കൂട്ടരും ആ രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഒന്നും ലഭിക്കാതെ പോകുമ്പോൾ സാവധാനം അവരിലേക്ക് വരുന്ന നിരാശ തന്നെയാണ് അതിലും വലിയൊരു അത്ഭുതത്തിലേക്ക് അവരെ കൊണ്ട് ചെന്നെത്തിക്കുന്നതും.

എല്ലാ തിക്തനുഭവങ്ങളും, സഹനങ്ങളും നമ്മുടെ നാശത്തിനുള്ളതല്ല മറിച്ച് ചിലതൊക്കെ നമ്മളെ രൂപപ്പെടുത്തിയും,  പാകപ്പെടുത്തിയും കൊണ്ടിരിക്കുകയാണെന്ന ഓർമ്മയുണ്ടെങ്കിൽ പല കുരിശികളെയും നമുക്ക് വഹിക്കാൻ  സാധിക്കും.

ഒരു വലിയ വിലാപമാണ് ഈ മനുഷ്യർ കൂട്ടരും ഉള്ളിൽ അടക്കി വച്ചിരിക്കുന്നത്.  ഓരോ പ്രാവശ്യം വല ഇറക്കുമ്പോഴും എന്തെങ്കിലും ലഭിച്ചേക്കാം എന്നുള്ള ആഗ്രഹം, എന്നാൽ ഓരോ പ്രാവശ്യം വല വലിച്ചു കയറ്റുമ്പോഴും അവരുടെ ശ്രമങ്ങൾ പോകുന്ന ഇടങ്ങൾ, അങ്ങനെ ആഴമേറിയ ഒരു വ്യസനത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് ആ വള്ളത്തിൽ തമ്പുരാൻ വിരുന്നുകാരനായി വരുന്നത്.

ഒരു ഉപമ പോലെ ജീവിതത്തിൽ ധ്യാനിക്കേണ്ട ഒരു വിഷയമാണിത്.  എല്ലാ തിക്ത അനുഭവങ്ങൾക്ക് പിന്നിലും മറഞ്ഞിരിക്കുന്ന തമ്പുരാനെ കാണുവാൻസാധിക്കണം, അതുമല്ലെങ്കിൽ നമ്മളിലേക്ക് വരുന്ന തമ്പുരാനെ സ്വീകരിക്കുവാനുള്ള മനസ്സ് രൂപപ്പെടുത്തുന്നുണ്ടെങ്കിൽ ഒരു വലിയ അത്ഭുതങ്ങളിലേക്ക് നമുക്കും പ്രവേശിക്കാൻ സാധിക്കും.

ആഴത്തിലേക്ക് വലയിറക്കാനുള്ള ധൈര്യത്തിന് വേണ്ടിയാണ് നമ്മൾ പ്രാർത്ഥിക്കേണ്ടത് കാരണം ആഴമാണ് ജീവിതത്തെ അതിന്റെ വ്യക്തമായ അനുഭവങ്ങളിലേക്കും ലക്ഷ്യങ്ങളിലേക്കും നയിച്ചു കൊണ്ടുപോകുന്നത്. ആഴമില്ലാത്ത മനുഷ്യരൊക്കെയും ഉൾപ്പരപ്പിലോ,  തീരത്തോ ജീവിക്കാൻ വിധിക്കപ്പെട്ടവരാണ്. ഒരു വിധിയെക്കാൾ പലയിടങ്ങളിലും ആഴമില്ലാതെ പോകുന്നത് നമ്മുടെ ഓരോരുത്തരുടെയും തെരഞ്ഞെടുപ്പ് തന്നെയാണെന്നും ഓർക്കുക.

നമ്മളോടും തമ്പുരാൻ പറയുന്നത് ഒരു ഒറ്റ കാര്യമാണ്,  ആഴത്തിലേക്ക് വല ഇറക്കാൻ പഠിക്കുക.  ജീവിതത്തിൽ പ്രാർത്ഥനയുടെ ആഴം കണ്ടെത്തുക,  സ്നേഹത്തിന്റെ ആഴം കണ്ടെത്തുക, കരുണയുടെയും കരുതലിന്റെയും ആഴം കണ്ടെത്തുക ഒപ്പം ധ്യാനത്തിന്റെ ആഴം ജീവിതത്തിൽ ഉണ്ടാവുക.  ഈ ആഴമുള്ള അവസ്ഥകളൊക്കെയും അവനെ സ്വീകരിക്കാനും അവന്റെ അത്ഭുതം കാണുവാനും, അവയെല്ലാം ജീവിതത്തിൽ തിരിച്ചറിയാനും നമ്മളെ പ്രാപ്തരാക്കും.

ഈയൊരു ദൈവാനുഭവം ശിമയോനെ ദൈവപരിപാലനയിലേക്കാണ് നയിക്കുന്നത്.  ജീവിതത്തിന്റെ കുറവുകളൊക്കെയും തീർക്കപ്പെടുന്നതും,  ജീവിതം നിറവിലേക്ക് പ്രവേശിക്കുന്നതും അവന്റെ സാന്നിധ്യത്തിൽ ആണെന്നുള്ള തിരിച്ചറിവിൽ ശിമയോൻ ദൈവവിളി സ്വീകരിക്കുകയാണ്. ഓരോ വിളിയുടെയും അന്തസത്ത ഈ ദൈവ പരിപാലന തന്നെയാണ് . കാരണം ദൈവം ഒരാളെ വിളിക്കുമ്പോൾ ലോകത്തിനു മനുഷ്യർക്ക് മുമ്പിൽ അത് അനിശ്ചിതത്വത്തിന്റെയും സുരക്ഷിത ഇല്ലായ്മയുടെയും ഒരു വഴിയായി തോന്നിപ്പിക്കുമ്പോഴും വിളിക്കപ്പെട്ടവന് ഉറപ്പുണ്ടാവണം വിളിച്ചവൻ വഴി നടത്തും എന്ന ബോധ്യം. ആ ഒരു ഭംഗിയുള്ള അനുഭവത്തിലേക്കാണ് ശിമയോനും കൂട്ടരും പ്രവേശിക്കുന്നതും,  ആ അനുഭവം അവരുടെ വിളിയുടെ സ്രോതസ്സായി മാറുന്നതും.

അങ്ങനെയൊരു അനുഭവത്തിലേക്ക് ഇറങ്ങിയ മനുഷ്യർക്ക് മുമ്പിൽ ദൈവം ഒരു കടമ കൂടി നൽകുന്നുണ്ട്.  ഇനിമുതൽ നിങ്ങൾ മനുഷ്യരെ പിടിക്കുന്നവരാകുമെന്ന്.  അതിനർത്ഥം "ശിമയോനെ നീ ഇനി മനുഷ്യർക്ക് സമക്ഷം, അവർക്ക് മുമ്പിൽ, അവർക്കു മധ്യേ,  സുവിശേഷം ജീവിതമാക്കി മാറ്റുക എന്നുള്ളതാണ്. ശിമയോനും കൂട്ടരും ഇനി മത്സ്യങ്ങൾക്ക് പിന്നാലെ പോകുന്നവരല്ല,  മനുഷ്യനെ അറിയാൻ ശ്രമിക്കുന്നവരാണ്. ഓരോ മനുഷ്യ സങ്കടങ്ങളും വിഷമതകളും കേൾക്കാൻ ബാധ്യസ്ഥരായ,  അതിനുത്തരം കൊടുക്കാൻ കടമയുള്ള,  അവർക്ക് വേണ്ടി കരങ്ങളുയർത്തി പ്രാർത്ഥിക്കാൻ സന്നദ്ധതയുള്ള മനുഷ്യരായിട്ട് മാറുക എന്നുള്ളതാണ് മനുഷ്യരെ പിടിക്കുന്നവർ ആകുക എന്ന നിർദ്ദേശത്തിലൂടെ തമ്പുരാൻ ശിമയോനും കൂട്ടർക്കും നൽകുന്നത്.

ഓരോ ദൈവവിളിയുടെയും അടിസ്ഥാനം മനുഷ്യസ്നേഹം തന്നെയാണ്.  മനുഷ്യനെ കാണാൻ പഠിക്കുക, സ്നേഹിക്കാൻ പഠിക്കുക, കരുണയും കൃപയും നൽകാൻ സാധിക്കുക എന്നുള്ളത്. അങ്ങനെയൊരു അർത്ഥതലത്തിൽ മാത്രമേ ദൈവവിളിക്ക് അതിന്റെ പൂർണ്ണ അർത്ഥം സംജാതമാവുകയും ചെയ്യുന്നുള്ളൂ.

വചനം നമുക്ക് ബലമായി മാറട്ടെ ജീവിതവഴികളിൽ,  നിരാശപ്പെടുത്തുന്ന അനുഭവങ്ങളിലും,  പ്രത്യാശയോടെ ദൈവത്തിന്റെ ഇടപെടലിന് കാത്തിരിക്കാനും, ആ ദൈവ ഇടപെടലിനു ശേഷം കൂടുതൽ മനുഷ്യസ്നേഹമുള്ളവരായി മാറുവാൻ തമ്പുരാൻ സഹായിക്കട്ടെ.  അവിടെ എല്ലായിടങ്ങളിലും നമ്മുടെ ദൈവവിളി കൂടുതൽ അർത്ഥ സമ്പുഷ്ടമായി മാറും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 ഫെബ്രുവരി 2025, 16:32