ബുർക്കിന ഫസോ: രണ്ട് അജപാലനപ്രവർത്തകർ കൊല്ലപ്പെട്ടു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ബുർക്കിന ഫാസോയിലെ ദേദുഗു (Dédougou) രൂപതയിലുള്ള രണ്ട് അജപാലനപ്രവർത്തകർ കൊല്ലപ്പെട്ടുവെന്ന് ഫീദെസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മത്തിയാസ് സോങ്കോ, ക്രിസ്റ്റ്യൻ തിയെങ്ക എന്നിവരാണ്, മതപരിശീലനക്ലാസിൽ പങ്കെടുത്ത് ബൈക്കിൽ മടങ്ങവേ കൊല്ലപ്പെട്ടത്.
ഉവാകാര (Ouakara) ഇടവകയിലെ അജപാലനപ്രവർത്തനമേഖലയിൽ സേവനമനുഷ്ഠിക്കുന്ന മറ്റ് രണ്ട് അജപാലനപ്രവർത്തകർക്കൊപ്പം രണ്ടു ബൈക്കുകളിൽ യാത്ര ചെയ്യവേ, ബോണ്ടോകൂയ് (Bondokuy) പ്രദേശത്ത് വച്ച് ഒരു സായുധ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. രണ്ടാമത്തെ ബൈക്കിലുണ്ടായിരുന്നവർ കാട്ടിലൊളിച്ചതുമൂലം രക്ഷപെട്ടുവെന്ന് രൂപതാവൃത്തങ്ങൾ അറിയിച്ചു.
അപകടസ്ഥലത്തെത്തിയ ഇടവകവികാരിക്ക് ഇരുവരുടെയും മൃതദേഹങ്ങളാണ് കാണാനായത്. പോലീസ് സേന സ്ഥലത്തെത്തിയിരുന്നു. ജനുവരി 25 ശനിയാഴ്ചയാണ് ഈ കൊലപാതകങ്ങൾ അരങ്ങേറിയത്. കഴിഞ്ഞ ആഴ്ച്ചാവസാനം ഇരുവരുടെയും മൃതസംസ്കാരങ്ങൾ നടന്നതായും, ഇവരിൽ ഒരാൾ മൂന്ന് കുട്ടികളുടെയും, മറ്റെയാൾ ഏഴ് കുട്ടികളുടെയും പിതാക്കളായിരുന്നുവെന്നും ഫീദെസ് വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും ആഴ്ചകളിൽ മാത്രം ഇതേ സ്ഥലത്ത് നടന്ന നാലാമത്തെ മരണകരമായ ആക്രമണമാണിതെന്ന് പോലീസ് അറിയിച്ചു. ഏറെ നാളുകളായി ബുർക്കിന ഫാസോയിൽ വർദ്ധിച്ച ആക്രമണങ്ങളുണ്ടാകുന്നുണ്ടെന്നും, പ്രാദേശികനിയന്ത്രണം നേടാനായി പോരടിക്കുന്ന ഈ സായുധസംഘങ്ങളുടെ സാന്നിദ്ധ്യം മൂലം (Fides 17/2/2023, Fides 3/9/2024) ഏതാണ്ട് ഇരുപത് ലക്ഷത്തോളം ആളുകൾ പലായനം ചെയ്യാൻ നിർബന്ധിതരായിട്ടുണ്ടെന്നും (Fides 17/2/2025) ഫീദെസ് അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: