റോം രൂപതാ വികാരി കർദ്ദിനാൾ റെയ്‌ന റോമിലെ മോസ്കിൽ ഔപചാരികസന്ദർശനം നടത്തി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
റോം രൂപതയിൽ പാപ്പായുടെ വികാരിയായി ശുശ്രൂഷ ചെയ്യുന്ന കർദ്ദിനാൾ ബാൾദോ റെയ്‌ന, ജനുവരി പത്താം തീയതി വെള്ളിയാഴ്ച രാവിലെ റോമിലെ മോസ്കിൽ ഔപചാരികസന്ദർശനം നടത്തിയാതായി റോം വികാരിയേറ്റ് അറിയിച്ചു. റോമിലെ വലിയ മോസ്കിന്റെ ഇമാമും, മതപരമായ കാര്യങ്ങൾക്കായുള്ള ഉപദേശകനുമായ നാദിർ അക്കാദ്, ഇറ്റലിയിലെ ഇസ്ലാമികസംസ്കാരികകേന്ദ്രത്തിന്റെ സെക്രെട്ടറി അബ്ദെല്ല റെദുവാനൊപ്പം കർദ്ദിനാളിനെ സ്വീകരിക്കാനെത്തിയിരുന്നു.
മോസ്കിൽ പ്രാർത്ഥനയ്‌ക്കെത്തിയ ആളുകൾക്ക് മുന്നിൽ ഇമാം റെഫെയ് ഇസ്സ കർദ്ദിനാളിന് സ്വാഗതമരുളി. ഇസ്ലാം മതവിശ്വാസികളെയും കത്തോലിക്കാരെയും ബന്ധിപ്പിക്കുന്ന സഹോദര്യത്തെക്കുറിച്ച് പരാമർശിച്ച ഇമാം ഇസ്സ, സമാധാനത്തിന്റെ അടയാളം കൂടിയായ ഈ സന്ദർശനത്തിന് നന്ദി പറഞ്ഞു.
ഔപചാരികസന്ദർശനത്തിന്റെ ഭാഗമായി, വിവിധ രാജ്യങ്ങളിൽനിന്നുള്ള മുപ്പതോളം ഇസ്ലാം മതവിശ്വാസികളുമായി നടന്ന ചെറിയ സംഗമത്തിൽ, മതവിശ്വാസത്തിന്റെ പ്രാധാന്യം, ജോലിമേഖലയിലുള്ള ബുദ്ധിമുട്ടുകൾ, പുതുതലമുറകളുടെ പ്രതീക്ഷകൾ, ഏവർക്കും ജീവിക്കാൻ സാധിക്കുന്ന ഒരു നഗരമായി റോമിനെ മാറ്റുന്നനായി ചെയ്യാൻ സാധിക്കുന്ന സംഭാവനകൾ തുടങ്ങിയ വിവിധ വിഷയങ്ങൾ ചർച്ചചെയ്യപ്പെട്ടു.
തന്റെ പ്രഭാഷണത്തിൽ ജൂബിലി വർഷത്തെ പരാമർശിച്ച് സംസാരിച്ച കർദ്ദിനാൾ റെയ്‌ന, കത്തോലിക്കരെ സംബന്ധിച്ചിടത്തോളം പ്രത്യാശയുടെ ഈ വർഷം, മറ്റുള്ളവരുമായി സാമീപ്യത്തിൽ ജീവിക്കാനും ബന്ധപ്പെടാനുമുള്ള ഒരു വർഷമാണെന്നത് പ്രത്യേകം എടുത്തുപറഞ്ഞു.
ഫ്രത്തെല്ലി തൂത്തി, മാനവികസഹോദര്യത്തെക്കുറിച്ചുള്ള രേഖകൾ തുടങ്ങിയവ, കർദ്ദിനാളിന്റെയും, റെദുവാന്റെയും ഇമാമുകളുടെയും പ്രഭാഷണങ്ങളിൽ ഇടം പിടിച്ചു. പരസ്പരബഹുമാനവും അറിവും സൗഹൃദവും വളർത്തിയും പരസ്പരസഹകരണത്തോടെയും മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യവും ചർച്ചകളിൽ പങ്കുവയ്ക്കപ്പെട്ടു. സമാധാനത്തിനായി ഫ്രാൻസിസ് പാപ്പാ നടത്തുന്ന പ്രവർത്തനങ്ങൾ പ്രത്യേകം പരാമർശിക്കപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: