MAP

 ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ   (ANSA)

വ്യാജവാർത്തകൾ കൂട്ടായ്മയെ നശിപ്പിക്കുന്നു

അൻപത്തിരണ്ടാമത് ആഗോള സമൂഹമാധ്യമദിനത്തിൽ ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശത്തിന്റെ സംക്ഷിപ്തവിവരണം
സഭാദർശനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ആശയവിനിമയം മനുഷ്യജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ്. എറ്റവും പ്രാചീനമായ കാലം മുതൽ തന്നെ ആശയവിനിമയം സമൂഹത്തിന്റെ ആധാരമായി നിലകൊള്ളുന്നുവെന്നതിനു നിരവധി തെളിവുകൾ നമുക്കുണ്ട്. സഭയുടെ ചരിത്രത്തിലും ഇപ്രകാരം   ആശയവിനിമയത്തിന് വളരെയധികം പ്രാധാന്യം കല്പിച്ചിരുന്നുവെന്നതിനു തെളിവാണ് വിവിധ കാലഘട്ടങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള  പാപ്പാമാരുടെ ലേഖനങ്ങൾ. കാരണം ദൈവിക സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ആശയവിനിമയ ശൃംഖലയ്ക്ക്  ഒരു പ്രധാന പങ്കുണ്ട്. അതിനാൽ സഭാ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ആശയവിനിമയം അനിവാര്യമാകുന്നു.

ആശയവിനിമയം ആധ്യാത്മികതയെ വളർത്തുന്നു

ആശയവിനിമയത്തിന്റെ പ്രാധാന്യത്തെപ്പറ്റി ചിന്തിക്കുമ്പോൾ, ആദ്യമായി ആശയവിനിമയ മാർഗ്ഗങ്ങൾ ആധ്യാത്മിക വളർച്ചയെ ത്വരിതപ്പെടുത്തുവാൻ ഏറെ സഹായിക്കുന്നു. ആദ്ധ്യാത്മികമായ ഇത്തരം സന്ദേശങ്ങൾ സമൂഹത്തിലെ വിവിധ ആളുകളിലേക്ക് പ്രത്യേകിച്ചും വിശ്വാസികളിലേക്ക് എത്തുമ്പോൾ, അവർ തമ്മിലുള്ള ഏകീകരണത്തിനു വഴിതെളിക്കുന്നു. ഒപ്പം, സമൂഹത്തിലെ വിവിധ തലങ്ങളിൽ ബന്ധങ്ങൾ മെച്ചപ്പെടുത്താനും  സഹായിക്കുന്നു.

ആധുനിക ലോകത്ത് ആശയവിനിമയത്തിൽ ചില വെല്ലുവിളികൾ ഉണ്ട്. വ്യത്യസ്ത ഭാഷകളും സംസ്കാരങ്ങളും ഉള്ള വിശ്വാസിസമൂഹത്തെ ഒരു കുടക്കീഴിൽ  ഒരുമിപ്പിക്കുന്നതിനും, തെറ്റായ വിവരങ്ങൾ പകരാതിരിക്കുന്നതിനുമുള്ള കാര്യങ്ങൾ പ്രധാന വെല്ലുവിളികളാണ്. എന്നാൽ, സഭയുടെ ശുശ്രൂഷാ പ്രവർത്തനങ്ങൾ സ്നേഹത്തിന്റെ ആശയവിനിമയരീതിയാൽ ഇവയെയെല്ലാം മറികടക്കുന്നുവെന്നതിന്റെ പ്രകടമായ തെളിവാണ് രണ്ടായിരം വർഷത്തെ ഈ സഭയുടെ ചരിത്രം. അതിനാൽ സഭയിലെ ആശയവിനിമയം വിശ്വാസിയായ ഒരു വ്യക്തിയുടെ ആത്മീയ ജീവിതത്തെ വളർത്തുന്നതിനുള്ള അടിത്തറയാണ്.  സാങ്കേതിക വിദ്യയുടെ സഹായത്തോടെ സഭയും പുതിയ തലങ്ങളിലേക്ക് ഈ ആശയവിനിമയമേഖലയെ  ഉയർത്തുന്നു.

എന്നാൽ ആധുനികസാങ്കേതികവിദ്യകളുടെ സഹായത്തോടെ ആശയവിനിമയ രംഗം ത്വരിതപ്പെടുത്തിയപ്പോൾ, തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കപ്പെടുന്ന ഒരു പ്രവണതയും കൂടിവരുന്നുവെന്നത് യാഥാർഥ്യമാണ്. ഈ ഒരു സാഹചര്യത്തിലാണ്, 2018 ലെ ആഗോള സമൂഹ മാധ്യമ ദിനത്തിൽ ഫ്രാൻസിസ് പാപ്പാ, ഈ  പ്രധാനപ്പെട്ട  ആശയത്തെ മുൻനിർത്തിക്കൊണ്ട് സന്ദേശം നൽകിയത്. യോഹന്നാന്റെ സുവിശേഷം എട്ടാം അധ്യായം മുപ്പത്തിരണ്ടാം തിരുവചനാം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശത്തിന്റെ ശീർഷകം തിരഞ്ഞെടുത്തിരിക്കുന്നത്; "സത്യം നിങ്ങളെ സ്വതന്ത്രരാക്കും, വ്യാജ വാർത്തകളും സമാധാന പത്രപ്രവർത്തനവും".

മാധ്യമങ്ങൾ ദൈവീക പദ്ധതിയാണ്

മനുഷ്യസൃഷ്ടിയുടെ മഹത്വം ഓർമ്മിപ്പിച്ചുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിക്കുന്നത്. സ്രഷ്ടാവിന്റെ പ്രതിച്ഛായയും സാദൃശ്യവുമായ മനുഷ്യൻ, സത്യവും, നന്മയും, മനോഹരവും പ്രകടിപ്പിക്കാനും പങ്കിടാനും പ്രാപ്തനാണെന്ന് പാപ്പാ അടിവരയിട്ടു പറയുന്നു. അതിനാൽ ആശയവിനിമയവും, തത്ഫലമായി യാഥാർഥ്യമാകുന്ന കൂട്ടായ്മയും ദൈവീകപദ്ധതിയാണെന്നും പാപ്പാ സന്ദേശത്തിൽ ഓർമ്മപ്പെടുത്തുന്നു. ഈ കൂട്ടായ്മയിൽ സ്വന്തം അനുഭവങ്ങൾ പരസ്പരം പങ്കുവയ്ക്കുവാൻ വിളിക്കപ്പെട്ട മനുഷ്യൻ, എന്നാൽ സ്വന്തം അഹങ്കാരത്തിൽ മതിമറന്നപ്പോൾ, ആശയവിനിമയത്തിന്റെ വികലമായ ഉപയോഗം ലോകത്ത് വർധിച്ചുവെന്നു കായേന്റെയും, ആബേലിന്റെയും ജീവിതം എടുത്തു പറഞ്ഞുകൊണ്ട് പാപ്പാ ഓർമ്മിപ്പിക്കുന്നു. ഇതിനെ 'സത്യത്തിന്റെ വ്യതിയാനം' എന്നാണ് പാപ്പാ വിശേഷിപ്പിക്കുന്നത്.

എന്നാൽ വികലമായ ഇത്തരം വാർത്താസൃഷ്ടികളും ആശയവിനിമയ വൈകല്യങ്ങളുമെല്ലാം മനുഷ്യരാശിയെ കൂട്ടായ്മയുടെ നേരെയുള്ള വെല്ലുവിളികൾ ഉയർത്തുന്നുവെന്നു പാപ്പാ പ്രത്യേകം അടിവരയിടുന്നു. എന്നാൽ ഇതിനു പകരമായി, ദൈവത്തിന്റെ യുക്തിയോടുള്ള വിശ്വസ്തതയിൽ, സത്യാന്വേഷണത്തിലും നന്മയുടെ നിർമ്മാണത്തിലും ഒരാളുടെ ഉത്തരവാദിത്തം പ്രകടിപ്പിക്കുന്നതിനുള്ള ഒരു ഇടമായി ആശയവിനിമയം മാറുന്നുവെന്നും ഇതാണ് യഥാർത്ഥ ആശയവിനിമയം അർത്ഥമാക്കുന്നതെന്നും പാപ്പാ അടിവരയിടുന്നു. ഡിജിറ്റൽ സംവിധാനത്തിനുള്ളിൽ വാർത്തകളുടെ വേഗത വർധിക്കുമ്പോൾ, വ്യാജവാർത്തകളുടെ അതിപ്രസരം, നമ്മെ തെറ്റേത്, ശരിയേത് എന്ന് വിവേചിച്ചറിയുവാൻ പോലുമുള്ള സാവകാശം നൽകുന്നില്ല എന്നുള്ളത് സത്യം.

വ്യാജവാർത്തകൾ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു

ഇന്ന് വ്യാജവാർത്തകളുടെ അമിതമായ പ്രചാരം വായനക്കാരനെ വഞ്ചിക്കുകയും, കൃത്രിമമായ ഒരു ലോകത്തേക്ക് നയിക്കുകയും ചെയ്യുന്നു. രാഷ്ട്രീയ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നതിനും, സാമ്പത്തിക നേട്ടങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം വ്യാജവാർത്തകളുടെ നിർമ്മാണം ഒരു സമൂഹത്തെ തന്നെ അരക്ഷിതാവസ്ഥയിലേക്ക് ഭാവിയിൽ തള്ളിവിടാനുള്ള സാധ്യതയും പാപ്പാ എടുത്തു കാണിക്കുന്നു. വ്യാജവാർത്തകൾ പലപ്പോഴും അനുകരണ സ്വഭാവം ഉൾക്കൊള്ളുന്നതും, വിശ്വസനീയമായി തോന്നിപ്പിക്കുവാൻ കഴിവുള്ളതുമാണ്. ഇവ സ്വീകർത്താക്കളുടെ ശ്രദ്ധ വേഗത്തിൽ പിടിച്ചുപറ്റുന്നു. ഇവ വികാരങ്ങളെ ചൂഷണം ചെയ്യുന്നതും, യുക്തിരഹിതമായ ഭാവനയിലേക്ക് മനുഷ്യനെ നയിക്കുന്നതുമാണ്.

മുൻവിധികളെ ക്രിയാത്മകമായി ചോദ്യം ചെയ്യുകയും സൃഷ്ടിപരമായ ഒരു സംഭാഷണത്തിന് വഴിയൊരുക്കുകയും ചെയ്യുന്ന മറ്റ് വിവര സ്രോതസ്സുകളുമായി ആരോഗ്യകരമായ ബന്ധം സ്ഥാപിക്കുന്നതിനു പകരം, പക്ഷപാതപരവും അടിസ്ഥാനരഹിതവുമായ അഭിപ്രായങ്ങൾ പ്രചരിപ്പിക്കുന്ന ഇത്തരം വ്യാജവാർത്തകളുടെ പുറകെ ആളുകൾ പോകുന്ന ഒരു സ്ഥിതി വിശേഷമാണ് ഇന്ന് നിലനിൽക്കുന്നത്. അസത്യം ആത്യന്തികമായി അഹങ്കാരവും വിദ്വേഷവും സമൂഹത്തിൽ പടർത്തുന്നുവെന്നും പാപ്പാ തന്റെ സന്ദേശത്തിൽ ചൂണ്ടിക്കാണിക്കുന്നു.

മാധ്യമങ്ങൾ സത്യത്തിന്റെ പ്രചാരകരാകണം

വ്യാജവാർത്തകളെയും, അവ പ്രചരിപ്പിക്കുന്ന ആളുകളെയും തിരിച്ചറിയുവാൻ സാധിക്കുമോ എന്ന ചോദ്യം വളരെ പ്രധാനപ്പെട്ടതാണ്. ഈ നുണകളെ ചെറുക്കേണ്ടതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് നമ്മളിൽ ആർക്കും ഒഴിഞ്ഞുമാറാൻ കഴിയില്ല. എന്ന് പറഞ്ഞുകൊണ്ട്, സത്യം പ്രചരിപ്പിക്കുവാനുള്ള നമ്മുടെ കടമയെ പാപ്പാ ചൂണ്ടിക്കാണിക്കുന്നു. ചിലപ്പോൾ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടുപോലും , വഞ്ചനാപരമായ ഇത്തരം വ്യാജവാർത്തകൾ സൃഷ്ടിക്കപ്പെടുമ്പോൾ, പാപ്പാ ആദ്യമായി മുൻപോട്ടുവയ്ക്കുന്ന പരിഹാരമാർഗ്ഗം വിദ്യാഭ്യാസത്തിന്റേതാണ്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരാകരുതെന്നും, മറിച്ച് അതിന്റെ സത്യാവസ്ഥ വെളിച്ചത്തു കൊണ്ടുവരുവാൻ നമുക്ക് കടമയുണ്ടെന്നും വിദ്യാഭ്യാസരംഗം നമ്മെ ബോധ്യപ്പെടുത്തണം. അതുപോലെ നിയമപരമായ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട്, തെറ്റായ വിവരങ്ങളുടെ സംവിധാനങ്ങൾ തടയുവാനും പാപ്പാ ശുപാർശ ചെയ്യുന്നു. സർപ്പങ്ങളെ പോലെ വിവേകിയാകുവാനുള്ള  യേശുവിന്റെ ഉപദേശം നാം സദാ ജാഗരൂകരായിരിക്കുവാനും, ശത്രുത വിതയ്ക്കുന്ന വ്യാജവാർത്തകൾക്കെതിരെ പോരാടുവാനുമുള്ള നമ്മുടെ കടമയെ ഓർമ്മപ്പെടുത്തുന്നു.

എന്നാൽ ഇത്തരം വാർത്തകൾക്കെതിരെ നിലകൊള്ളുവാൻ പാപ്പാ നിർദേശിക്കുന്ന ആദ്യ ഘടകം 'വിവേചനബുദ്ധി'യാണ്. ആദ്യ പാപത്തിന്റെ അവസരത്തിൽ, പരീക്ഷകന്റെ അപനിർമ്മാണം വിശ്വസനീയമായ ഒരു ഭാവം കൈവരികയും, ആ വാക്കുകളിൽ ശത്രുവിന്റെ വശീകരണ പ്രലോഭനത്തെ പിന്തുടരുന്നതിനായി, നന്മയെ ലക്ഷ്യം വച്ചുള്ള ദൈവപിതാവിന്റെ ശുപാർശയെ  അവഹേളിക്കുകയും ചെയ്യുന്നു. വ്യാജമായതിൽ വിശ്വസിക്കുന്നത് ദാരുണമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നു ആദിമാതാപിതാക്കളുടെ ഉദാഹരണം എടുത്തു കാണിച്ചുകൊണ്ട് പാപ്പാ ഓർമ്മിപ്പിക്കുന്നു. വ്യാജവാർത്തകൾ  വേഗത്തിൽ പടരുകയും, നിയന്ത്രിക്കാൻ പ്രയാസമായി തീരുകയും ചെയ്യുന്നു. എന്നാൽ യുക്തിയാലല്ല, മറിച്ച് മനുഷ്യരിൽ എളുപ്പത്തിൽ ജ്വലിക്കുന്ന അടങ്ങാത്ത അത്യാഗ്രഹമാണ് ഇവയ്ക്ക് കാരണമെന്നും പാപ്പാ പറയുന്നു. അതിനാൽ പാപ്പാ ആഹ്വാനം ചെയ്യുന്നത്, സത്യത്തിന്റെ വക്താക്കളാകുവാനും,  സത്യത്തിൽ യഥാർത്ഥ സ്വാതന്ത്ര്യം അനുഭവിക്കുന്നതിനുമാണ്.

മാധ്യമപ്രവർത്തനം ബന്ധങ്ങളെ ത്വരിതപ്പെടുത്തണം

നമ്മുടെ വാക്കുകളും, പ്രവൃത്തികളും  സത്യവും ആധികാരികവും വിശ്വസനീയവുമാകുന്നതിന് ഒഴിവാക്കാനാവാത്ത രണ്ട് ഘടകങ്ങളായി പാപ്പാ ചൂണ്ടിക്കാണിക്കുന്നത് ഇവയാണ്: 'അസത്യത്തിൽ നിന്നുള്ള മോചനവും, യഥാർത്ഥ  ബന്ധങ്ങൾക്കായുള്ള അന്വേഷണവും.' കൂട്ടായ്മയെ പിന്തുണയ്ക്കുന്നതും നന്മയെ പ്രോത്സാഹിപ്പിക്കുന്നതും എന്താണെന്നും, അതുപോലെതന്നെ, ഒറ്റപ്പെടുത്താനും ഭിന്നിപ്പിക്കാനും എതിർക്കാനും കാരണമാകുന്നതെന്താണെന്നും വിലയിരുത്തുവാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു.

അസത്യ വാർത്ത പ്രചാരണം സമൂഹം കെട്ടിപ്പടുക്കുന്നതിന് തടസമായിപോലും നിലകൊള്ളുന്നുവെന്നും പാപ്പാ വ്യക്തമാക്കുന്നു. അതിനാൽ സത്യത്തിനുവേണ്ടിയുള്ള അന്വേഷണം പത്രധർമ്മത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണെന്ന് പാപ്പാ ആവർത്തിച്ചു പറയുന്നു. പ്രസ്താവനകളുടെ സത്യാവസ്ഥ അവയുടെ ഫലങ്ങളിൽ നിന്നുമാണ് തിരിച്ചറിയുന്നത്. അതിനാൽ വിവാദപ്രസ്താവനകളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റുന്നതും, തുടർന്ന് അത് വ്യക്തിഹത്യയിലേക്ക് നയിക്കുന്നതും തെറ്റാണെന്നു അസ്സന്നിഗ്ദ്ധമായി പാപ്പാ പ്രഖ്യാപിക്കുന്നു.

സമാധാനസ്ഥാപനമാണ് മാധ്യമധർമ്മം

തന്ത്രങ്ങളല്ല മറിച്ച്  വ്യക്തികളാണ് ഓരോ മാധ്യമസൃഷ്ടിയുടെയും ലക്ഷ്യവും, മാർഗ്ഗവും. അത്യാഗ്രഹത്തിൽ നിന്ന് മുക്തരായിക്കൊണ്ട്, ആത്മാർത്ഥമായ സംഭാഷണത്തിലൂടെ ആളുകൾക്കിടയിൽ സമാധാനം സ്ഥാപിക്കുവാൻ ഓരോ മാധ്യമമേഖലയും ശ്രദ്ധിക്കണം. സ്പർദ്ധ ഒഴിവാക്കിക്കൊണ്ട്, ഉത്തരവാദിത്വത്തോടെ  ജോലിയെന്ന നിലയിലല്ല മറിച്ച് 'ദൗത്യ'മെന്ന നിലയിൽ മാധ്യമ പ്രവർത്തനത്തെ സ്വീകരിക്കുമ്പോഴാണ് ഒരാൾ യാഥാർത്ഥ മാധ്യമപ്രവർത്തകനായി തീരുന്നത്. സ്രോതസ്സുകളുടെ കൃത്യതയും ആശയവിനിമയത്തിന്റെ സംരക്ഷണവും നിറവേറ്റുവാനും ഈ പ്രവർത്തനത്തിൽ കടമയുണ്ട്. ഇവിടെ സമൂഹത്തിൽ ശബ്ദം നഷ്ടപ്പെട്ട ആളുകളുടെ സ്വരമായി മാറുവാനും മാധ്യമങ്ങൾക്ക് സാധിക്കണം. പ്രതിജ്ഞാബദ്ധമായ ഒരു പത്രപ്രവർത്തനത്തിനു ഏവരെയും ആഹ്വാനം ചെയ്തുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 ജനുവരി 2025, 08:56