MAP

പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ   (VATICAN MEDIA Divisione Foto)

യഥാർത്ഥ ആശയവിനിമയം ശുഭാപ്തിവിശ്വാസത്തിലേക്ക് നയിക്കുന്നു

അൻപത്തിയൊന്നാമത് ആഗോള സമൂഹമാധ്യമദിനത്തിൽ ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശത്തിന്റെ സംക്ഷിപ്തവിവരണം
സഭാദർശനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സഭാ ഘടനകളിൽ ആശയവിനിമയത്തിൻ്റെ പ്രാധാന്യം, സഭയുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും എടുത്തു പറയപ്പെടുന്ന ഒന്നാണ്. സഭയുടെ വളർച്ച, ശിരസ്സായ ക്രിസ്തുവിൻ്റെയും സഭയുടെ ദർശനത്തിൻ്റെയും ആവശ്യമായ ഫലങ്ങളിൽ ഒന്നാണ്. നിങ്ങൾ പോയി സകല ജനതകളെയും എന്റെ ശിഷ്യന്മാരാക്കുവിൻ എന്ന ക്രിസ്തുവിന്റെ ആഹ്വാനം ഇന്ന്, പ്രത്യേകമായും പരിണാമം ചെയ്യപ്പെട്ട ഒരു സമൂഹത്തിൽ ആരംഭിക്കേണ്ടത് പ്രാദേശിക സഭകളിലും, നൂതനമായ ആശയവിനിമയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ടുമാണ്. ആശയവിനിമയം എന്നത് ഒരു വാക്ക് മാത്രമല്ല, മറിച്ച് അത് ഒരു ആശയമാണ്. പങ്കുവയ്ക്കുക, നൽകുക, പങ്കെടുക്കുക എന്നിങ്ങനെയുള്ള അർത്ഥങ്ങൾ ഉൾക്കൊള്ളുന്ന ലത്തീൻ പദത്തിൽ നിന്നുമാണ് ആശയവിനിമയം അല്ലെങ്കിൽ കമ്മ്യൂണിക്കേഷൻ എന്ന പദം ഉരുത്തിരിയുന്നത്.

മനുഷ്യജീവിതത്തിലെ ഒരു പ്രധാന ഘടകമാണ് ആശയവിനിമയം. ആളുകൾ മനസ്സിലാക്കുകയും മറ്റുള്ളവർക്ക് മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു ചലനാത്മക പ്രക്രിയയാണിത്. മനുഷ്യത്വത്തിൻ്റെ തുടക്കം മുതലേ ആശയവിനിമയം മനുഷ്യ ചലനാത്മകതയുടെ കേന്ദ്രബിന്ദുവാണ്. ആളുകളെ സ്വാധീനിക്കാനും പ്രേരിപ്പിക്കാനും നടപ്പിലാക്കാനും മാറ്റാനും പ്രചോദിപ്പിക്കാനും നയിക്കാനും ആശയവിനിമയം ആവശ്യമായ ഒരു പ്രക്രിയയാണെന്ന് ഇന്നത്തെ വിവിധ സംഭവങ്ങളെ ആഴത്തിൽ മനസ്സിലാക്കുമ്പോൾ നമുക്ക് വ്യക്തമാകുന്നു. ആശയവിനിമയത്തിലൂടെ, ആളുകൾ അവരുടെ സമൂഹങ്ങളിലെ സമാധാനത്തിനും ഐക്യത്തിനും പൊതു പുരോഗതിക്കും ഭീഷണിയായ വലിയ സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കുന്നു.

ആശയവിനിമയത്തിന് സഭയിലുള്ള പ്രാധാന്യം എന്താണെന്നു ചോദിച്ചാൽ, ആദ്യം ലഭിക്കുന്ന കാരണം ഇതായിരിക്കും: പരസ്‌പരം ഇടപഴകുമ്പോൾ ദൈവത്തിനു പ്രസാദകരമായ വിധത്തിൽ പരസ്പരം ആശയവിനിമയം നടത്താൻ നാം പഠിക്കണം. വാക്കുകൾ, പ്രവൃത്തികൾ, പ്രതികരണങ്ങൾ, ഭാവങ്ങൾ, മാനസികാവസ്ഥകൾ, ആംഗ്യങ്ങൾ, കൂട്ടായ്മകൾ, പ്രാർത്ഥനകൾ ഇവയെല്ലാം ആശയവിനിമയം നടത്തുന്ന മേഖലകളാണ്. സഭയുടെ ഈ ഒഴിച്ചുകൂടാനാവാത്ത ആശയവിനിമയദൗത്യത്തെ എടുത്തുപറയുമ്പോഴാണ്, ഫ്രാൻസിസ് പാപ്പാ അൻപത്തിയൊന്നാമത് സമൂഹ മാധ്യമ ദിനത്തിൽ തന്റെ സന്ദേശത്തിനു ഇപ്രകാരം ഒരു ശീർഷകം നൽകുന്നത്: " ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടിയുണ്ട്"(ഏശയ്യാ 43, 5) നമ്മുടെ കാലഘട്ടത്തിൽ പ്രത്യാശയും വിശ്വാസവും പകർന്നുനൽകുക

പ്രത്യാശ നല്കുന്നതാവണം വാർത്തകൾ

പ്രത്യാശയും വിശ്വാസവും നിറഞ്ഞ ആശയവിനിമയം ജീവിതത്തിൽ സാധ്യമാകണമെങ്കിൽ, ദൈവത്തോട് ചേർന്ന് നിൽക്കണമെന്നും, അവന്റെ ധൈര്യത്തിൽ ഭയം ഒഴിവാക്കണമെന്നും, തലക്കെട്ടിൽ തന്നെ പാപ്പാ ആഹ്വാനം നൽകുന്നു. ക്രൈസ്തവ ആശയവിനിമയം മാത്രമല്ല ഏതൊരു ആശയവിനിമയവും ഫലപ്രദമായ രീതിയിൽ മുൻപോട്ടു കൊണ്ടുപോകണമെങ്കിൽ ആദ്യം നമ്മുടെ ജീവിതത്തിൽ നിന്നും ഒഴിവാക്കേണ്ടത് ഭയം അല്ലെങ്കിൽ ഭീരുത്വത്തെയാണ്. എന്നാൽ ഭയം കൂടാതെ  ധൈര്യത്തോടെ ആശയങ്ങൾ പങ്കുവയ്ക്കണമെങ്കിൽ, പാപ്പാ സന്ദേശത്തിൽ അടിവരയിടുന്ന ഘടകങ്ങൾ, ഒന്ന് ആശയം നല്ലതായിരിക്കണമെന്നും, പ്രത്യാശയിലേക്ക് മനുഷ്യകുലത്തെ നയിക്കുന്നതുമായിരിക്കണം എന്നുള്ളതാണ്. 2025 ക്രിസ്തുജയന്തിയുടെ ജൂബിലി വർഷത്തിൽ പ്രത്യാശയുടെ  തീർത്ഥാടകരാകുവാൻ വിളിക്കപ്പെട്ടിരിക്കുന്ന നമുക്ക് 2017 ൽ പാപ്പാ നൽകിയ ഈ സന്ദേശം ഒരു വഴികാട്ടിയാണ്.

പ്രത്യേകമായി 2025 ജനുവരി മാസം 24 മുതൽ 26 വരെയുള്ള തീയതികളിൽ സഭയിൽ വാർത്താവിനിമയ രംഗത്തുള്ളവരുടെ പ്രത്യേകമായ ജൂബിലി ആഘോഷങ്ങൾ  നടത്തുമ്പോൾ, സഭയിൽ ഈ രംഗം എത്രമാത്രം പ്രാധാന്യമർഹിക്കുന്നുവെന്നും, മാധ്യമപ്രവർത്തകരുടെ സ്ഥാനം എത്ര വലുതാണെന്നും അതിനാൽ പ്രത്യാശയുടെ വാർത്തകൾ അറിയിക്കുവാനുള്ള അവരുടെ കടമ എന്താണെന്നും ഈ സന്ദേശം നമ്മെ ഉദ്ബോധിപ്പിക്കുന്നു. 

വാർത്തകൾ സ്നേഹത്തിൽ അടിസ്ഥാനപ്പെടുത്തണം

ഓരോ മനുഷ്യജീവനും, ജീവിതവും ഏതാനും ചില സംഭവങ്ങളുടെ പരമ്പരയല്ല, മറിച്ച് അത് ചരിത്രത്തിന്റെ അവിഭാജ്യ ഘടകമാണെന്നു പാപ്പാ ഓർമ്മിപ്പിക്കുന്നു. യാഥാർഥ്യങ്ങളെ ശരിയായ രീതിയിൽ കാണുന്നതിനുള്ള തീരുമാനം ഓരോരുത്തരെയും ആശ്രയിച്ചിരിക്കുന്നു, എങ്കിലും ക്രൈസ്തവരെന്ന നിലയിൽ യാഥാർത്ഥ്യത്തെ മനസ്സിലാക്കുന്നതിനുള്ള ശരിയായ മാർഗം സുവിശേഷത്തിന്റേതാണെന്നു പാപ്പാ അടിവരയിടുന്നു. സുവിശേഷത്തിന്റെ പേജുകൾ വായിക്കുമ്പോൾ, കൃതിയുടെ തലക്കെട്ട് അതിന്റെ ഉള്ളടക്കവുമായി പൊരുത്തപ്പെടുന്നുണ്ടെന്നും, എല്ലാറ്റിനുമുപരി, ഈ ഉള്ളടക്കം യേശുവിന്റെ തന്നെയാണെന്നും നമുക്ക് മനസിലാകുന്നതുപോലെ, വാർത്തകൾ മനുഷ്യവർഗ്ഗത്തോടുള്ള സ്നേഹത്താൽ പങ്കുവയ്ക്കപ്പെടേണ്ടതാണ്. "നിരാശപ്പെടുത്താത്ത ഒരു പ്രത്യാശയാണിത്, വീണുപോയ ഒരു വിത്തിൽ നിന്ന് ഒരു ചെടി വളരുന്നതുപോലെ അത് പുതുജീവൻ മുളപ്പിക്കുന്നു. ഈ വെളിച്ചത്തിൽ, ലോകചരിത്രത്തിൽ സംഭവിക്കുന്ന ഓരോ പുതിയ സംഭവവും  സാധ്യമായ നല്ല വാർത്തകളുടെ പശ്ചാത്തലമായി മാറുന്നു,", പാപ്പാ പറയുന്നു.

വാർത്തകൾ സ്വാതന്ത്ര്യത്തിന്റെ ഇടം സൃഷ്ടിക്കണം

മരണത്തിൽ മാത്രം തങ്ങിനിൽക്കാതെ ഉത്ഥാനത്തിന്റെ ജീവശക്തിയെ, തന്റെ ജീവിതത്തിലൂടെ പകർന്നു തന്നെ യേശു, ദൈവരാജ്യത്തെ വിത്തിനോട് ഉപമിക്കുന്നതിന്റെ പ്രാധാന്യം പാപ്പാ എടുത്തു പറഞ്ഞു. വാർത്തകളിൽ എടുത്തു കാണിക്കുന്ന ഘടകങ്ങളെല്ലാം, ശ്രോതാവിനു സ്വാഗതം ചെയ്യുവാനും, അപ്രകാരം ജീവന്റെ ഫലം പുറപ്പെടുവിക്കുവാൻ ഉതകും വിധമുള്ള സ്വാതന്ത്ര്യത്തിന്റെ ഇടമായി മാറുന്നതാണ് ദൈവരാജ്യമെന്നും പാപ്പാ പറഞ്ഞു. ഉപരിപ്ലവമായ കാഴ്ചയിൽ നിന്ന് മറഞ്ഞിരിക്കുന്നതും നിശബ്ദമായി വളരുന്നതുമായ ഒരു വിത്ത് പോലെ, ദൈവരാജ്യം നമ്മുടെ ഇടയിൽ തന്നെയുണ്ട്. ഈ ദൈവാരാജ്യത്തെ കണ്ടെത്തേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും പരിശുദ്ധപിതാവ് ഓർമ്മിപ്പിക്കുന്നു. ക്രിസ്തുവിൽ പുതിയ ജീവിതം കരുപ്പിടിപ്പിക്കുന്നതിനു പ്രത്യാശയുടെ വിത്തുകൾ പാകുന്നതായിരിക്കണം ഓരോ വാർത്തകളെന്നുമാണ് പാപ്പായുടെ വാക്കുകളുടെ അർത്ഥം. 

ആശയവിനിമയം ആത്മാവിൽ പ്രചോദിതമാണ്

ആത്മാവിന്റെ  ചക്രവാളങ്ങളിലേക്ക് നയിക്കുന്നതാവണം യഥാർത്ഥ ആശയവിനിമയമെന്ന ആശയത്തോടുകൂടിയാണ് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്. യേശുവെന്ന സുവിശേഷത്തിൽ അധിഷ്ഠിതമായ പ്രത്യാശ, ഉത്ഥാനത്തിനു ശേഷവും അവനിലുള്ള പ്രത്യാശയിൽ വളരുവാൻ നമ്മെ സഹായിക്കുന്നുവെന്നു പറഞ്ഞ പാപ്പാ, ആശയവിനിമയത്തിന്റെ നിത്യമായ പ്രത്യാശയുണർത്തലിനെ ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ മനുഷ്യത്വത്തെ സ്വർഗ്ഗത്തിലേക്ക് ഉയർത്തുന്ന പരിശുദ്ധാത്മാവിന്റെ ശക്തി, യേശുവിന്റെ സാക്ഷികളായി ഭൂമിയുടെ അതിർത്തികൾ വരെ സുവിശേഷം അറിയിക്കുന്നതിന് നമ്മെ ശക്തിപ്പെടുത്തുന്നുവെന്നും പാപ്പാ പറഞ്ഞു.

ആശയവിനിമയം ഓരോ വ്യക്തിയിലും ഉണർത്തേണ്ടത് ജീവനിലേക്കുള്ള പ്രത്യാശയാണ്. എന്നാൽ ആധുനികയുഗത്തിൽ, ആശയവിനിമയലോകം പലപ്പോഴും മനുഷ്യനെ നിരാശയിലേക്കും, നിസ്സംഗതയിലേക്കും നയിക്കുന്ന അവസ്ഥയാണ് കാണുന്നത്. ഓരോ വാർത്തകളിലും ശുഭാപ്തിവിശ്വാസം ഉൾച്ചേർത്തുകൊണ്ട്, നന്മനിറഞ്ഞ ഒരു ലോകം സ്വപ്നം കാണുവാനും പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്യുന്നു. വിശ്വാസത്തോടെ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടാൻ സ്വയം അനുവദിക്കുന്ന ഏതൊരാൾക്കും, ജീവിതത്തിൽ വിവേചനബുദ്ധിയോടെ പ്രവർത്തിക്കുവാൻ  സാധിക്കുന്നുവെന്നു പാപ്പാ ഓർമ്മിപ്പിക്കുന്നു. "പ്രത്യാശയാണ് ഏറ്റവും എളിമയുള്ള പുണ്യം, കാരണം അത് ജീവിതത്തിന്റെ മടക്കുകളിൽ മറഞ്ഞിരിക്കുന്നു, പക്ഷേ അത് മുഴുവൻ മാവും പുളിപ്പിക്കുന്ന, പുളിമാവിനു  സദൃശ്യമാണ്", പാപ്പാ പറഞ്ഞു. വിശ്വാസത്തിന്റെയും പ്രത്യാശയുടെയും പുതിയ പാതകൾ തുറക്കുക, അതിനായി സുവാർത്തകളുടെ പ്രചാരകരായി മാറുകയെന്ന ആഹ്വാനവും പാപ്പാ നൽകുന്നു.   

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 ജനുവരി 2025, 12:25