പ്രത്യക്ഷീകരണ തിരുനാളിൽ പോളണ്ടിൽ നടന്ന ഘോഷയാത്രയിൽ രണ്ട് ദശലക്ഷം ആളുകൾ
വത്തിക്കാൻ ന്യൂസ്
17 വർഷമായി പോളണ്ടിലെ വിവിധ തെരുവുകളിൽ, യേശുവിന്റെ പ്രത്യക്ഷീകരണ തിരുനാൾ ദിനത്തിൽ നടത്തുന്ന റാലി ഈ വർഷവും വർണ്ണാഭമായ രീതിയിൽ നടത്തി. സംഘാടകരുടെ കണക്കനുസരിച്ച് രണ്ട് ദശലക്ഷം ആളുകൾ ഈ യാത്രയിൽ പങ്കെടുത്തു. ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ നയിച്ച മധ്യാഹ്നപ്രാർത്ഥനയുടെ അവസരത്തിൽ, പോളണ്ടിൽ നടത്തുന്ന റാലിയെ കുറിച്ചു പ്രത്യേകം അനുസ്മരിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തിരുന്നു.
"മൂന്ന് രാജാക്കന്മാരുടെ സ്മരണയുണർത്തി പോളണ്ടിൽ മഹത്തായ റാലിയിൽ പങ്കെടുത്തവർക്ക് ഞാൻ എന്റെ ആശംസകൾ അയയ്ക്കുന്നു, ഈ സംരംഭത്തിലൂടെ വർസാവിയിലെ സഭയിലും, തെരുവുകളിലും നിരവധി പോളിഷ് നഗരങ്ങളിലും മാത്രമല്ല, ഇവിടെ റോമിൽ ഉൾപ്പെടെ വിദേശത്തും വിശ്വാസത്തിന് സാക്ഷ്യം നൽകുന്നു! ഞാൻ എല്ലാ പോളണ്ടുകാരെയും അഭിവാദ്യം ചെയ്യുന്നു!" ഇപ്രകാരമായിരുന്നു ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ.
സഭയിൽ അംഗമല്ലാത്ത അനേകം ആളുകളും ഈ റാലിയിൽ പങ്കെടുത്തു. ചില സ്‌കൂളുകളിൽ നിന്നുള്ള എല്ലാ കുട്ടികളും, അവരുടെ കുടുംബങ്ങളോടൊപ്പം റാലിയിൽ പങ്കെടുത്തുവെന്നതും ഏറെ പ്രാധാന്യമർഹിക്കുന്നു. "നാമെല്ലാവരും ക്രിസ്തുവിനെ ആരാധിക്കാൻ അവന്റെ അടുക്കൽ വരാൻ ആഗ്രഹിക്കുന്നു, ഈ ആരാധന നമ്മുടെ ജീവിതത്തെ മഹത്വത്ക്കരിക്കുന്നുവെന്നു", വർസാവിയിലെ ആർച്ചുബിഷപ്പ് വത്തിക്കാൻ ന്യൂസിനോട് പങ്കുവച്ചു. 2008 മുതൽ എല്ലാ വർഷവും പോളണ്ടിൽ നടത്തുന്ന ഈ റാലിയിൽ ക്രിസ്മസ് കാലഘട്ടത്തിലെ സുവിശേഷ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കത്തക്കവണ്ണം വേഷങ്ങൾ ധരിച്ചുകൊണ്ടാണ് പങ്കെടുക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: