MAP

മൈക്കിൾ ആഞ്ചെലോയുടെ, സൃഷ്ടികർമ്മവുമായി ബന്ധപ്പെട്ട ചിത്രം മൈക്കിൾ ആഞ്ചെലോയുടെ, സൃഷ്ടികർമ്മവുമായി ബന്ധപ്പെട്ട ചിത്രം 

ദൈവസൃഷ്ടിയായ മനുഷ്യനും ജീവന്റെ അന്തസ്സും വിലയും

മനുഷ്യജീവിതം; പവിത്രവും, വിലപ്പെട്ടതുമായ ദൈവത്തിന്റെ സമ്മാനം. “ദൈവം തന്റെ ഛായയിൽ മനുഷ്യനെ സൃഷ്ടിച്ചു” (ഉല്പത്തി 1:27). ജീവന്റെ പ്രാധാന്യത്തെക്കുറിച്ചും ജീവിതമൂല്യങ്ങളെക്കുറിച്ചുമുള്ള ഒരു വിചിന്തനം.
ശബ്ദരേഖ - ദൈവസൃഷ്ടിയായ മനുഷ്യനും ജീവന്റെ അന്തസ്സും വിലയും

സിസ്റ്റർ റോസ് മരിയ തെങ്ങനാംപ്ലാക്കൽ, വത്തിക്കാൻ സിറ്റി

ജീവിതം ദൈവത്തിന്റെ ദാനമാണ്, വിലപ്പെട്ട ദാനം. ഇന്നത്തെ ലോകം ധാർമ്മികത നഷ്ടപ്പെട്ട ലോകമായി മാറിക്കൊണ്ടിരിക്കുന്നു. നാം അനുദിനം കേൾക്കുകയും, സംസാരിക്കുകയും ചെയ്യുന്ന ഒരു വിഷയമാണ്, ജീവിതത്തിൻ്റെ മൂല്യങ്ങൾ എന്നത്. നാം  ദൈവത്തിൻ്റെ ഛായയിലും, സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നുള്ള വസ്തുത ഇന്ന് ലോകം മറന്നുപോകുന്നു. “ദൈവം തന്റെ ഛായയിൽ മനുഷ്യനെ സൃഷ്ടിച്ചു” (ഉല്പത്തി 1:27). മനുഷ്യർക്ക്, മനുഷ്യരെ തിരിച്ചറിയുവാൻ സാധിക്കാത്ത ഒരു ലോകത്താണ്  നാം ഇന്ന്  ജീവിക്കുന്നത്. “Catechism Of The Catholic Church” ഇങ്ങനെ വിശദീകരിക്കുന്നു, "സ്വാതന്ത്ര്യം മനുഷ്യനെ ഒരു നൈതിക വിഷയമാക്കുന്നു.  ശ്രദ്ധാപൂർവ്വം പ്രവർത്തിക്കുമ്പോൾ, മനുഷ്യൻ തന്റെ പ്രവർത്തനങ്ങളുടെ 'പിതാവായി'   മാറുന്നു.  മാനവ പ്രവർത്തനങ്ങൾ, അതായത്, വിവേകത്തിന്റെ ന്യായവിധിയുടെ ഫലമായി സ്വതന്ത്രമായി തിരഞ്ഞെടുക്കപ്പെടുന്ന പ്രവർത്തനങ്ങൾ, നൈതികമായി വിലയിരുത്തപ്പെടാവുന്നതാണ്. അവ നല്ലതോ പാഴായാതോ ആകാം." (no, 1749).

ഓരോ മനുഷ്യനും, ജീവിതത്തിന്റെ പൂർണ്ണത ആസ്വദിക്കാൻ ദൈവത്താൽ വിളിക്കപ്പെട്ടിരിക്കുന്നു, കൂടാതെ, സഭയുടെ മാതൃപരിഗണനയ്ക്ക് ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നതിനാൽ, മനുഷ്യജീവന്റെ അന്തസ്സിനുനേരെയുള്ള എല്ലാ ഭീഷണികളും സഭയുടെ ഹൃദയത്തിൽ, അവളുടെ മാതൃത്വത്തിന്റെ 'ഉള്ളിൽ' പ്രതിഫലനം ഉണ്ടാക്കുക തന്നെ ചെയ്യും (ഫ്രാൻസിസ് പാപ്പാ, General Audience 25 March 2020).

മനുഷ്യനും, മനുഷ്യജീവിതങ്ങൾക്കും വിലകൊടുക്കാതെ അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകം. ശരിയോ, തെറ്റോ എന്തെന്ന് മനസ്സിലാക്കാൻ സാധിക്കാതെ ദൈവത്തിന്റെ ദാനമായ ജീവിതം നഷ്ടപ്പെടുത്തുന്ന മനുഷ്യർ. ഈ ആഗോളവൽകൃത ലോകത്ത് ജീവിക്കുന്ന  നാം,  യഥാർത്ഥ സ്വാതന്ത്ര്യം അനുഭവിക്കുന്നതിൽ പരാജയപ്പെടുന്നു. ജീവന്  വില നൽകാതെ ലോകസുഖങ്ങളിൽ കഴിയുന്ന മനുഷ്യർ. എവിടേക്കാണ് പോകുന്നതെന്നോ, ജീവിതം ദൈവത്തിന്റെ ദാനമാണെന്നോ  മനസ്സിലാക്കുവാനും, ചിന്തിക്കാനും  കഴിയാത്ത  അവസ്ഥ. ആരാണ് ഇതിനെല്ലാം ഉത്തരവാദികൾ? കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം നമ്മെ ഉദ്ബോധിപ്പിക്കുന്നു, “മനുഷ്യ ജീവിതം  അതിന്റെ തുടക്കത്തിൽ തന്നെ ദൈവത്തിന്റെ സൃഷ്ടിവളർച്ചയാൽ  അനുബന്ധിച്ചിരിക്കുന്നതിനാൽ പരിശുദ്ധമാണ്.  അതിന്റെ ആരംഭം മുതൽ അതിന്റെ അവസാനത്തോളം ദൈവത്തോടുള്ള പ്രത്യേക ബന്ധത്തിൽ നിലനിൽക്കുന്നു. ദൈവം മാത്രമാണ് ജീവിതത്തിന്റെ മഹത്തായ അസ്തിത്വത്തിനും അതിന്റെ അവസാനത്തിനും വേണ്ടി പ്രവർത്തിക്കുന്ന സൃഷ്ടാവ്. ആകയാൽ, യാതൊരു സാഹചര്യത്തിലും നിരപരാധിയായ മനുഷ്യനെ നശിപ്പിക്കാനുള്ള അവകാശം ആർക്കും അവകാശപ്പെടാൻ കഴിയില്ല” (CCC, 2258).

അപ്പോൾ ജീവന്റെ ദാനത്തെ വളർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതിന്റെ അർത്ഥമെന്താണ്? ജീവിതം തെരഞ്ഞെടുക്കുന്നു എന്നതിന്റെ അർത്ഥം, എല്ലാ മനുഷ്യജീവനെയും, അതിന്റെ ഗർഭധാരണത്തിന്റെ നിമിഷം മുതൽ അതിന്റെ സ്വാഭാവിക അവസാനം വരെ, ദൈവത്തിന്റെ ദാനമായി നാം കാണുന്നു എന്നാതാണ്. അതിനർത്ഥം ആ സമ്മാനം പവിത്രമായി സംരക്ഷിക്കപ്പെടേണ്ടതും, പ്രോത്സാഹിക്കപ്പെടേണ്ടതുമായ ഒന്നായി നാം വിലമതിക്കണം എന്നാണ്. അങ്ങനെ അത് എല്ലായ്പ്പോഴും ജീവിക്കുകയും, ജീവിക്കാൻ അർഹതയുള്ളതായി കാണുകയും ചെയ്യണം. നമുക്ക് ചുറ്റുമുള്ളവരുടെ ജീവിതത്തിന് എന്ത് പ്രാധാന്യവും ബഹുമാനവുമാണ് നാം നൽകുന്നത്? നമ്മുടെ സ്വന്തം ജീവിതത്തിലേക്ക്  ഒരു യഥാർത്ഥ ജീവിതസംസ്കാരം കൊണ്ടുവരാൻ, പരിവർത്തനം ആവശ്യമുള്ള മനോഭാവങ്ങളും ചിന്താരീതികളും എന്തൊക്കെയാണ്? (Carrying the light of Christ, Dec 2: An Interview with Bishop Lucia, Catholic Sun, Dec 1, 2021.).

സമാധാനവും ഐക്യവും ഇല്ലാത്ത ഒരു ലോകത്താണ് നാം ജീവിക്കുന്നത്. ഇന്നത്തെ ലോകത്ത് മനുഷ്യരെ, മനുഷ്യരായി കാണാൻ സാധിച്ചാൽ വളെരേറെ പ്രശ്നങ്ങൾ  ഒഴിവാക്കാനും, എല്ലാവരും സമാധാനത്തോടെയും ഐക്യത്തോടെയും ജീവിക്കുന്ന ഒരു ലോകത്തെ കെട്ടിപ്പെടുത്തുവാനും സാധിക്കും. വിശുദ്ധ മത്തായിയുടെ സുവിശേഷം 5: 43-44 ൽ നാം വായിക്കുന്നു, "അയൽക്കാരനെ സ്നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക, എന്ന് പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോട് പറയുന്നു  ശത്രുക്കളെ സ്നേഹിക്കുവിൻ; നിങ്ങളെ പീഡിപ്പിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ.”   യേശു നമ്മെ പഠിപ്പിച്ച ഈ ആശയമാണ്  നാം നമ്മുടെ അനുദിന ജീവിതത്തിൽ വളർത്തിയെടുക്കേണ്ടതും, പ്രാവർത്തികമാക്കേണ്ടതും. ലോകത്തിലെ മറ്റേതു  വസ്തുവിനേക്കാളും വിലപ്പെട്ടതാണ് മനുഷ്യജീവൻ. അതിനാൽ ഓരോരുത്തരും, തങ്ങളുടെ സഹോദരങ്ങളുടെ  ജീവൻ  സംരക്ഷിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു. യുദ്ധവും, മറ്റ് നാശങ്ങളും മനുഷ്യജീവൻ ഇല്ലാതാക്കുകയും, സമാധാനം നശിപ്പിക്കുകയും ചെയ്യുന്നു. മനുഷ്യജീവൻ പവിത്രമാണ്. മറ്റൊരാളുടെ ജീവൻ നശിപ്പിക്കാൻ ആർക്കും കഴിയില്ല. വിശുദ്ധ പൗലോസ്ശ്ലീഹ  കോറിന്തോസുകാർക്ക്  എഴുതിയ  ലേഖനത്തിൽ  നാം  വായിക്കുന്നു "നിങ്ങളിൽ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണ് നിങ്ങളുടെ ശരീരം എന്ന് നിങ്ങൾക്ക് അറിഞ്ഞുകൂടെ. നിങ്ങൾ നിങ്ങളുടെ സ്വന്തം അല്ല" (1കോറിന്തിയോസ് 6:19).

വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പാ, തന്റെ ചാക്രികലേഖനമായ വേരിത്താത്തിസ് സപ്ലെന്തോറെയിൽ (Veritatis splendor, 6) ധാർമ്മികതയെക്കുറിച്ച് ഉദ്ബോധിപ്പിച്ചുകൊണ്ട് വിശുദ്ധ മത്തായിയുടെ സുവിശേഷത്തിന്റെ പത്തൊൻപതാം അധ്യായത്തിൽ ധനികനായ യുവാവുമായുള്ള യേശുവിന്റെ സംഭാഷണം ചൂണ്ടിക്കാട്ടുന്നു. "ഒരാൾ അവനെ സമീപിച്ച് ചോദിച്ചു ഗുരോ, നിത്യജീവൻ പ്രാപിക്കാൻ ഞാൻ എന്തു നന്മയാണ് പ്രവർത്തിക്കേണ്ടത്? അവൻ പറഞ്ഞു: നന്മയെപറ്റി നീ എന്നോട് ചോദിക്കുന്നതെന്തിന്? നല്ലവൻ ഒരുവൻ മാത്രം ജീവനിൽ പ്രവേശിക്കാൻ അഭിലഷിക്കുന്നെങ്കിൽ പ്രമാണങ്ങൾ അനുസരിക്കുക. അവൻ ചോദിച്ചു, ഏതെല്ലാം? യേശു പ്രതിവചിച്ചു കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത് കള്ളസാക്ഷ്യം നൽകരുത്, പിതാവിനെയും, മാതാവിനെയും ബഹുമാനിക്കുക, നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക. ആ യുവാവ് ചോദിച്ചു ഇവയെല്ലാം ഞാൻ അനുസരിച്ചിട്ടുണ്ട്; ഇനിയും എന്താണ് എനിക്ക് കുറവ്? യേശു പറഞ്ഞു: നീ പൂർണ്ണനാകാൻ ആഗ്രഹിക്കുന്നെങ്കിൽ, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുക. അപ്പോൾ സ്വർഗ്ഗത്തിൽ നിനക്ക് നിക്ഷേപം ഉണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക" (മത്തായി 19:16-21). വിശുദ്ധ മത്തായിയുടെ സുവിശേഷം പത്താം അദ്ധ്യായത്തിൽ  യേശു തന്റെ ശിഷ്യന്മാരുമായി പങ്കുവയ്ക്കുന്ന മറ്റൊരു സന്ദേശം ഇതാണ്. "ഒരു നാണയത്തുട്ടിനു രണ്ടു കുരുവികൾ വിൽക്കപ്പെടുന്നില്ല? നിങ്ങളുടെ പിതാവിന്റെ അറിവ് കൂടാതെ അവയിൽ ഒന്നുപോലും നിലം പതിക്കുകയില്ല. നിങ്ങളുടെ ഓരോ മുടിയിഴയും എണ്ണപ്പെട്ടിരിക്കുന്നു. അതിനാൽ ഭയപ്പെടേണ്ട നിങ്ങൾ അനേകം കുരുവികളേക്കാൾ വിലയുള്ളവരാണല്ലോ" (മത്തായി 10:29-31).

ഫ്രാൻസിസ് പാപ്പാ, തന്റെ  ചാക്രികലേഖനമായ “ലൗദാത്തോ സീ-യിൽ” വിവരിക്കുന്നു, "ഏകാന്തമല്ലാത്ത സവിശേഷലക്ഷ്യത്തിനായി  ദൈവം സൃഷ്ടിച്ചിരിക്കുന്ന  എല്ലാ സൃഷ്ടികളും  തമ്മിലുള്ള  ആശയവിനിമയവും,  സമ്പർക്കവും  മനസ്സിലാക്കാതെ,  സൃഷ്ടിയായ  ലോകത്തെ  ശരിയായ വിധത്തിൽ  മനസ്സിലാക്കാൻ കഴിയില്ല.  പ്രകൃതിയും മനുഷ്യരും തമ്മിലുള്ള ആശയവിനിമയം  മാത്രമല്ല,  സൃഷ്ടികൾക്കൊന്നും  ഇതര സൃഷ്ടികളുമായി  ബന്ധമില്ലാതെ  നിലനിൽക്കാൻ  കഴിയില്ല." (“Ladudato Si”, 43).

സമ്പന്നർ കൂടുതൽ സമ്പന്നരും, ദരിദ്രർ കൂടുതൽ ദരിദ്രരും, ആയിക്കൊണ്ടിരിക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. ഭക്ഷണത്തിനും പാർപ്പിടത്തിനും വേണ്ടി നെട്ടോട്ടമോടുന്ന മനുഷ്യർ. ഉപയോഗിക്കാനും, പിന്നീട് ഉപേക്ഷിക്കാനുമുള്ള ഉപഭോക്തൃ വസ്തുക്കളായി മറ്റുള്ളവരെ കാണുന്ന മനുഷ്യർ. “എല്ലാവർക്കും വേണ്ടിയാണ് ലോകം നിലനിൽക്കുന്നത്, കാരണം നമ്മളെല്ലാവരും ഒരേ മനുഷ്യമഹത്വത്തോടുകൂടിയാണ് ജനിച്ചത്. നിറത്തിന്റെയും, മതവിശ്വാസത്തിന്റെയും, കഴിവിന്റെയും, ജന്മസ്ഥലത്തിന്റെയും വാസസ്ഥലത്തിന്റെയും അങ്ങനെയുള്ള മറ്റനേകം വ്യത്യാസങ്ങളോ, എല്ലാവർക്കുമുള്ള അവകാശങ്ങളുടെമേൽ ചിലർക്കുള്ള ആധിപത്യത്തെ നീതികരിക്കാൻ പര്യാപ്തമാകുന്നില്ല. ഒരു സമൂഹമെന്നനിലയിൽ ഓരോ മനുഷ്യവ്യക്തിയും അന്തസ്സോടുകൂടി ജീവിക്കുന്നു എന്നും അവന്റെയോ അവളുടെയോ സമ്പൂർണ്ണ വികാസത്തിന് അവസരങ്ങൾ ഉണ്ടെന്നും ഉറപ്പാക്കാനുള്ള കടമ നമുക്കുണ്ട്” (Fretteli tutti, 118).

നാം ഓരോരുത്തരും, ലോകത്തിൽ നന്മയുടെ വിത്തു പാകുന്നവരായിരിക്കണം. നല്ല സമരിയാക്കാരൻ അപരനിലെ മാന്യത തിരിച്ചറിയുകയും അവൻ്റെ ജീവനെ പരിപാലിക്കുകയും ചെയ്തു.  നമുക്കും നല്ല സമരിയാക്കാരനെപ്പോലെ മറ്റുള്ളവരുടെ ജീവൻ വിലപ്പെട്ടതായി കാണാൻ സാധിച്ചാൽ, ജീവൻ ഇല്ലാതാക്കുന്നതിന് പകരം ജീവൻ കൊടുക്കുവാൻ സാധിക്കും. ഓരോ വ്യക്തിയും, ജീവിതവും അതിന്റെ സന്തോഷവും ആസ്വദിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു. നമ്മൾ മറ്റുള്ളവർക്ക് അർഹമായ ബഹുമാനം നൽകാത്തതിന്റെ കാരണം എന്താണ്? നമ്മുടെ സ്വാർത്ഥതയോ, അതോ  മറ്റൊരാൾ സന്തോഷത്തോടെ ജീവിക്കാൻ ആഗ്രഹിക്കാത്തത് കൊണ്ടോ? ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ടവർ അവന്റെ ദൃഷ്ടിയിൽ വിലപ്പെട്ടവരാണ്. ദൈവം അവരെ സ്നേഹത്തിന്റെ കണ്ണുകളാൽ കാണുന്നു. അവൻ അവരെ അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നു. അനുകമ്പനിറഞ്ഞ ഹൃദയത്തോടെ അവൻ അവരെ സ്നേഹിക്കുന്നു. സ്വന്തം  സഹോദരനെ കൊന്ന  കായേനോട്  ദൈവം ചോദിക്കുന്ന ഒരു  ചോദ്യമുണ്ട്. നിന്റെ സഹോദരനെവിടെ? നമ്മൾ ഓരോരുത്തരും ഈ ചോദ്യം  നമ്മോടുതന്നെ ചോദിക്കേണ്ടതുണ്ട്.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ എഴുതിയ എവാഞ്ചെലിയും വീത്തെ എന്ന ചാക്രികലേഖനം, ഇങ്ങനെ പ്രസ്താവിക്കുന്നു, കർത്താവിന്റെ മുന്നറിയിപ്പിനും മേൽ അസൂയയ്ക്കും കോപത്തിനും മേൽക്കോയ്മ ലഭിക്കുന്നതുകൊണ്ടാണ് കായേൻ സഹോദരനെതിരെ തിരിയുകയും അവനെ കൊല്ലുകയും ചെയ്യുന്നത് (Evangelium Vitae 8). കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥത്തിൽ നാം വായിക്കുന്നു: "ആബേലിന്റെ സഹോദരൻ കായേൻ കൊലപ്പെടുത്തിയതിനെക്കുറിച്ചുള്ള വിവരണത്തിൽ, മനുഷ്യന്റെ കോപത്തിന്റെയും, അസൂയയുടെയും കാരണം പാപമാണെന്ന് വിശുദ്ധഗ്രന്ഥം വെളിപ്പെടുത്തുന്നു. മനുഷ്യൻ, മനുഷ്യനല്ലാതായിത്തിർന്നു. സഹോദരന്റെ ശത്രു" (CCC, 2259). ദൈവത്താൽ സൃഷ്ടിക്കപ്പെട്ടവരായ നമുക്ക്, കരുണയുള്ള ഹൃദയങ്ങൾ ഉണ്ടായിരിക്കണം. നാം അപരനെ പരിപാലിക്കുമ്പോൾ ദൈവസ്നേഹം നമ്മിൽ നിലനിൽക്കും. അങ്ങനെ നാം മറ്റൊരു ക്രിസ്തുവാകും. ക്രിസ്തുവിന്റെ മുഖമുള്ള, മറ്റൊരു ക്രിസ്തുവായിത്തീരാൻ ദൈവജനം വിളിക്കപ്പെട്ടിരിക്കുന്നു. മറ്റുള്ളവരിൽ ക്രിസ്തുവിന്റെ മുഖം കാണുവാൻ ഓരോ വ്യക്തിക്കും  സാധിക്കണം.

മനുഷ്യൻ സൃഷ്ടിയുടെ കിരീടമാണ്. ഒരു വ്യത്യാസവുമില്ലാതെ ദൈവം എല്ലാവരെയും സൃഷ്ടിച്ചു. എല്ലാ മനുഷ്യരും, അവന്റെ ദൃഷ്ടിയിൽ വിലപ്പെട്ടവരാണ്. ദൈവത്തിന്റെ ദൃഷ്ടിയിൽ എല്ലാവരും വിലപ്പെട്ടവരാണെങ്കിൽ, നാം നമ്മുടെ സഹോദരങ്ങളെ, അവരുടെ  വിലപ്പെട്ട ജീവനെ സംരക്ഷിക്കേണ്ടവരല്ലേ? “ഗർഭപാത്രത്തിൽ വളരുന്ന മനുഷ്യജീവിതം, ഒരു കുട്ടി, ഒരു കൗമാരക്കാരൻ, കൗമാരക്കാരി, പ്രായപൂർത്തിയായ മനുഷ്യർ എന്നിവരെക്കുറിച്ച് ചിന്തിക്കുക. കുടുംബങ്ങൾ, സമൂഹങ്ങൾ, പ്രാർത്ഥിക്കുന്നതും, പ്രത്യാശിക്കുന്നതുമായ ജീവിതം. ദുർബലർ, രോഗികൾ മുറിവേറ്റതും, അപമാനിക്കപ്പെട്ടതും, പാർശ്വവൽക്കരിക്കപ്പെട്ടതും, തള്ളിക്കളഞ്ഞതുമായ ജീവിതം. ഇവയെല്ലാം മനുഷ്യജീവിതങ്ങളാണ്” (ഫ്രാൻസിസ് പാപ്പാ, ജീവനുവേണ്ടിയുള്ള അക്കാദമി, 25-06-2018). മനുഷ്യജീവന്റെ വില അറിയുമ്പോൾ നാം ബഹുമാനിക്കാൻ പഠിക്കുന്നു. കാരണം, അവിടെ ദൈവത്തിന്റെ ഛായയിലും, സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട വ്യക്തിയെ നാം കാണുകയും, അറിയുകയും ചെയ്യുന്നു.

വൃദ്ധസദനങ്ങളിലെ മാതാപിതാക്കൾ, തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന കുട്ടികൾ, പീഡനങ്ങൾക്ക് ഇരയാക്കപ്പെടുന്ന മനുഷ്യർ, ആരാണ് ഇതിന്റെയെല്ലാം ഉത്തരവാദികൾ? നമ്മുടെ ചുറ്റുമുള്ളവർ ആരാണെന്ന് കാണാൻ നമുക്ക് സാധിക്കുന്നുണ്ടോ? വിശ്വാസം, വംശം, സംസ്‌കാരം, ഭാഷ തുടങ്ങി ജീവിതത്തിലെ പല വ്യത്യസ്തതകൾ കൊണ്ട് ജീവിതം നഷ്‌ടപ്പെടുന്നവരിലേക്ക്, നമ്മുടെ സുഖസൗകര്യങ്ങളിൽ നിന്ന് ഇറങ്ങി ചെല്ലാൻ നമുക്ക് സാധിക്കുന്നുണ്ടോ? മനുഷ്യജീവന് അർത്ഥം നൽകാതെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. സ്വാർത്ഥത നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നു, അങ്ങനെ നമ്മൾ ലോകത്തിന്റെ തിന്മകൾക്ക് ഇരകളായിത്തീരുന്നു, അവിടെ എല്ലാം സാധ്യമാണെന്ന് നാം കരുതുന്നു, പക്ഷേ മനുഷ്യവ്യക്തികൾ പ്രധാനമാണെന്ന് നാം  മറക്കുന്നു. ഫ്രാൻസിസ് പാപ്പാ, ഫ്രത്തെല്ലി തൂത്തി എന്ന തന്റെ ചാക്രികലേഖനത്തിൽ ഇങ്ങനെ കുറിക്കുന്നു, മറ്റുള്ളവർ നമ്മുടെ സാമൂഹികബന്ധത്തിലുള്ളവരാണോ എന്ന് നോക്കാതെ സഹായം ആവശ്യമുള്ളവർക്ക് സമീപസ്ഥനായിരിക്കാൻ ഈശോ നമ്മോട് ആവശ്യപ്പെടുന്നു.  ഇവിടെ, സമരിയക്കാരൻ മുറിവേറ്റ മനുഷ്യന് ഒരയൽക്കാരനായി മാറി. ആ വ്യക്തിയെ സമീപിച്ചുകൊണ്ടും അയാൾക്ക് തന്നെതന്നെ ലഭ്യമാക്കിക്കൊണ്ടും അദ്ദേഹം സാംസ്കാരികവും ചരിത്രപരവുമായ എല്ലാ തടസ്സങ്ങളെയും തരണം ചെയ്തു. “പോവുക, ഇതുപോലെ ചെയ്യുക” എന്നരുളിച്ചെയ്തുകൊണ്ട് ഈശോ ഉപമ ഉപസംഹരിക്കുന്നു (ലൂക്ക 10:37). മറ്റു വാക്കുകളിൽ എല്ലാ വ്യത്യാസങ്ങളെയും മറികടക്കാനും സഹനങ്ങളുടെ സന്ദർഭത്തിൽ ചോദ്യങ്ങൾ ഉന്നയിക്കാതെ മറ്റുള്ളവരുടെ അടുത്തണയാനും അവിടുന്ന് നമ്മെ വെല്ലുവിളിക്കുന്നു. സഹായിക്കേണ്ട അയൽക്കാർ എനിക്കുണ്ട് എന്നല്ല ഞാൻ പറയേണ്ടത്; പ്രത്യുത മറ്റുള്ളവർക്ക് ഞാൻ തന്നെ അയൽക്കാരനാണ് എന്നത്രേ” (Fretteli tutti, 81). എന്താണ് ശരി, എന്താണ് തെറ്റ്, എന്ന് തിരിച്ചറിയേണ്ട ഒരു കാലം. പങ്കുവെക്കുന്നതിനേക്കാൾ ഉപരിയായി സ്വീകരിക്കാനായുള്ള മനുഷ്യന്റെ സ്വാർത്ഥത. സ്വാർത്ഥത എന്നത്, മറ്റുള്ളവരുടെ താൽപ്പര്യങ്ങളേക്കാൾ സ്വന്തം താൽപ്പര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്ന മനോഭാവമാണ്. എന്നിരുന്നാലും, ബൈബിൾ നമ്മോട് കൽപ്പിക്കുന്നു: നിങ്ങളുടെ  “മാത്സര്യമോ, വൃർഥാഭിമാനമോ മൂലം  നിങ്ങൾ  ഒന്നും  ചെയ്യരുത്. മറിച്ച്, ഓരോരുത്തരും മറ്റുള്ളവരെ, തങ്ങളെക്കാൾ  ശ്രേഷ്ഠരായി കരുതണം”(ഫിലിപ്പിയർ 2:3).

നമ്മിൽ ആരും തനിക്കുവേണ്ടി ജീവിക്കുന്നില്ല, നമ്മിൽ ആരും തനിക്കുവേണ്ടി മരിക്കുന്നില്ല. നാം ജീവിക്കുന്നുവെങ്കിൽ, നാം കർത്താവിനുവേണ്ടി ജീവിക്കുന്നു, മരിച്ചാൽ നാം കർത്താവിനുവേണ്ടി മരിക്കുന്നു; ആകയാൽ നാം ജീവിച്ചാലും മരിച്ചാലും നാം കർത്താവിനുള്ളവരാണ്. മരിച്ചവരുടെയും, ജീവിച്ചിരിക്കുന്നവരുടെയും കർത്താവായിരിക്കാൻ ക്രിസ്തു മരിക്കുകയും വീണ്ടും ജീവിക്കുകയും ചെയ്തു" (റോമ 14:7-9). നാം തിന്മയെ വെറുക്കണം, എന്നാൽ വ്യക്തികളെ സ്നേഹിക്കണം. സങ്കീർത്തനം 139:14 നാം വായിക്കുന്നു "ഞാൻ  അങ്ങയെ  സ്തുതിക്കുന്നു; എന്തെന്നാൽ അങ്ങ്  എന്നെ വിസ്മയനീയമായി സൃഷ്ടിച്ചു; അവിടുത്തെ സൃഷ്ടികൾ അത്ഭുതകരമാണ് എനിക്കതു  നന്നായി അറിയാം." ശാസ്ത്രജ്ഞനായ സെഡ്രിക് ഹബിയാരെമി, തന്റെ രചനയിൽ പറയുന്നുണ്ട്,   “ജീവിതം എന്ന സമ്മാനം, വളരെ വിലപ്പെട്ടതാണ്: നമ്മൾ പരസ്പരം സ്നേഹിക്കണം” തുടർന്ന് അദ്ദേഹം ഇങ്ങനെ കുറിക്കുന്നു,  ജാതി, മതം, വൈകല്യം, ലൈംഗിക ആഭിമുഖ്യം അല്ലെങ്കിൽ മറ്റ് സ്വഭാവസവിശേഷതകൾ എന്നിവയ്‌ക്ക് പകരം നമ്മുടെ കണ്ണുകൾ ആത്മാക്കളെ കണ്ടെങ്കിൽ, പരസ്പരം സ്നേഹിക്കുന്നതിനെക്കുറിച്ചുള്ള നമ്മുടെ ആശയങ്ങൾ എത്ര വ്യത്യസ്തമായിരിക്കും? സമ്പൂർണ്ണ സമത്വവും, പരസ്പരാശ്രിതത്വവും സംബന്ധിച്ച നമ്മുടെ ആശയങ്ങൾ എത്ര വ്യത്യസ്തമായിരിക്കും? പരസ്‌പരം ദയയും, വിനയവും ഉള്ളവരായിരിക്കുക എന്ന നമ്മുടെ ആശയങ്ങൾ എത്ര വ്യത്യസ്തമായിരിക്കും?

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 ജനുവരി 2025, 19:17