ദൈവപുത്രനെക്കുറിച്ച് സാക്ഷ്യമേകുന്ന സ്‌നാപകനും ക്രൈസ്തവജീവിതവും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
തന്റെ അരികിലേക്ക് വരുന്ന യേശുവിനെക്കുറിച്ച് തന്റെ ശിഷ്യന്മാരുടെയും, തനിക്ക് ചുറ്റുമുള്ള ആളുകളുടെയും മുന്നിൽ സാക്ഷ്യം നൽകുന്ന യോഹന്നാനെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷം നമ്മോട് സംസാരിക്കുന്നത്. യേശുവിന്റെ ജ്ഞാനസ്നാനം സംബന്ധിച്ചും പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിൽ യേശുവിന്റെമേൽ ഇറങ്ങിവരുന്നതിനെക്കുറിച്ചും, "നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു" എന്ന് സ്വർഗ്ഗത്തിൽനിന്ന് ഒരു സ്വരമുണ്ടായതിനെക്കുറിച്ചും സമാന്തരസുവിശേഷകരിൽ രണ്ടു പേർ, വിശുദ്ധ മർക്കോസും ലൂക്കായും, സാക്ഷ്യപ്പെടുത്തുന്നുണ്ട് (മത്തായി 3, 13-17; മർക്കോസ് 1, 9-11; ലൂക്ക 3, 21-22). വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലാകട്ടെ, സ്വർഗ്ഗത്തിൽനിന്ന് വരുന്ന സ്വരം യേശുവിനോടല്ല, ചുറ്റുമുള്ളവരോട്, സാക്ഷ്യത്തിന്റേതായ ശൈലിയിൽ, യേശുവിനെക്കുറിച്ച്, "ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു" എന്നാണ് എഴുതിവച്ചിരിക്കുന്നത്.
വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ യേശുവിന്റെ ജ്ഞാനസ്നാനത്തെക്കുറിച്ചുള്ള വിവരണം വ്യത്യസ്തമാണ്. യേശുവിന്റെമേൽ ആത്മാവ് ഇറങ്ങി ആവസിച്ചുവെന്ന് സാക്ഷ്യം നൽകുന്ന സ്നാപകയോഹന്നാന്റെ വാക്കുകളിലൂടെയാണ് നാമതറിയുന്നത്. ആത്മാവ് ഇറങ്ങി വസിച്ച യേശുവാണ് പരിശുദ്ധാത്മാവിനെക്കൊണ്ട് സ്നാനം നൽകുന്നവൻ എന്ന്, ജലത്താൽ സ്നാനം നൽകാൻ തന്നെ അയച്ചവൻ, ദൈവം, തന്നോട് പറഞ്ഞിരുന്നുവെന്നും, യേശു ദൈവപുത്രനാണ് എന്നും യോഹന്നാൻ സാക്ഷ്യപ്പെടുത്തുന്നു.
വിശുദ്ധ മത്തായിയുടെ സുവിശേഷം പതിനൊന്നാം അദ്ധ്യായത്തിൽ യേശു പറയുന്നതുപോലെ, സ്ത്രീകളിൽനിന്ന് ജനിച്ചവരിൽ ഏറ്റവും വലിയവനായ (മത്തായി 11, 11) സ്നാപകയോഹന്നാന് ദൈവം നൽകിയിരിക്കുന്ന നിയോഗം, യേശുവിനെക്കുറിച്ചുള്ള സാക്ഷ്യം ക്രൈസ്തവജീവിതത്തിൽ എന്തുമാത്രം പ്രധാനപ്പെട്ടതാണ് എന്നീ രണ്ടു ചിന്തകളാണ് ഈ സുവിശേഷഭാഗം നമുക്ക് മുന്നിൽ ഉയർത്തുന്നത്.
യോഹന്നാന്റെ സാക്ഷ്യവും നിയോഗവും
സ്നാപകയോഹന്നാന്റെ വിളിയുടെയും സാക്ഷ്യത്തിന്റെയും ഒരു പ്രത്യേകത, അത് ക്രിസ്തുവിൽ കേന്ദ്രീകൃതമായ, ക്രിസ്തുവിലേക്ക് നയിക്കുന്ന ഒരു വിളിയാണ് എന്നതാണ്. യോഹന്നാന്റെ സുവിശേഷം ഒന്നാം അദ്ധ്യായം മുപ്പത്തിയൊന്നാം തിരുവചനത്തിൽ സ്നാപകന്റെ വാക്കുകളിലൂടെ ഇത് വ്യക്തമാകുന്നുണ്ട്. "ഇവനെ ഇസ്രായേലിനു വെളിപ്പെടുത്താൻവേണ്ടിയാണ് ഞാൻ വന്നു ജലത്താൽ സ്നാനം നൽകുന്നത്" (യോഹ. 1, 31). മനുഷ്യരെ ഹൃദയപരിവർത്തനത്തിന് ക്ഷണിച്ച്, അവരെ ജോർദ്ദാനിൽ സ്നാനപ്പെടുത്തി, വരുവാനിരിക്കുന്ന രക്ഷകനെ സ്വീകരിക്കുവാൻ ഹൃദയങ്ങളെ ഒരുക്കാനായി നിയോഗിക്കപ്പെട്ടവനെന്ന് സുവിശേഷങ്ങൾ സാക്ഷ്യപ്പെടുത്തുന്ന സ്നാപകൻ ഇവിടെ പറയുക, തന്റെ നിയോഗം, യേശുവിനെ ഇസ്രായേലിന് വെളിപ്പെടുത്തുക എന്നതാണെന്നാണ്.
പരിശുദ്ധ അമ്മയുടെ ചർച്ചക്കാരിയായ എലിസബത്തിന്റെ മകനായ യോഹന്നാൻ മുപ്പത്തിയൊന്നാം വചനത്തിന്റെ ആദ്യഭാഗത്ത് പറയുന്ന ഒരു കാര്യം നമ്മിൽ ആകാംക്ഷയുളവാക്കുന്നതാണ്: "ഞാനും ഇവനെ അറിഞ്ഞിരുന്നില്ല" (യോഹ. 1, 31). ഇന്നലെ വരെ മറിയത്തിന്റെയും യൗസേപ്പിന്റെയും മകനായി മാത്രം യേശുവിനെക്കുറിച്ച് അറിഞ്ഞിരുന്ന യോഹന്നാൻ, ഇന്ന് അവനെക്കുറിച്ച് നൽകുന്ന സാക്ഷ്യം യഹൂദജനത്തിന്റെ ചരിത്രത്തെ മാറ്റി മറിക്കുന്ന, ഇസ്രായേലിനും ലോകത്തിനും മുഴുവൻ ആനന്ദകാരണമാകുന്ന ഒന്നാണ്. "ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്"; "എനിക്ക് മുൻപേ ഉണ്ടായിരുന്നവൻ"; " പ്രാവിനെപ്പോലെ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങി വന്ന ആത്മാവ് ആവസിച്ചവൻ"; പരിശുദ്ധാത്മാവിനെക്കൊണ്ട് സ്നാനം നൽകുന്നവൻ", "ദൈവപുത്രൻ" (യോഹന്നാൻ 1, 29-31).
ഇതിൽ, ലോകത്തിന്റെ പാപം നീക്കുന്ന കുഞ്ഞാട് എന്ന ചിത്രം, പുറപ്പാട് പുസ്തകം പന്ത്രണ്ടാം അദ്ധ്യായത്തിൽ നാം കാണുന്ന, കുഞ്ഞാടിന്റെ രക്തത്താൽ അടയാളം ചെയ്യപ്പെട്ട ഭവനങ്ങളെ കർത്താവ് പ്രഹരത്തിൽനിന്ന് ഒഴിവാക്കുന്ന പെസഹാ ആചാരണരാത്രിയിയുമായും (പുറപ്പാട് 12), ലേവ്യരുടെ പുസ്തകം പതിനാറാം അദ്ധ്യായത്തിൽ കാണുന്ന, ഇസ്രായേൽജനങ്ങളുടെ അകൃത്യങ്ങൾക്കും അക്രമങ്ങൾക്കും പാപങ്ങൾക്കും പരിഹാരമായി മരണത്തിന് വിട്ടുകൊടുക്കപ്പെടുന്ന കോലാടുമായും (ലേവ്യർ 16, 21) പുറപ്പാട് പുസ്തകം ഇരുപത്തിരണ്ടാം അദ്ധ്യായത്തിൽ കാണുന്ന, ദേവാലയത്തിൽ അനുദിനബലിയായി അർപ്പിക്കപ്പെടുന്ന കുഞ്ഞാടുമായും (പുറപ്പാട് 22, 38-42) ഒക്കെ ദൈവജനത്തിന് ബന്ധപ്പെടുത്താൻ പറ്റുന്ന ഒരു ചിന്തയാണ്. എന്നാൽ ലോകത്തിലെ തിന്മയെ നശിപ്പിക്കുന്ന കുഞ്ഞാടിനെക്കുറിച്ച് യോഹന്നാൻ തന്നെ, വെളിപാട് പുസ്തകത്തിൽ പറയുന്നതും നാം കാണുന്നുണ്ട് (വെളിപാട് 5, 6; 17, 14).
ആത്മാവ് ആവസിക്കുന്നത് പരിശുദ്ധാത്മാവിനെക്കൊണ്ട് സ്നാനം നൽകാനിരിക്കുന്നവന്റെമേലാണെന്ന അറിയിപ്പ് ലഭിച്ച, അത് സ്വന്തം കണ്ണുകൾ കൊണ്ട് കണ്ട സ്നാപകൻ, യോഹന്നാന്റെ സുവിശേഷം മൂന്നാം അദ്ധ്യായം മുപ്പതാം വാക്യത്തിൽ പറയുന്നതുപോലെ, "അവൻ വളരുകയും ഞാൻ കുറയുകയും വേണം" (യോഹ. 3, 30) എന്ന ബോധ്യത്തിലേക്ക് കടന്നുവരുന്നു എന്ന് മാത്രമല്ല, അവൻ തനിക്ക് മുൻപേ അവനുണ്ടായിരുന്നുവെന്ന് അംഗീകരിക്കുകയും പരസ്യമായി ഏറ്റുപറയുകയും ചെയ്യുന്നു (യോഹ. 1, 30). യോഹന്നാന്റെ ശിഷ്യന്മാർ യേശുവിനെ പിഞ്ചെല്ലുന്നത് തൊട്ടടുത്ത വചനഭാഗത്ത് നാം കാണുന്നുണ്ട് (യോഹ. 1, 36).
യോഹന്നാന്റെ സാക്ഷ്യവും ക്രൈസ്തവജീവിതവും
ദൈവപുത്രനായിരുന്നിട്ടും, സ്നാപകനിൽനിന്ന് സ്നാനം സ്വീകരിക്കുന്ന യേശുവും, മറ്റുള്ളവർക്ക് മുന്നിൽ പ്രവാചകസ്വരത്തിൽ യേശുവിനെക്കുറിച്ച് സാക്ഷ്യം നൽകുന്ന സ്‌നാപകനും ക്രൈസ്തവജീവിതത്തിൽ ഏറെ പ്രധാനപ്പെട്ട ചില മൂല്യങ്ങളെക്കുറിച്ചും മനോഭാവത്തെക്കുറിച്ചുമാണ് നമ്മോട് പറയുന്നത്.
തന്നെ പ്രവാചകനായി കണ്ട് തന്റെ പിന്നാലെ കൂടിയ ജനത്തിന് മുന്നിൽ, യേശുവാണ് തന്നെക്കാൾ വലിയവനെന്ന് വിളിച്ചുപറയാൻ യോഹന്നാൻ കാണിക്കുന്ന എളിമയും ഉത്തരവാദിത്വബോധവും അതോടൊപ്പം അവൻ നൽകുന്ന ശക്തമായ സാക്ഷ്യവും, യേശു ആരാണെന്ന ബോധ്യത്തിൽ വളരാനും, തങ്ങൾ വിശ്വസിക്കുന്ന ദൈവപുത്രനായ ക്രിസ്തുവിന് ജീവിതം കൊണ്ട് സാക്ഷ്യം നൽകണമെന്ന ബോധ്യം ക്രൈസ്തവരിൽ ഏവരിലും വളർത്താനും സഹായിക്കുന്നവയാണ്.
ദൈവത്തിന്റെ സ്വരം കേൾക്കാനായി ശ്രദ്ധയോടെ ചെവിയോർത്ത് ജീവിക്കാൻ, ദൈവത്തിന്റെ അത്ഭുതകരമായ പ്രവർത്തനങ്ങൾ തിരിച്ചറിയാൻ, ആത്മാവിന്റെ സാന്നിദ്ധ്യം അനുഭവിച്ചറിയാൻ ഒരോ ക്രൈസ്തവനും വിളിക്കപ്പെട്ടിരിക്കുന്നു.. ചെറിയവരെന്നും, വിലയില്ലാത്തവരെന്നും ലോകം വിളിക്കുന്ന മനുഷ്യരിലും, പ്രധാനപ്പെട്ടതല്ലെന്ന് മനുഷ്യരാൽ വിധിക്കപ്പെടുന്ന ഇടങ്ങളിലും പോലും ദൈവത്തിന്റെ സാന്നിദ്ധ്യവും ശക്തിയും ഉണ്ടാകാമെന്ന ബോധ്യം ഈ സുവിശേഷഭാഗം നമ്മിൽ വളർത്തണം. അങ്ങനെ ഫ്രാൻസിസ് പാപ്പാ പലപ്പോഴും നമ്മെ ഓർമ്മിപ്പിക്കുന്നതുപോലെ, അപരനിൽ യേശുവിന്റെ സാന്നിദ്ധ്യവും, യേശുവിന്റെ മുഖവും തിരിച്ചറിയാൻ നമുക്ക് സാധിക്കണം.
ഹെബ്രായർക്കുള്ള ലേഖനം നാലാം അദ്ധ്യായത്തിൽ വിശുദ്ധ പൗലോസ് എഴുതുന്നതുപോലെ, കർത്താവിനെക്കുറിച്ചുള്ള സുവിശേഷം ലോകത്തോട് പ്രഘോഷിക്കപ്പെടുമ്പോൾ, അതിൽ വിശ്വസിക്കാതെയും, യേശുവിനെ അംഗീകരിക്കാതെയും, അവനെ തള്ളിപ്പറഞ്ഞും രക്ഷയിൽനിന്ന് അകന്നു പോയ, ദൈവത്തിന്റെ സമീപത്തേക്ക് അടുക്കാനും അവനോടൊത്തായിരിക്കാനും സാധിക്കാതെപോയ മനുഷ്യർക്കൊപ്പമാണോ നാമെന്ന ഒരു ചോദ്യം നമ്മുടെ മുന്നിലുണ്ടാകട്ടെ (ഹെബ്രാ. 4, 1-10). ദൈവപുത്രനായ ക്രിസ്തുവിനെ നാഥനായി അംഗീകരിക്കാനും, നമ്മുടെ രക്ഷയ്ക്കായി സ്വന്തം ജീവനേകുന്ന ദൈവത്തിന്റെ കുഞ്ഞാടായ അവന്റെ കാൽപ്പാടുകൾ പിൻചെന്ന് രക്ഷയും നിത്യജീവനും സ്വന്തമാക്കാനും, സ്നാപകനെപ്പോലെ ലോകത്തിന് മുന്നിൽ ക്രിസ്തുവിന് സജീവസാക്ഷ്യമേകാനും നമുക്ക് സാധിക്കട്ടെ. യേശുവിലേക്ക് വിരൽ ചൂണ്ടുന്ന സ്നാപകയോഹന്നാനും, പരിശുദ്ധ അമ്മയും, സഭയും നമുക്ക് സഹായമാകട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: