MAP

ഫാ. ഇഹോർ മക്കാർ സഞ്ചരിച്ചിരുന്ന വാഹനം ഫാ. ഇഹോർ മക്കാർ സഞ്ചരിച്ചിരുന്ന വാഹനം  (Amministrazione della città di Kherson)

റഷ്യൻ ആക്രമണത്തിൽ ഒരു ഉക്രൈൻ വൈദികന് പരിക്കേറ്റു

തെക്കൻ ഉക്രൈനിലെ ഖെർസൺ പ്രദേശത്ത് കഴിഞ്ഞ ദിവസമുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഉക്രൈൻകാരനായ ഒരു ഗ്രീക്ക് കത്തോലിക്കാ വൈദികന് പരിക്കേറ്റു. വാഹനത്തിലുണ്ടായിരുന്ന സെമിനാരിക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു. തിയോഫനി ആഘോഷത്തിനായി ഇടവകയിലേക്ക് പോകുന്ന വഴിയാണ് ആക്രമണമുണ്ടായത്.

സ്വിത്ലാന ദൂഖോവിച്, മോൺ. ജോജി വടകര, വത്തിക്കാൻ ന്യൂസ്

ജനുവരി ആറാം തീയതി റഷ്യ ഉക്രൈനിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു ഗ്രീക്ക് കത്തോലിക്കാ വൈദികന് പരിക്കേറ്റു. തിയോഫനി ആഘോഷത്തിനായി സെമിനാരിക്കാർക്കൊപ്പം യാത്ര ചെയ്യകയായിരുന്ന ഫാ. ഇഹോർ മക്കാർ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെയാണ് ആക്രമണമുണ്ടായത്. സെമിനാരിക്കാർ പരിക്കുകളേൽക്കാതെ രക്ഷപെട്ടു. ഉക്രൈനിൽ ജീവിക്കുന്നത് അപകടകരമാണെങ്കിലും, ഇവിടെ തുടരാൻ ആഗ്രഹിക്കുന്ന ജനത്തിനൊപ്പം തുടരുകയെന്നത് പുരോഹിതനെന്ന നിലയിൽ തന്റെ വിളിയുടെ ഭാഗമാണെന്ന് ഫാ. മക്കാർ പറഞ്ഞു.

തെക്കൻ ഉക്രൈനിലുള്ള ഖെർസണിലെ സെലെനിവ്കയ്ക്കടുത്തുവച്ചാണ് ആക്രമണം ഉണ്ടായതെന്ന് ഖെർസണിലെ കാരിത്താസ് ഡയറക്ടർ കൂടിയായ ഫാ. മക്കാർ വ്യക്തമാക്കി. ആക്രമണത്തിൽ നേരിട്ട മുറിവുകൾ മൂലം ഉടൻ കാലിൽ ഓപ്പറേഷൻ വേണ്ടിവരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2005 മുതൽ ഖെർസൺ പ്രദേശത്ത് സേവനം ചെയ്തുവരികയാണ് ഫാ. മക്കാർ.

റഷ്യ ഖെർസൺ പിടിച്ചെടുത്തപ്പോഴും, പ്രദേശത്തുണ്ടായിരുന്ന ആളുകൾക്ക് മരുന്നുകളും, ഭഷ്യവസ്തുക്കളും എത്തിച്ചേരുന്ന ഈ വൈദികൻ, ഉക്രൈൻ ഈ പ്രദേശത്തിന്റെ നിയന്ത്രണം തിരികെപ്പിടിച്ചതുമുതൽ ഇവിടെയുള്ള രണ്ട് ഇടവകകളിലും സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

ജനുവരി ആറാം തീയതി ചില ഓർത്തഡോക്സ് വിഭാഗങ്ങൾ ക്രിസ്തുമസ് ആഘോഷവും, ഗ്രീക്ക് കത്തോലിക്കർ തിയോഫനി തിരുനാളും, ലത്തീൻ വിശ്വാസികൾ എപ്പിഫനിയും ആഘോഷിക്കുന്നതിനിടെയും, റഷ്യൻ സൈന്യം ഉക്രൈനിൽ തങ്ങളുടെ ആക്രമണം തുടരുകയായിരുന്നു. ഇതേ ദിവസം ഷുമേൻസ്കി പ്രദേശത്ത് റഷ്യൻ സൈന്യം ഒരു ബസിനുനേരെ ഡ്രോൺ ആക്രമണം നടത്തി. സംഭവത്തിൽ ഒരാൾ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഖെർസൺ പ്രദേശത്ത് തന്നെ നടന്ന മറ്റൊരു ഡ്രോൺ ആക്രമണത്തിൽ 48 വയസ്സുള്ള മറ്റൊരാളും കൊല്ലപ്പെട്ടിരുന്നു.

ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ മാത്രം ഉക്രൈനിൽ 574 സാധാരണക്കാർ കൊല്ലപ്പെടുകയും 3082 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 ജനുവരി 2025, 15:08