MAP

ചൈനയിൽ കത്തോലിക്കാവൈദികൻ അന്തോണിയൊ ജി വൈസോംഗ് (Antonio Ji Weizhong) (കടപ്പാട്: ഫീദെസ് വാർത്താ എജൻസിയോട്) ചൈനയിൽ കത്തോലിക്കാവൈദികൻ അന്തോണിയൊ ജി വൈസോംഗ് (Antonio Ji Weizhong) (കടപ്പാട്: ഫീദെസ് വാർത്താ എജൻസിയോട്)  (© Fides)

ചൈനയിൽ ഒരു കത്തോലിക്കാ മെത്രാൻ അഭിഷിക്തനായി!

പരിശുദ്ധസിംഹാസനവും ചൈനയും തമ്മിലുള്ള ഉടമ്പടിയ്ക്കനുസൃതം നിയമനം അംഗീകരിക്കപ്പെട്ടതിനെ തുടർന്നാണ് ജനുവരി 20-ന് ഫാദർ അന്തോണിയൊ ജി വൈസോംഗ് മെത്രാനായി അഭിഷിക്തനായത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ചൈനയിൽ അന്തോണിയൊ ജി വൈസോംഗ് എന്ന കത്തോലിക്കാ വൈദികൻ മെത്രാനായി അഭിഷിക്തനായി.

പരിശുദ്ധസിംഹാസനവും ചൈനയും തമ്മിലുള്ള ഉടമ്പടിയ്ക്കനുസൃതം അദ്ദേഹത്തിൻറെ നിയമനം അംഗീകരിക്കപ്പെട്ടതിനെ തുടർന്നാണ് ജനുവരി 20-ന് തിങ്കളാഴ്ച ഈ മെത്രാഭിഷേകം നടന്നതെന്ന് വത്തിക്കാൻ ഒരു പത്രക്കുറിപ്പിൽ വെളിപ്പെടുത്തി.

2024 ഒക്ടോബർ 28-ന് ഫ്രാൻസീസ് പാപ്പാ ചൈനയിൽ ഫെൻയാംഗ് രൂപത റദ്ദാക്കിക്കൊണ്ട് അന്നു തന്നെ സ്ഥാപിച്ച ലുലിയാംഗ് രൂപതയുടെ പ്രഥമ ഭരണസാരഥിയാണ് പുതിയ മെത്രാൻ അന്തോണിയൊ ജി വൈസോംഗ്.

ഷാംഗ്ഹായിൽ 1973 ആഗസ്റ്റ് 3-നാണ് നവമെത്രാൻ ജി വൈസോംഗിൻറെ ജനനം. ബൈജിംഗിലെ സെമിനാരിയിൽ വൈദികപഠനം പൂർത്തിയാക്കിയ അദ്ദേഹം 2001 ഒക്ടോബർ 14-നാണ് പൗരോഹിത്യം സ്വീകരിച്ചത്.

അദ്ദേഹത്തിനു ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ലുലിയാംഗ് രൂപതാതിർത്തിക്കുള്ളിലെ നിവാസികളുടെ സംഖ്യ 33 ലക്ഷത്തി 46500 ആണ്. അതിൽ കത്തോലിക്കരുടെ സംഖ്യ ഇരുപതിനായിരം മാത്രമാണ്. ഇവരുടെ അജപാലനകാര്യങ്ങളിൽ ശ്രദ്ധിക്കാൻ അമ്പതിൽപ്പരം വൈദികരും ഇരുപത്തിയഞ്ചിലേറെ സന്ന്യാസിനികളും ഈ രൂപതയിലുണ്ട്.

ചൈനയിൽ കത്തോലിക്കാസഭയ്ക്ക് പൂർണ്ണ പ്രവർത്തന സ്വാതന്ത്ര്യമില്ല. പരിശുദ്ധസിംഹാസനവും ചൈനയുടെ സർക്കാരും തമ്മിലുള്ള പ്രത്യേക ഉടമ്പടിയുടെ വെളിച്ചത്തിൽ സർക്കാർ നിയന്ത്രണത്തിൽ പരിമിതികളോടെമാത്രമാണ് അന്നാട്ടിൽ സഭാജീവിതം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 ജനുവരി 2025, 12:00