ജ്ഞാനസ്നാനം പ്രാർത്ഥനാ ജീവിതത്തിലേക്കുള്ള കവാടമാണ്
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
യേശുവിന്റെ തിരുപ്പിറവിയും, പൂജരാജാക്കന്മാരുടെ സന്ദർശനം സ്മരിക്കുന്ന പ്രത്യക്ഷീകരണ തിരുനാളുമൊക്കെ ലത്തീൻ ആരാധനക്രമത്തിൽ ആഘോഷിച്ചതിനുശേഷം സാധാരണ കാലത്തിലേക്ക് കടക്കുന്ന അവസരത്തിൽ യേശുവിന്റെ ജ്ഞാനസ്നാനതിരുനാൾ സഭയിൽ ആഘോഷിക്കുന്നു. യേശുവിന്റെ മാമോദീസയുടെ ഓർമ്മ, ദൈവമക്കളായി നാമും സഭയിൽ ജനിച്ചതിന്റെ മാഹാത്മ്യം എടുത്തുകാണിക്കുകയും, ആ ചൈതന്യത്തിൽ ജീവിക്കുവാൻ നമുക്ക് സാധിക്കുന്നുണ്ടോ എന്ന് സ്വയം വിചിന്തനം നടത്തുവാൻ നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു. പാപമില്ലാത്തവനായിരുന്നിട്ടും, ദൈവാത്മാവിനാൽ നിറഞ്ഞവനായിരുന്നിട്ടും, ദൈവത്തിന്റെ പ്രിയപുത്രൻ ആയിരുന്നിട്ടും, യേശു എന്തിനാണ് ജോർദാൻ നദിയിൽ വച്ച് ജ്ഞാനസ്നാനം സ്വീകരിച്ചതെന്ന ഒരു ചോദ്യം ചിലപ്പോഴെങ്കിലും നമ്മുടെ ഉള്ളിൽ ഉയരുവാൻ സാധ്യതയുണ്ട്. യോഹന്നാൻ്റെ ശുശ്രൂഷയുടെ പാരമ്യമാണ് യേശുവിൻ്റെ സ്നാനം.
യേശുവിൻ്റെ സ്നാനത്തിൻ്റെ നിമിഷത്തിലാണ് യോഹന്നാൻ പൂർണ്ണ അർത്ഥത്തിൽ സ്നാപകനായി മാറുന്നത്. യേശുവിന്റെ നിർബന്ധത്തിനു വഴങ്ങി, അവനു സ്നാനം നൽകുവാൻ തയാറാകുന്ന യോഹന്നാനെ കുറിച്ച് വചനം പറയുന്നത് ഇപ്രകാരമാണ്: "ഞാന്‍ നിന്നില്‍നിന്ന് സ്‌നാനം സ്വീകരിക്കേണ്ടിയിരിക്കെ, നീ എന്റെ അടുത്തേക്കുവരുന്നുവോ എന്നു ചോദിച്ചുകൊണ്ട് യോഹന്നാന്‍ അവനെ തടഞ്ഞു. എന്നാല്‍, യേശു പറഞ്ഞു: ഇപ്പോള്‍ ഇതു സമ്മതിക്കുക; അങ്ങനെ സര്‍വനീതിയും പൂര്‍ത്തിയാക്കുക നമുക്ക് ഉചിതമാണ്. അവന്‍ സമ്മതിച്ചു" (മത്തായി 3, 14-15). 'ഇതാ കർത്താവിൻ്റെ ദാസി; നിൻ്റെ വാക്കുപോലെ എന്നിൽ ഭവിക്കട്ടെ" എന്ന് പറഞ്ഞ മറിയത്തെപ്പോലെ യോഹന്നാന്റെ ജീവിതത്തിലെ മംഗളവാർത്തയുടെ പൂർത്തീകരണത്തിലേക്കാണ്, യേശുവിന്റെ ജ്ഞാനസ്നാനം അവനെ നയിക്കുന്നത്. ഇത്, തുടർന്ന് യോഹന്നാനെ യാഥാർത്ഥ ക്രിസ്തുഅനുഭവത്തിലേക്ക് നയിക്കുന്നു, അത് എളിമയുടേതാണ്. ആണ്ടുവട്ടക്കാലത്തിൽ യേശുവിന്റെ ജനനത്തിന്റെയും, ജ്ഞാനസ്നാനത്തിന്റെയും എളിമയാർന്ന ജീവിത മാതൃക നമ്മുടെ ജീവിതത്തിലും പുലർത്തുന്നതിനുള്ള ക്ഷണം കൂടിയാണ് ഈ തിരുനാൾ.
എന്നാൽ ഇതെല്ലാം ചരിത്രത്തിൽ ആകസ്മികമായി സംഭവിച്ച കാര്യങ്ങളല്ല എന്ന് വെളിപ്പെടുത്തുന്നതാണ് ആദ്യവായന. പഴയനിയമത്തിൽ പ്രവചിക്കപെട്ട കാര്യങ്ങളുടെ പൂർത്തീകരണമാണ് പുതിയനിയമത്തിലെ യേശുവിന്റെ ജീവിതമെന്നു ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ നിന്നുമുള്ള ആദ്യവായന നമ്മെ പഠിപ്പിക്കുന്നു. ജറുസലേം നിവാസികൾക്ക് തങ്ങളുടെ കഷ്ടതകളിൽ ആശ്വാസം പകർന്നു നൽകുന്ന കരുണാമയനായ ഒരു ദൈവത്തെയാണ് പ്രവാചകൻ നമുക്ക് ചൂണ്ടിക്കാണിക്കുന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്ന യേശുവിന്റെ ഹൃദയ വിശാലതയെയും ഈ വചനഭാഗം നമ്മെ ഓർമ്മിപ്പിക്കുന്നു. "താഴ്‌വരകൾ നിരത്തപ്പെടും, മലകളും കുന്നുകളും താഴ്ത്തപ്പെടും, ദുർഘടപ്രദേശങ്ങൾ സമതലമാകും, കർത്താവിന്റെ മഹത്വം വെളിപ്പെടും", ഏശയ്യാ പ്രവാചകന്റെ ഈ വചനങ്ങൾ യേശുവിന്റെ ജ്ഞാനസ്നാന വേളയിൽ യോഹന്നാൻ വിളിച്ചുപറഞ്ഞ മാനസാന്തരത്തിനായുള്ള ആഗോള ആഹ്വാനത്തെ വെളിപ്പെടുത്തുന്നു.
തിരുപ്പിറവിയിൽ എളിമയുടെ മാതൃക കാട്ടികൊണ്ട്, അകലെയായിരുന്നവരെയും ഗ്ലോറിയ ഗീതം പാടി തന്റെ കൂടെ ചേർത്ത യേശു ജ്ഞാനസ്നാനവേളയിൽ, ക്രൈസ്തവീകതയുടെ ഉന്നതിയിലേക്ക് നമ്മെ ക്ഷണിക്കുന്നു. യേശുവിന്റെ മാമോദീസ, നമ്മുടെ ക്രിസ്തീയ ജീവിത സാക്ഷ്യത്തിനു നമ്മെ വിളിക്കുന്ന ജ്ഞാനസ്നാനത്തിലേക്ക് ക്ഷണിക്കുന്നു. അതുകൊണ്ടാണ് പ്രവാചകൻ ഇപ്രകാരം പറയുന്നത്: "സദ്‌വാർത്തയുമായി വരുന്ന സീയോനെ, ഉയർന്ന മലയിൽ കയറി ശക്തിയോടെ സ്വരമുയർത്തി പറയുക. സദ്‌വാർത്തയുമായി വരുന്ന ജെറുസലേമേ നിർഭയം വിളിച്ചുപറയുക. യൂദായുടെ പട്ടണങ്ങളോട് പറയുക , ഇതാ നിങ്ങളുടെ ദൈവം, ഇതാ ദൈവമായ കർത്താവ് ശക്തിയോടെ വരുന്നു." ജ്ഞാനസ്നാനത്തിലൂടെ നാമും ഉന്നതിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നുവെന്നും, അത് നമ്മുടെ ജീവിതത്തിൽ നിന്നും പാപത്തിന്റെയും, മരണത്തിന്റെയും ഭയം അകറ്റുന്നുവെന്നും, ദൈവത്തിന്റെ ശക്തിയിൽ ആശ്രയം വച്ച് കൊണ്ട് ജീവിക്കുവാൻ നമ്മെ ധൈര്യപ്പെടുത്തുന്നുവെന്നും പ്രവാചകൻ നമ്മെ ഓർമ്മിപ്പിക്കുന്നു. അതിനാൽ യേശുവിന്റെ ജ്ഞാനസ്നാനം, അനാദിയിലെ രൂപം കൊണ്ട സ്നേഹത്തിന്റെ ദൈവീകപദ്ധതിയാണെന്ന് ഒന്നാം വായന നമ്മെ ഉദ്ബോധിപ്പിക്കുന്നു.
യേശുവിന്റെ പരസ്യജീവിതത്തിന്റെയും, തുടർന്നുള്ള പീഡാസഹനങ്ങളുടെയും തുടക്കം കുറിക്കുന്നത് ഈ ജ്ഞാനസ്നാനത്തിലൂടെയാണെന്നും, ഇത് ദൈവ കൃപയുടെ പ്രത്യക്ഷീകരണമാണെന്നും രണ്ടാം വായനയിൽ വിശുദ്ധ പൗലോസ് അപ്പസ്തോലൻ നമ്മെ അനുസ്മരിപ്പിക്കുന്നു. ഇവിടെ മാമോദീസയിലൂടെ നാം അനുസരിക്കേണ്ടുന്ന ജീവിതചര്യകളെക്കുറിച്ചു ഒരിക്കൽ കൂടി നമ്മെ ബോധ്യപ്പെടുത്തുന്നു. തിന്മകൾ ഉപേക്ഷിക്കുക മാത്രമല്ല ക്രിസ്തീയ ജീവിതമെന്നും, സത്‌പ്രവൃത്തികൾ ചെയ്യുന്നതിലുള്ള തീക്ഷ്ണതയും, ഒപ്പം പ്രാധാന്യമർഹിക്കുന്നതാണെന്നും രണ്ടാം വായന നമ്മെ ഓർമ്മിപ്പിക്കുന്നു. പക്ഷെ നമ്മുടെ പ്രവൃത്തികളാലല്ല രക്ഷ നേടുന്നതെന്നും മറിച്ച്, യേശുവിന്റെ കാരുണ്യത്താൽ പരിശുദ്ധാത്മാവിനാൽ അവിടുന്ന് നിർവഹിച്ച പുനരുജ്ജീവനത്തിന്റെയും, നവീകരണത്തിന്റെയും സ്നാനത്താൽ ആണെന്നും അപ്പസ്തോലൻ രണ്ടാം വായനയിൽ പ്രത്യേകം ഓർമ്മിപ്പിക്കുന്നു. അതുകൊണ്ട് യേശുവിന്റെ ജ്ഞാനസ്നാനം, നമ്മുടെ രക്ഷയുടെ കാരണമായെന്നും, തന്റെ ജ്ഞാനസ്നാനത്തിലൂടെയാണ്, അവിടുന്ന് നമ്മിൽ പരിശുദ്ധാത്മാവിനെ സമൃദ്ധമായി വർഷിച്ചതെന്നും ഈ വായന നമ്മെ ഉദ്ബോധിപ്പിക്കുന്നു.
ഈ ഇരുവായനകളുടെയും ചൂണ്ടുപലകയായ യേശുവിന്റെ ജ്ഞാനസ്നാനത്തെയാണ് ഇന്നത്തെ സുവിശേഷഭാഗം നമുക്ക് കാട്ടിത്തരുന്നത്. മറ്റു സുവിശേഷങ്ങളിൽ നിന്നും വ്യത്യസ്തമായി ലൂക്ക സുവിശേഷകൻ യേശുവിന്റെ ജ്ഞാനസ്നാനത്തെ എടുത്തു കാണിക്കുന്നത്, പ്രാർത്ഥനയോടെ സ്നാനം സ്വീകരിക്കുന്ന യേശുവിനെയും, ജനത്തോടൊപ്പം സ്നാനം സ്വീകരിക്കുവാൻ കാത്തുനിൽക്കുന്ന യേശുവിന്റെ എളിമയെയുമാണ്. താൻ ദൈവപുത്രനായിരുന്നിട്ടും, മറ്റുള്ളവരോടൊപ്പം സമനായി നിന്നുകൊണ്ട്, സഹജരെ രക്ഷയിലേക്കു നയിക്കുന്ന യേശുവിനെയാണ് ഇവിടെ നമുക്ക് കാണുവാൻ സാധിക്കുന്നത്. ജ്ഞാനസ്നാനം എളിമയുടെ ഒരു ജീവിതത്തിലേക്ക് നമ്മെ ക്ഷണിക്കുന്നു. ഒരുപക്ഷെ ഇന്ന് ജ്ഞാനസ്നാനത്തിന്റെ കൗദാശീക ആത്മീയതയെക്കാൾ ഉപരിയായി പ്രൗഢിയുടെയും, ആഘോഷങ്ങളുടെയും ആർഭാടം കാണിക്കുമ്പോൾ, യേശുവിന്റെ ജ്ഞാനസ്നാനം നൽകുന്ന വലിയ പാഠമാണ്, എളിമയുടെ ഈ മാതൃക. അടുത്ത പ്രാർത്ഥന യേശുവിൻ്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളെ അടയാളപ്പെടുത്തുന്നു എന്നുള്ളതാണ്. ഇവിടെ അവൻ്റെ ശുശ്രൂഷയുടെ ആരംഭം അടയാളപ്പെടുത്തുന്നു, അതായത്, യേശുവിൻ്റെ ആദ്യത്തെ പരസ്യമായ പ്രവൃത്തി പ്രാർത്ഥനയാണ്. മാമോദീസയിലൂടെ യേശു നമുക്ക് കാട്ടിത്തരുന്ന മാതൃക പ്രാർത്ഥനയുടെ ജീവിതമാണ്. ദൈവവുമായുള്ള സംഭാഷണം ഊട്ടിയുറപ്പിക്കുന്നതിനും, വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്നതിനും ഈ പ്രാർത്ഥനാജീവിതം നമ്മെ ക്ഷണിക്കുന്നു. യേശുവിന്റെ ഈ പ്രാർത്ഥനാമനോഭാവമാണ്, തുടർന്ന് ത്രിത്വയ്കദൈവത്തിന്റെ പ്രത്യക്ഷീകരണത്തിനു യേശുവിന്റെ ജ്ഞാനസ്നാനം ഇടയാക്കിയത്.
തന്റെ മാമോദീസയിലൂടെ യേശു നമുക്ക് പ്രകാശമുള്ള ദൈവത്തിൻ്റെ മുഖം വെളിപ്പെടുത്തുന്നു , അവൻ്റെ ശക്തി നമ്മളുമായിപങ്കുവയ്ക്കുന്നു. യേശുവിന്റെ മാമോദീസ ആഘോഷിക്കുന്ന ഈ അവസരത്തിൽ നാം നമ്മോടു തന്നെ ചോദിക്കേണ്ടുന്ന ഒരു ചോദ്യമുണ്ട്: മാമോദീസയിലൂടെ നമുക്ക് ലഭിച്ച ദൈവീക പ്രഭാവം എന്റെ ജീവിതത്തിൽ ഇന്നും കാത്തുസൂക്ഷിക്കുവാൻ എനിക്ക് സാധിക്കുന്നുണ്ടോ? മാമോദീസയിലൂടെ ഞാൻ ജീവിതത്തിൽ സ്വീകരിക്കേണ്ടുന്ന എളിമയുടെ ജീവിത ശൈലിയും, പ്രാർത്ഥനയുടെ ജീവിതവും തുടരുവാൻ എനിക്ക് കഴിയുന്നുണ്ടോ? മാമോദീസയിലൂടെ മിശിഹായുടെ രാജകീയ പൗരോഹിത്യത്തിൽ അംഗങ്ങളായ നമുക്ക്, ദൈവത്തിന്റെ ശോഭയെ ജീവിതത്തിൽ സ്വീകരിക്കുവാനും, മറ്റുള്ളവർക്ക് പകർന്നു നൽകുവാനും സാധിക്കുന്നുണ്ടോ? ആണ്ടുവട്ടത്തിലേക്കു പ്രവേശിക്കുന്ന നമുക്ക് നമ്മുടെ ജീവിതത്തെ ദൈവഹിതാനുസരണം ഒരുക്കുന്നതിന്, മാമോദീസയിലൂടെ ലഭിച്ച വരദാനങ്ങളിൽ അനുനിമിഷം വളരാം, ഒപ്പം എന്റെ സഹോദരങ്ങൾക്കു യേശുവിന്റെ കൃപ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: