MAP

ചാക്രികലേഖനം  'ദിലെക്സിത്ത് നോസ്' ചാക്രികലേഖനം 'ദിലെക്സിത്ത് നോസ്'  

ഫ്രാൻസിസ് പാപ്പായുടെ ചാക്രിക ലേഖനം ദിലെക്സിത്ത് നോസ് ന്റെ മലയാള പരിഭാഷ പ്രസിദ്ധീകരിച്ചു

ഫ്രാൻസിസ് പാപ്പായുടെ നാലാമത്തെ ചാക്രികലേഖനം 'ദിലെക്സിത്ത് നോസ്' യേശുവിന്റെ തിരുഹൃദയസ്‌നേഹത്തെക്കുറിച്ചും, തിരുഹൃദയത്തോടുള്ള ഭക്തിയെക്കുറിച്ചും പ്രതിപാദിക്കുന്നതാണ്. 'അവൻ നമ്മെ സ്നേഹിച്ചു' എന്നതാണ്, ദിലെക്സിത്ത് നോസ് എന്ന ലത്തീൻ പദത്തിന്റെ മലയാള വിവർത്തനം.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഫ്രാൻസിസ് പാപ്പായുടെ നാലാമത്തെ ചാക്രിക ലേഖനമായ ദിലെക്സിത്ത് നോസ്  ന്റെ മലയാള പരിഭാഷ 2024 ഡിസംബർ ഒന്നാം തീയതി കേരള കത്തോലിക്കാ സഭ മെത്രാൻ സമിതിയുടെ പ്രസിഡന്റും,  മലങ്കര കത്തോലിക്കാസഭാ മേലധ്യക്ഷനുമായ അഭിവന്ദ്യ കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രകാശനം ചെയ്തു.  തദവസരത്തിൽ നിഷ്പാദുക കർമ്മലീത്താ സഭയുടെ  മലബാർ പ്രവിശ്യയുടെ പ്രൊവിൻഷ്യൽ റവ ഫാദർ പീറ്റർ ചക്യത്ത് ഓ സി ഡി, പരിഭാഷകനും, കാർമൽ പ്രസിദ്ധീകരണ ശാലയുടെ ഡയറക്ടർ  ഫാ. ജെയിംസ് ആലക്കുഴിയിൽ ഓ സി ഡി, ഫാദർ തോമസ് കുരിശിങ്കൽ ഓ സി ഡി എന്നിവർ സന്നിഹിതരായിരുന്നു.

തന്റെ  നാലാമത്തെ ചാക്രിക ലേഖനത്തിലൂടെ ഹൃദയം നഷ്ടപ്പെടുന്ന ഈ ലോകത്തിന് ഹൃദയമാകാൻ  പാപ്പാ എല്ലാ മനുഷ്യരെയും ക്ഷണിക്കുന്നു. യുദ്ധങ്ങളും,  സാമൂഹിക-സാമ്പത്തിക അസമത്വങ്ങളും,  സാങ്കേതികവിദ്യയുടെ ഭീഷണിപ്പെടുത്തുന്ന വളർച്ചയും ഇന്നത്തെ ലോകത്തിന് യഥാർത്ഥ ഹൃദയം നഷ്ടമാകാൻ കാരണമാകുന്നു. എന്നാൽ ക്രിസ്തുവിന്റെ ദൈവികവും മാനുഷികവുമായ സ്നേഹം വീണ്ടെടുക്കുന്നതിലൂടെ ഇത് പരിഹരിക്കാൻ സാധിക്കുമെന്ന് പരിശുദ്ധ പിതാവ് ഓർമിപ്പിക്കുന്നു.

സമകാലിക വെല്ലുവിളികൾക്കിടയിൽ തിരുഹൃദയ ഭക്തി പുനർജീവിപ്പിച്ചുകൊണ്ട് ഹൃദയമില്ലാത്ത ഒരു സമൂഹത്തിന് തിരുഹൃദയത്തിന്റെ സ്നേഹവും ആർദ്രതയും ഫ്രാൻസിസ് പാപ്പാ, വിശുദ്ധ ഗ്രന്ഥത്തിന്റെയും ദൈവശാസ്ത്ര പഠനങ്ങളുടെയും സഭാ പാരമ്പര്യങ്ങളുടെയും വിശുദ്ധരുടെ ജീവിത സാക്ഷ്യങ്ങളുടെയും വെളിച്ചത്തിൽ ചാക്രികലേഖനത്തിലൂടെ  വരച്ചുകാട്ടുന്നു. ഈ ലോകത്തിൽ ഹൃദയമാകാനും ഹൃദയമേകാനുമുള്ള ആഹ്വാനമാണ് ഫ്രാൻസിസ് പാപ്പായുടെ നാലാമത്തെ ചാക്രികലേഖനം. മലയാളപരിഭാഷയുടെ പ്രസിദ്ധീകരണത്തിനു ശേഷം നിരവധി പ്രതികൾ വിശ്വാസിസമൂഹം സ്വീകരിച്ചുവെന്നതും, ഏറെ പ്രത്യേകതയർഹിക്കുന്നു.

ലുമെൻ ഫിദെയി (2013), ലൗദാത്തോ സി (2015) ഫ്രത്തെല്ലി തൂത്തി (2020) എന്നിവയാണ് ഫ്രാൻസിസ് മാർപാപ്പയുടെ ഇതര ചാക്രിക ലേഖനങ്ങൾ. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 ഡിസംബർ 2024, 13:44