MAP

പെസഹാ വ്യാഴാഴ്ച്ച ഫ്രാൻസിസ് പാപ്പാ റെബിബിയ ജയിലിൽ കർമ്മങ്ങൾ  അനുഷ്ഠിക്കുന്നു പെസഹാ വ്യാഴാഴ്ച്ച ഫ്രാൻസിസ് പാപ്പാ റെബിബിയ ജയിലിൽ കർമ്മങ്ങൾ അനുഷ്ഠിക്കുന്നു   (ANSA)

2025 ജൂബിലി വർഷത്തിൽ വിശുദ്ധ വാതിൽ ഇറ്റലിയിലെ ജയിൽ ദേവാലയത്തിലും

2025 ജൂബിലി വർഷത്തോടനുബന്ധിച്ച് , ഫ്രാൻസിസ് പാപ്പാ 2024 ഡിസംബർ 26 ന് ഇറ്റലിയിലെ റെബിബിയ കാരാഗൃഹത്തിലും വിശുദ്ധ വാതിൽ തുറക്കും

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

“സ്‌പെസ് നോൺ കോൺഫൂന്ദിത്ത്” ജൂബിലിക്കു വേണ്ടിയുള്ള പേപ്പൽ രേഖയിൽ പറയുന്നതുപോലെ കാരാഗൃഹത്തിൽ കഴിയുന്നവർക്കു മാനസാന്തരത്തിന്റെയും, ദൈവീക കരുണയുടെയും അനുഭവങ്ങൾ നൽകുവാൻ, ഇറ്റാലിയൻ നീതി ന്യായ മന്ത്രിസഭയുടെ അനുവാദത്തോടെ ഫ്രാൻസിസ് പാപ്പാ 2024 ഡിസംബർ 26 ന് ഇറ്റലിയിലെ റെബിബിയ കാരാഗൃഹത്തിലും വിശുദ്ധ വാതിൽ തുറക്കും.

വിശുദ്ധ വർഷത്തിൽ, സാമൂഹിക പ്രവർത്തനങ്ങളിലൂടെ നിരവധി തടവുകാരെ പുനരധിവസിപ്പിക്കുന്നതിനുള്ള രൂപങ്ങൾ നടപ്പിലാക്കാനും വിവിധ പദ്ധതികൾ തയാറാക്കുന്നതായി ജൂബിലി പരിപാടികളെക്കുറിച്ചുള്ള പത്രസമ്മേളനത്തിൽ ആർച്ച് ബിഷപ്പ് ഫിസിക്കേല്ല പറഞ്ഞു.

ഇതോടെ പതിനഞ്ചാമത്തെ തവണയാണ് ഫ്രാൻസിസ് പാപ്പാ ജയിൽ സന്ദർശനം നടത്തി അന്തേവാസികളുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. കാരാഗൃഹത്തിൽ വിശുദ്ധ വാതിൽ തുറക്കുന്നത്, ജൂബിലികളുടെ ചരിത്രത്തിലെയും ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്നാണ്.

ഒൻപത് വർഷങ്ങൾക്ക് മുമ്പ് പെസഹ വ്യാഴാഴ്ച സന്ദർശിച്ച റെബിബിയ ജയിലിൽ , “പ്രതീക്ഷയുടെ തീർത്ഥാടകനായി” പോകാനും ലോകമെമ്പാടുമുള്ള എല്ലാ ജയിലുകളിലെയും തടവുകാർക്കൊപ്പം കർത്താവിന്റെ കരുണ പങ്കുവയ്ക്കുവാനുമുള്ള പാപ്പായുടെ ആഗ്രഹമാണ് ഈ വിശുദ്ധ വാതിൽ. അങ്ങനെ അത് അവരെ ഭാവിയിലേക്ക് പ്രതിബദ്ധതയോടെ നോക്കാൻ ക്ഷണിക്കുന്ന ഒരു പ്രതീകമായിരിക്കുമെന്നും രേഖയിൽ പാപ്പാ പ്രത്യേകം എഴുതിയിരുന്നു. ജയിൽവാസത്തിൻ്റെ കാഠിന്യം നേരിടുന്നവരുടെ അവസ്ഥയെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും ആർച്ച് ബിഷപ്പ് ഫിസിക്കെല്ല ചൂണ്ടിക്കാട്ടി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 ഒക്‌ടോബർ 2024, 12:32