MAP

സംസ്കാരച്ചടങ്ങുകൾ സംസ്കാരച്ചടങ്ങുകൾ   (ANSA)

മെക്സിക്കോയിൽ വൈദികൻ കൊല്ലപ്പെട്ടു

മെക്സിക്കോയുടെ പ്രവാചകൻ എന്നറിയപ്പെട്ട ഈശോസഭാവൈദികനായ ഡോൺ മാഴ്‌സെലോ പെരെസ് കൊല്ലപ്പെട്ടു. ഞായറാഴ്ച്ച ദിവ്യബലിക്കുശേഷം മടങ്ങിവരവെയാണ് അദ്ദേഹത്തെ അക്രമികൾ നിഷ്കരുണം കൊലപ്പെടുത്തിയത്.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

മെക്‌സിക്കൻ സംസ്ഥാനമായ ചിയാപാസിലെ ഒരു നഗരമായ സാൻ ക്രിസ്റ്റോബൽ ഡി ലാസ് കാസസിൻ്റെ സമീപപ്രദേശമായ കുക്‌സ്‌റ്റിറ്റാലിയിലെ ഇടവകയിൽ കഴിഞ്ഞ ഞായറാഴ്ച്ച ദിവ്യബലിയർപ്പിച്ചശേഷം, മറ്റൊരു ദേവാലയത്തിലേക്ക് പോകും വഴി ഈശോസഭാവൈദികനായ ഡോൺ മാഴ്‌സെലോ പെരെസിനിയെ അക്രമികൾ കൊലപ്പെടുത്തി. മോട്ടോർ സൈക്കിളിലെത്തിയ സംഘമാണ് നാല്പതുകാരനായ വൈദികനുനേരെ നിറയൊഴിച്ചത്. മെക്സിക്കോയിലെ സാധാരണ ജനതയുടെ സമാധാനത്തിനും, മനുഷ്യാവകാശ സംരക്ഷണത്തിനും തന്റെ ജീവിതം ഉഴിഞ്ഞുവച്ച വൈദികനായിരുന്നു ഫാ. പെരെസ്. അതിനാൽ അദ്ദേഹത്തെ മെക്സിക്കോയുടെ പ്രവാചകൻ എന്നാണ് പ്രദേശവാസികൾ വിളിച്ചിരുന്നത്.

സംഘടിത കുറ്റകൃത്യങ്ങൾ ആധിപത്യം പുലർത്തുന്നതിനാൽ ചിയാപാസ് സംസ്ഥാനം കൂടുതൽ അപകടത്തിലാണ് എന്ന് അടുത്തിടെ അദ്ദേഹം നൽകിയ ഒരു അഭിമുഖത്തിൽ എടുത്തുപറഞ്ഞിരുന്നു. വൈദികന്റെ കൊലപാതകത്തിൽ അടിയന്തരവും സമഗ്രവുമായ അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്രസഭയും ആവശ്യപ്പെട്ടു. ഫാ. മാഴ്‌സെലോയുടെ മരണം സമൂഹത്തിന് തങ്ങളുടെ പ്രിയപ്പെട്ട  ഇടയനെ നഷ്ടപ്പെടുത്തുക മാത്രമല്ല, മേഖലയിലെ സമാധാനത്തിനും നീതിക്കും വേണ്ടി അക്ഷീണം പോരാടിയ ശബ്ദത്തെ നിശബ്ദമാക്കുകയും ചെയ്തുവെന്ന് മെക്സിക്കൻ മെത്രാൻ സമിതി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. സമൂഹത്തിലെ ഏറ്റവും ദരിദ്രരും ദുർബലരുമായവരോടുള്ള പൗരോഹിത്യ പ്രതിബദ്ധതയുടെ ജീവിക്കുന്ന ഉദാഹരണമായിരുന്നു ഫാ. മാഴ്‌സെലോ എന്നും കുറിപ്പിൽ എടുത്തു പറയുന്നു.

രണ്ടു വർഷങ്ങൾക്കു മുൻപ് മറ്റു രണ്ടു ഈശോസഭാവൈദികരേയും മറ്റൊരു സംസ്ഥാനത്തിൽ കൊലപ്പെടുത്തിയിരുന്നു. ചിയാപാസിനും ജാലിസ്കോയ്ക്കും ഇടയിൽ കടന്നുപോകുന്ന മയക്കുമരുന്ന്, കള്ളക്കടത്ത് സംഘങ്ങളുടെ മേൽ നടത്തുന്ന അതിശക്തമായ പ്രതിഷേധങ്ങൾ രണ്ട് ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനു വഴിവച്ചിട്ടുണ്ട്, ഇതാണ് അക്രമങ്ങൾക്കു കാരണമെന്നു വിലയിരുത്തപ്പെടുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 ഒക്‌ടോബർ 2024, 11:39