പ്രായോഗികമായ പരിസ്ഥിതിവീക്ഷണം ഇന്നിന്‍റെ അനിവാര്യത
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. നവമായ വീക്ഷണത്തിനുള്ള ആഹ്വാനം
ലോകത്തെ ഗ്രസിച്ചിരിക്കുന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ നവമായൊരു സമര്‍പ്പണമാണ് പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ ക്രൈസ്തവര്‍ ഉള്‍ക്കൊള്ളേണ്ടതെന്ന് സെപ്തംബര്‍ 1-ന് ആരംഭിച്ച “സൃഷ്ടിയുടെ കാല”ത്തോട് അനുബന്ധിച്ചിറക്കിയ ഇടയലേഖനത്തില്‍ പാത്രിയാര്‍ക്കിസ് ഉദ്ബോധിപ്പിച്ചു.
2. പരിസ്ഥിതി സംരക്ഷണം എല്ലാവരുടെയും ഉത്തരവാദിത്തം
പാരിസ്ഥിതിക പ്രവൃത്തനങ്ങളും പ്രാര്‍ത്ഥനാദിനങ്ങളുമായി ഒരു ഭൂമി സംരക്ഷണ പരിപാടിക്ക് “സൃഷ്ടിയുടെ കാലം” എന്ന പേരില്‍ 1989-ല്‍ കിഴക്കിന്‍റെ ഓര്‍ത്തഡോക്സ് സഭകളില്‍ തുടക്കമിട്ടത് പാത്രിയാര്‍ക്കിസ് ബര്‍ത്തലോമ്യോയുടെ മുന്‍ഗാമി ദിമീത്രിയോസാണ്. അത് ബൈസാന്‍റൈന്‍ സഭയുടെ ആരാധനക്രമ വര്‍ഷത്തിന്‍റെ ആദ്യദിനംകൂടിയാണ്. ഇതര സഭകളോടു ചേര്‍ന്ന് അത് കത്തോലിക്കാ സഭയിലും ആചരിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്തത് 2015-ല്‍ സെപ്തംബര്‍ 1 മുതലാണ്.
മനുഷ്യന്‍റെ ആവാസഗേഹമായ ഭൂമി മറ്റെല്ലാ കാലത്തെയുംകാള്‍ ഇന്ന് ഭീദിതമായ ഭീഷണി നേരിട്ടിരിക്കുന്നുവെന്ന് പൊതുവെ എല്ലാവരും മനസ്സിലാക്കാന്‍ തുടങ്ങിയത് ഈ മഹാമാരിയോടെയാണെന്ന് പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ ചൂണ്ടിക്കാട്ടി. ആധുനിക സാങ്കേതികതയും മറ്റു കണ്ടുപിടുത്തങ്ങളും മനുഷ്യനെ പുരോഗതിയിലേയ്ക്കു നയിക്കുന്നുണ്ട്, എന്നാല്‍ സാങ്കേതികതയെ ദുരുപയോഗംചെയ്താല്‍ അത് പ്രകൃതിക്ക് വിനാശകരമായിരിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. അതിനാല്‍ പൊതുനന്മയും പരിസ്ഥിതിയുടെ സമഗ്രതയും സംരക്ഷിക്കുകയെന്നത് ഭൂമുഖത്തു വസിക്കുന്ന എല്ലാവരുടെയും ഉത്തരവാദിത്ത്വമാണെന്ന് അദ്ദേഹം ആഹ്വാനംചെയ്തു.
3. പരിസ്ഥിതി ഉച്ചകോടികള്‍
ഇന്നു ധാരാളം വ്യക്തികളും സമൂഹങ്ങളും പരിസ്ഥിതിയുടെ സുസ്ഥിതിക്കായി സമര്‍പ്പിതരായി കഴിഞ്ഞുവെങ്കിലും, രാഷ്ട്രങ്ങളും വന്‍കിട സാമ്പത്തിക വ്യവസായ പ്രസ്ഥാനങ്ങളും ഇതില്‍നിന്നും ഒഴിഞ്ഞുമാറി നില്ക്കുന്നത് ഖേദകരമാണെന്ന് പാത്രിയാര്‍ക്കിസ് ബര്‍ത്തലോമ്യോ ചൂണ്ടാക്കാട്ടി. വന്‍രാഷ്ട്രത്തലവന്മാരുടെ പൊള്ളയും അര്‍ത്ഥശൂന്യവുമായ പാരിസ്ഥിതിക വിഷയങ്ങളുടെയും കലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുമുള്ള നീണ്ടചര്‍ച്ചകളില്‍ അനുവര്‍ഷം മുഴുകുന്നത് എത്രകാലം തുടരാനാണ്. അവര്‍ നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ വൈമുഖ്യംകാണിക്കുകയും ഭൂമിയുടെ സുസ്ഥിതിയെ അനുവര്‍ഷം പൂര്‍വ്വോപരി തകര്‍ക്കുകയുമാണ് ചെയ്യുന്നതെന്ന് പാത്രിയാര്‍ക്കിസ് ചൂണ്ടിക്കാണിച്ചു.
4. വിനാശത്തിനു കാരണക്കാര്‍ മനുഷ്യര്‍തന്നെ
“ലോക്ക് ഡൗണ്‍” കാലത്ത് വ്യവസായവും, ഗതാഗതവും വിമാനവുമെല്ലാം നിര്‍ത്തലാക്കാന്‍ എവിടെയും എല്ലാവരും നിര്‍ബന്ധിതരായി. അങ്ങനെ രാഷ്ട്രങ്ങള്‍ മടിച്ചുനിന്ന അന്തരീക്ഷ മലീനികരണ നിയന്ത്രണത്തിന് രണ്ടുമാസംകൊണ്ടു പ്രകൃതിക്കു ലഭിച്ച സമാശ്വാസവും അന്തരീക്ഷത്തിലെ ശുദ്ധവായുവിന്‍റെ വര്‍ദ്ധിച്ച അളവും ഏറെ ഗണ്യമായിരുന്നു. ഇതു തെളിയിച്ചത് പാരിസ്ഥിതിക പ്രതിസന്ധികളുടെ ഉറവിടം മനുഷ്യകുലം തന്നെയാണെന്ന് പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ സ്ഥാപിച്ചു. അതിനാല്‍ രാഷ്ട്രങ്ങളും വ്യവസായികളും മനുഷ്യന്‍റെ ആവാസഗേഹത്തിന് അനുഗുണമായ ഒരു സമ്പദ് വ്യവസ്ഥിതിയിലേയ്ക്കു തിരിയേണ്ടത് അനിവാര്യമാണെന്നും, സാമ്പത്തിക നേട്ടങ്ങള്‍ക്കായും ഉല്പാദനത്തിനുമായുള്ള വ്യവസായ സംരംഭങ്ങള്‍ക്ക് പാരിസ്ഥിതിക പരിഗണന അനിവാര്യമാണെന്നും അദ്ദേഹം നേതാക്കളും വ്യവസായികളോടുമായി അഭ്യര്‍ത്ഥിച്ചു.
5. പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യമായ
പ്രായോഗിക വീക്ഷണം
പരിസ്ഥിതി സംരക്ഷണം സാന്ദര്‍ഭികമായ ഒരു പ്രതികരണം മാത്രമല്ല, മറിച്ച് ക്രൈസ്തവരുടെ സഭാജീവിതത്തിന്‍റെ പ്രായോഗികമായൊരു വീക്ഷണമാണെന്ന് പാത്രിയാര്‍ക്കിസ് വ്യക്തമാക്കി. നമ്മുടെ പൊതുഭവനമായ ഭൂമി ദൈവത്തിന്‍റെ ദാനമാകയാല്‍, സൃഷ്ടിയും അതിലെ സ്രോതസ്സുക്കളും മനുഷ്യര്‍ മാന്യതയോടും സന്തുലിതമായ കാഴ്ചപ്പാടോടും കൂടെ ഉപയോഗിക്കുകയും, പ്രകൃതിയെ പരിരക്ഷിക്കുവാനും പരിലാളിക്കുവാനും മനുഷ്യന്‍ കടപ്പെട്ടിരിക്കുന്നുവെന്നും പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രസ്താവനയിലൂടെ ആഹ്വാനംചെയ്തു. നിത്യതയെ ലക്ഷ്യമാക്കിയുള്ള ക്രൈസ്തവ ജീവിതം ഈ ഭൂമിയില്‍ നന്മയുടെ ജീവിതസാക്ഷ്യമായിരിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് 2020-ലെ “സൃഷ്ടിയുടെ കാല”ത്തിനുള്ള അദ്ദേഹം പ്രസ്താവന ഉപസംഹരിച്ചത്.
6. "സൃഷ്ടിയുടെ കാലം "
സൃഷ്ടിക്കായുള്ള ആഗോള പ്രാര്‍ത്ഥനാദിനമായ സെപ്തംബര്‍ 1-ന് ആരംഭിച്ച് പരിസ്ഥിതിയുടെ മദ്ധ്യസ്ഥനായ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ അനുസ്മരണ നാളായ ഒക്ടോബര്‍ 4-ന് അവസാനിക്കുന്നതാണ് “സൃഷ്ടിയുടെ കാല”മെന്നു വിളിക്കുന്ന (Season of Creation) സൃഷ്ടിയുടെ പരിരക്ഷണയ്ക്കുള്ള ഈ സമയം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: