“ഭാവിയിലെ ഭൂമി” പാപ്പായുടെ സംയോജിത പരിസ്ഥിതി സങ്കല്പം
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. “പതിയെയുള്ള തീറ്റ” പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്
കാര്‍ളോ പെത്രീനി എന്ന ഇറ്റാലിയന്‍ ഗ്രന്ഥകര്‍ത്താവിന്‍റെ ഈ കൃതി സെപ്തംബര്‍ 9-നാണ് വിവിധ ഭാഷകളില്‍ പ്രകാശിതമായത്. പാപ്പാ ഫ്രാന്‍സിസുമായി നടത്തിയ മൂന്നു ദീര്‍ഘ സംഭാഷണങ്ങളെ ഉപജീവിച്ച് പരിസ്ഥിതി പ്രവര്‍ത്തകനും, “പതിയെയുള്ള തീറ്റ” പ്രസ്ഥാനത്തിന്‍റെ (Slow Food Movement) ഉപജ്ഞാതാവുമായ കാര്‍ളോ പെത്രീനിയുടെ പുസ്തകം സെപ്തംബര്‍ 9, ബുധനാഴ്ച പ്രകാശനം ചെയ്യപ്പെട്ടത്.
2. ലാളിത്യമാര്‍ന്ന ജീവിതരീതി സംരക്ഷിക്കാന്‍
ഭാവിയിലെ ഭൂമി സംയോജിത പരിസ്ഥിതി ദര്‍ശനത്തെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസുമായുള്ള സംഭാഷണങ്ങള്‍ എന്നാണ് ഇറ്റാലിയന്‍ ഭാഷയില്‍ രചിക്കപ്പെട്ട പുസ്തകത്തിന്‍റെ ശീര്‍ഷകം. “ഫാസ്റ്റ് ഫൂഡ്” (Fast Food) ഉപഭോഗ സംസ്കാരത്തിന്‍റെ കടന്നുകയറ്റത്തിന് എതിരെ പ്രാദേശിക ആഹാരശീലങ്ങളെയും പാരമ്പര്യത്തെയും സംരക്ഷിക്കാന്‍ “സ്ലോ ഫൂഡ്” പ്രസ്ഥാനത്തിന്‍റെ (Slow Food Movement) സ്ഥാപകനാണ് ഗ്രന്ഥകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ കാര്‍ലോ പെത്രീനി. ആളുകളുടെ പെരുമാറ്റ രീതികളും, ഭക്ഷ്യോല്പാദനവും, അതിന്‍റെ ഉപയോഗവും, സമ്പദ്ഘടനയും ഗ്രഹവും തമ്മിലുള്ള ശക്തമായ ബന്ധത്തെ തിരിച്ചറിഞ്ഞുകൊണ്ട് ആഹാര രീതികളിലും ജീവിതശൈലിയിലും സമഗ്രമായ മാറ്റത്തിനായി നിലകൊള്ളുന്നതാണ് ഈ പ്രസ്ഥാനം.
3. പാപ്പായെ പിന്‍തുണയ്ക്കുന്ന പെത്രീനി
2015-ല്‍ പാപ്പാ ഫ്രാന്‍സിസ് എഴുതിയ “അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ,” എന്ന ചാക്രികലേഖനം മുന്നോട്ടുവച്ച നമ്മുടെ പൊതുഭവനമായ ഭൂമിയെ പരിപാലിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് പെത്രീനി തന്‍റെ ഏറ്റവും പുതിയ പുസ്തകം രചിച്ചിരിക്കുന്നത്.
വ്യാപകമായ സാമൂഹിക-പാരിസ്ഥിതിക അനീതികള്‍ക്ക് കളമൊരുക്കുന്ന വിനാശകരമായ ഉപഭോക്തൃ സംസ്കാരത്തെ പ്രതിരോധിക്കുവാനുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ ആഹ്വാനത്തോടൊപ്പം അണിചേരുകയാണ് പെത്രീനി. “സംയോജിത പരിസ്ഥിതി ദര്‍ശനം” എന്ന സങ്കല്പത്തെ ആധാരമാക്കി പാപ്പായുമായി നടന്ന വ്യക്തിപരമായ സുഹൃദ് സംഭാഷണങ്ങളെ ഉപജീവിച്ചാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
4. രണ്ടുപേര്‍ പങ്കിടുന്ന സാമൂഹിക പ്രതിബദ്ധതകള്‍
പരസ്പരമുള്ള ഐക്യദാര്‍ഢ്യത്തിന്‍റെ അന്തരീക്ഷത്തില്‍ ഈ ഗ്രഹത്തില്‍ വസിക്കുന്ന എല്ലാ ജീവജാലങ്ങലുടെയും ജീവിത മാര്‍ഗ്ഗങ്ങളുടെയും നന്മ നിലനിര്‍ത്തുവാനും പരിപോഷിപ്പിക്കുവാനും രണ്ടുപേരും പങ്കിടുന്ന പ്രതിബദ്ധത ശ്രദ്ധേയമാണ്. ആധുനിക ചരിത്രത്തിലെ മൂന്ന് നിര്‍ണ്ണായക സന്ദര്‍ഭങ്ങളിലാണ് ഈ സംഭാഷണങ്ങള്‍ ഉടലെടുത്തത്. ആദ്യത്തേത്, 2018-ല്‍ മദ്ധ്യ ഇറ്റലിയിലുണ്ടായ വിനാശകരമായ ഭൂമികുലുക്കത്തിനുശേഷം, 2019-ല്‍ ആമസോണിനെക്കുറിച്ചുള്ള മെത്രാന്മാരുടെ സിനഡ് ആരംഭിക്കുന്നതിനു തൊട്ടു മുമ്പുമാണ് രണ്ടാമത്തേത്. തുടര്‍ന്ന് കോവിഡു മഹാമാരിയുടെ മൂര്‍ദ്ധന്യത്തിനു നടുവിലാണ് മൂന്നാമത്തേത്.
5. ഉള്ളടക്കത്തില്‍ അഞ്ചു പ്രധാനപ്പെട്ട വിഷയങ്ങള്‍
അഞ്ചു വ്യത്യസ്ത വിഷയങ്ങള്‍ക്ക് അനുസൃതമായാണ് ഈ ഗ്രന്ഥം പാപ്പായുടെ ചിന്തകളെ ആധാരമാക്കി പെത്രീനി ചിട്ടപ്പെടുത്തിയിരിക്കുന്നത്. ജൈവവൈവിധ്യം, സമ്പദ്-വ്യവസ്ഥ, കുടിയേറ്റ പ്രതിഭാസം, വിദ്യാഭ്യാസം, സാമൂഹ്യജീവിതം എന്നിവയാണ് ആ അഞ്ചു വിഷയങ്ങള്‍. ആത്മീയമായ ഒരു വീക്ഷണ കോണില്‍നിന്ന് വളരെ സമൂര്‍ത്തമായാണ് വിഷയങ്ങളെ പെത്രീനി നോക്കിക്കണ്ടിരിക്കുന്നത്. പാപ്പായുടെ പ്രബോധനങ്ങളുടെ ചുവടുപിടിച്ച് ഈ ഗ്രഹവും അതിലെ ജനതകളും തമ്മിലുള്ള ബന്ധുത്വം പുനര്‍സ്ഥാപിക്കേണ്ടതിനുള്ള അടിയന്തിര ക്ഷണമാണ് പുസ്തകത്തിലുള്ളത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: