MAP

സങ്കീർത്തനചിന്തകൾ - 113 സങ്കീർത്തനചിന്തകൾ - 113 

എളിമയുള്ള നീതിമാന്മാരെ കരം പിടിച്ചുയർത്തുന്ന ദൈവം

വചനവീഥി: നൂറ്റിപ്പതിമൂന്നാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
ശബ്ദരേഖ - നൂറ്റിപ്പതിമൂന്നാം സങ്കീർത്തനം - ഒരു വിചിന്തനം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

നീതിമാന്മാരായ ദരിദ്രരെയും അഗതികളെയും ഉയർത്തുന്ന ദൈവത്തിന്റെ ഔന്ന്യത്യത്തെ പ്രകീർത്തിക്കാൻ വിശ്വാസിസമൂഹത്തെ ആഹ്വാനം ചെയ്യുന്ന ഒരു ഗീതമാണ് നൂറ്റിപ്പതിമൂന്നാം സങ്കീർത്തനം. എന്നും എല്ലായിടങ്ങളിലും വാഴ്ത്തപ്പെടുവാനും സ്തുതിക്കപ്പെടുവാനും യോഗ്യനാണ് ഇസ്രയേലിന്റെ ദൈവം. ഇസ്രായേൽ ജനം വലിയ തിരുനാളുകളിൽ, പ്രത്യേകിച്ച് പെസഹയുമായി ബന്ധപ്പെട്ട് പാടിയിരുന്ന ഹല്ലേലൂയാ സങ്കീർത്തനങ്ങളിപ്പെട്ട നൂറ്റിപതിമൂന്നും നൂറ്റിപ്പതിനാലും സങ്കീർത്തനങ്ങൾ പെസഹഭക്ഷണത്തിന് മുൻപും, നൂറ്റിപ്പതിനഞ്ച് മുതൽ നൂറ്റിപ്പതിനെട്ട് വരെയുള്ള സങ്കീർത്തനങ്ങൾ ഭക്ഷണത്തിന് ശേഷവും ആലപിച്ചിരുന്നു. എല്ലായിടത്തും ഉള്ളവനും എളിയവരെ രക്ഷിക്കുന്നവനുമായ കർത്താവിന്റെ നാമത്തെ സമയ, കല, സ്ഥല പരിമിതികൾക്കപ്പുറം സ്തുതിക്കുവാനും ബഹുമാനിക്കുവാനുമുള്ള ക്ഷണമാണ് സങ്കീർത്തനം മുന്നോട്ടുവയ്ക്കുന്നത്.

എന്നും എല്ലായിടങ്ങളിലും സ്തുതിക്കപ്പെടേണ്ട ദൈവം

സങ്കീർത്തനത്തിന്റെ ഒന്ന് മുതൽ മൂന്ന് വരെയുള്ള വാക്യങ്ങളിലൂടെ എന്നും എല്ലായിടങ്ങളിലും ദൈവനാമം സ്തുതിക്കപ്പെടണമെന്ന ഒരു ഉദ്ബോധനമാണ് സങ്കീർത്തകൻ മുന്നോട്ടുവയ്ക്കുന്നത്. നൂറ്റിപ്പതിനൊന്നും, നൂറ്റിപ്പപന്ത്രണ്ടും സങ്കീർത്തനങ്ങളുടെ ശൈലിയിൽ, കർത്താവിനെ സ്തുതിക്കാൻ ആഹ്വാനം ചെയ്യുന്ന തുടർച്ചയായ മൂന്നാമത്തെ സങ്കീർത്തനമാണിത്. "കർത്താവിനെ സ്തുതിക്കുവിൻ! കർത്താവിന്റെ ദാസരെ, അവിടുത്തെ സ്തുതിക്കുവിൻ! കർത്താവിന്റെ നാമത്തെ സ്തുതിക്കുവിൻ" (സങ്കീ. 113, 1) എന്ന ഒന്നാം വാക്യം നൂറ്റിമുപ്പത്തിയഞ്ചാം സങ്കീർത്തനത്തിന്റെ ആരംഭത്തിലും ആവർത്തിക്കപ്പെടുന്ന ഒന്നാണ്. ദേവാലയത്തിൽ ഒരുമിച്ച് കൂടിയിരിക്കുന്ന കർത്താവിന്റെ ദാസരോടാണ് സങ്കീർത്തകൻ ഈ ആഹ്വാനം നടത്തുകയെന്ന് അനുമാനിക്കാനാകും. യാഹ്‌വെയെ ദൈവവും കർത്താവുമായ ഏറ്റുപറയുന്ന, അവന്റെ ദാസരായി സ്വയം കരുതുന്ന വിശ്വാസികളോടാണ് സങ്കീർത്തകന്റെ ഈ ആഹ്വാനം.

"കർത്താവിന്റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെടട്ടെ! ഉദയം മുതൽ അസ്തമയം വരെ കർത്താവിന്റെ നാമം വാഴ്ത്തപ്പെടട്ടെ!" എന്ന രണ്ടും മൂന്നും വാക്യങ്ങളിൽ,.കർത്താവിന്റെ നാമം എല്ലാ സമയത്തും (സങ്കീ. 113, 2), ഉദയം മുതൽ അസ്തമയം വരെ (സങ്കീ. 113, 3), എല്ലായ്പ്പോഴും, എല്ലായിടങ്ങളിലും വാഴ്ത്തപ്പെടട്ടെ എന്ന ആഹ്വാനമാണ് സങ്കീർത്തകൻ മുന്നോട്ട് വയ്ക്കുന്നത്. സൂര്യോദയം മുതൽ അസ്തമയം വരെ ജനതകളുടെയിടയിൽ മഹത്വപൂർണ്ണമാണ് തന്റെ നാമമെന്ന് അരുളിച്ചെയ്യുന്ന (മലാക്കി 1, 11) സൈന്യങ്ങളുടെ കർത്താവിനെക്കുറിച്ച് മലാക്കി പ്രവാചകൻ തന്റെ ഒന്നാം അദ്ധ്യായത്തിൽ എഴുതുന്നുണ്ട്. അനാദിയും, മാറ്റമില്ലാത്തവനുമായ ദൈവത്തിന് സമയത്തിനും കാലത്തിനും അതീതമായി സ്തുതികളർപ്പിക്കാനാണ് ജനം വിളിക്കപ്പെട്ടിരിക്കുന്നത്.

ആദ്യ മൂന്ന് വാക്യങ്ങളിലുമായി ദൈവനാമത്തെ സ്തുതിക്കാൻ മൂന്ന് വട്ടം ആഹ്വാനം ചെയ്യുന്ന സങ്കീർത്തകൻ, നിരന്തരം സ്തുതിക്കപ്പെടുവാൻ യോഗ്യനാണ് ദൈവമെന്ന ബോധ്യമാണ് വിശ്വാസികൾക്ക് പകരുന്നത്. കണ്ണുകളും ഹൃദയവും തുറന്ന്, ദൈവത്തിന്റെ അത്ഭുതപ്രവൃത്തികൾ കാണുന്ന ഒരു വിശ്വാസിക്ക് അവന്റെ തിരുനാമം പ്രകീർത്തിക്കാതിരിക്കാനോ അവനിൽനിന്ന് അകന്നിരിക്കാനോ സാധിക്കില്ലല്ലോ.

ദൈവസ്‌തുതിക്കുള്ള കാരണങ്ങൾ

കർത്താവിനെ അറിയുകയും അവന്റെ മഹത്വവും പ്രവർത്തികളും തിരിച്ചറിയുകയും ചെയ്യുന്ന ഒരുവന് അവന്റെ നാമത്തെ സ്തുതിക്കാതിരിക്കാനാകില്ലെന്ന ചിന്തയ്ക്ക് ഉപോത്ബലകമാകുന്ന ചില വസ്തുതകളാണ് സങ്കീർത്തനത്തിന്റെ നാല് മുതലുള്ള വാക്യങ്ങൾ നമുക്ക് മുന്നിൽ വയ്ക്കുന്നത്. രണ്ട് ഗണങ്ങളിലായി തിരിക്കാവുന്ന ഈ ആശയങ്ങളിൽ ഒന്നാമത്തേത്, ദൈവത്തിന്റെ ഔന്ന്യത്യവുമായി ബന്ധപ്പെട്ടതാണ്. "കർത്താവ് സകല ജനതയുടെയും മേൽ വാഴുന്നു; അവിടുത്തെ മഹത്വം ആകാശത്തിന് മീതെ ഉയർന്നിരിക്കുന്നു" (സങ്കീ. 113, 4) എന്ന നാലാം വാക്യത്തിലൂടെ, തിരഞ്ഞെടുക്കപ്പെട്ട ഇസ്രയേലിന്റെ മേൽ മാത്രമല്ല, സകല ജനതയ്ക്കും സർവ്വ പ്രപഞ്ചത്തിനും അധിപനായ ദൈവമാണ് അവിടുന്നെന്ന് സങ്കീർത്തകൻ ഓർമ്മിപ്പിക്കുന്നു. നൂറ്റിനാല്പത്തിയെട്ടാം സങ്കീർത്തനത്തിന്റെ പതിമൂന്നാം വാക്യത്തിലും ഇതേ ആശയം ആവർത്തിക്കപ്പെടുന്നുണ്ട് (സങ്കീ. 148, 13). "നമ്മുടെ ദൈവമായ കർത്താവിന് തുല്യനായി ആരുണ്ട്? അവിടുന്ന് ഉന്നതത്തിൽ ഉപവിഷ്ടനായിരിക്കുന്നു" (സങ്കീ. 113, 5) എന്ന അഞ്ചാം വാക്യത്തിലാകട്ടെ, ഇസ്രയേലിന്റെ ദൈവത്തിന് തുല്യനായി മറ്റൊരു ദൈവമില്ലെന്നും, അവൻ ഉന്നതസ്ഥാനീയനാണെന്നും അവനു കീഴിലാണ് മറ്റെല്ലാ അസ്തിത്വങ്ങളുമെന്ന് സങ്കീർത്തനം ഇസ്രായേൽ ജനത്തെയുൾപ്പെടെ ഏവരെയും ഓർമ്മിപ്പിക്കുന്നു. "അവിടുന്ന് കുനിഞ്ഞ് ആകാശത്തെയും ഭൂമിയെയും നോക്കുന്നു" എന്ന അഞ്ചാം വാക്യമാകട്ടെ, അത്യുന്നതനായ ഈ ദൈവത്തിന്റെ മഹത്വവും ഈ പ്രപഞ്ചത്തോടും, മനുഷ്യരോടുമുള്ള അവന്റെ കരുതലിനെയുമാണ് കാണിക്കുക. എട്ടാം സങ്കീർത്തനത്തിന്റെ നാലാം വാക്യത്തിൽ ദാവീദ് ഓർമ്മിപ്പിക്കുന്നതുപോലെ, "അവിടുത്തെ ചിന്തയിൽ വരാൻമാത്രം മർത്യന് എന്ത് മേന്മയുണ്ട്? അവിടുത്തെ പരിഗണന ലഭിക്കാൻ മനുഷ്യപുത്രന് എന്ത് അർഹതയാണുള്ളത്?

ദൈവസ്തുതിക്ക് ഉപോത്ബലകമായ കാരണങ്ങളിൽ രണ്ടാമത്തെ ഗണത്തിലുള്ളത്, അത്യുന്നതനായ ദൈവം തന്റെ സൃഷ്ടി മാത്രമായ മനുഷ്യരോട് കാണിക്കുന്ന സ്നേഹവും കരുണയുമാണ്. "അവിടുന്ന് ദരിദ്രനെ പൊടിയിൽനിന്ന് ഉയർത്തുന്നു; അഗതിയെ ചാരക്കൂനയിൽനിന്ന് ഉദ്ധരിക്കുന്നു. അവരെ പ്രഭുക്കന്മാർക്കൊപ്പം, തന്റെ ജനത്തിന്റെ പ്രഭുക്കന്മാർക്കൊപ്പം ഇരുത്തുന്നു. അവിടുന്ന് വന്ധ്യക്ക് വസതി കൊടുക്കുന്നു; മക്കളെ നൽകി അവളെ സന്തുഷ്ടയാക്കുന്നു; കർത്താവിനെ സ്തുതിക്കുവിൻ" (സങ്കീ. 113, 7-9) എന്നീ ഏഴുമുതൽ ഒൻപത് വരെയുള്ള വാക്യങ്ങളിലൂടെയാണ് സങ്കീർത്തകൻ ഈ ചിന്തകൾ വിശ്വാസികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. സാമുവലിന്റെ ഒന്നാം പുസ്തകത്തിന്റെ രണ്ടാം അധ്യായത്തിൽ ഹന്നയുടെ കീർത്തനത്തിലും (1 സാമുവേൽ 2, 5; 8) ഇതേ ആശയങ്ങൾ നാം കണ്ടുമുട്ടുന്നുണ്ട്. എളിമയുള്ള വിശ്വാസിയെ കൈപിടിച്ചുയർത്തുന്ന ഒരു പിതാവിന്റെ സ്നേഹമാണ് യാഹ്‌വെയിൽ നാം കാണുന്നത്. ഉന്നതനായിരുന്നിട്ടും കരുണയോടെ മനുഷ്യരെ നോക്കിക്കാണുന്ന, പൊടിയിലും ചാരത്തിലും നിന്ന് അവരെ കൈപിടിച്ചുയർത്തുന്ന, ഉന്നതമായ സ്ഥാനം അവർക്കു നൽകുന്ന, വന്ധ്യയായ സ്ത്രീയുടെ അപമാനം മാറ്റുവാനും അവൾക്ക് താങ്ങാകുവാനും മക്കളെ നൽകുന്ന, താമസിക്കാൻ ഭവനമേകുന്ന ഒരു ദൈവമാണവൻ. തന്റെ ജനത്തോടുള്ള ദൈവത്തിന്റെ അളവുകളില്ലാത്ത സ്നേഹവും കരുതലും അവൻ അവർക്കായി ചൊരിയുന്ന അനുഗ്രഹങ്ങളും നിരത്തി, കർത്താവിനെ സ്തുതിക്കാനുള്ള ആഹ്വാനം ഒരിക്കൽക്കൂടി അവർത്തിച്ചുകൊണ്ടാണ് ഈ സ്തുതികീർത്തനം അവസാനിക്കുന്നത്.

സങ്കീർത്തനം ജീവിതത്തിൽ

ഈ ലോകം സമ്മാനിച്ച ഒറ്റപ്പെടലിന്റെയും അവഗണനയുടെയും പൂഴിയിലും ചാരത്തിലും വീണുപോയ, വന്ധ്യത പോലെ പ്രതീക്ഷയറ്റ മനസ്സുമായി ജീവിക്കുന്ന തന്റെ ജനത്തെ കരുണയോടെ നോക്കുകയും, പൈതൃകസ്നേഹത്തോടെ അവരെ കരം പിടിച്ചുയർത്തുകയും ചെയ്യുന്ന ഇസ്രയേലിന്റെ ദൈവത്തെ സ്തുതിക്കാനുള്ള ചിന്തകൾ പഴയനിയമജനതയ്ക്ക് മുന്നിൽ അവതരിപ്പിക്കുന്ന നൂറ്റിപ്പതിമൂന്നാം സങ്കീർത്തനം, പ്രതീക്ഷയുടെ വാക്കുകളാണ് നമുക്കും, വിശ്വാസിലോകത്തിനും മുന്നിലും അവതരിപ്പിക്കുന്നത്. നമ്മുടെ അവസ്ഥകൾ എത്രതന്നെ ഇരുട്ടുനിറഞ്ഞ അഗാധതയിലുമാകട്ടെ, പ്രപഞ്ചസൃഷ്ടവും നാഥനും കാരുണ്യവാനും സ്നേഹമായനുമായ ഒരു ദൈവം നമുക്കായി രക്ഷയുടെ കരം നീട്ടി കാത്തിരിപ്പുണ്ടെന്ന ചിന്ത നമ്മിൽ പ്രത്യാശയും ആനന്ദവും നിറയ്ക്കട്ടെ. ആരും താങ്ങുവാനില്ലെങ്കിലും, ഈ പൂഴിയിൽനിന്ന് മനുഷ്യനായി നമ്മെ സൃഷ്‌ടിച്ച ദൈവം, മണ്ണിൽ വീണുപോയ നമ്മെ കരം പിടിച്ചുയർത്തുമെന്നും, വേദനകളും അവഗണനകളും പോലും ദൈവത്തിൽ ശരണം വയ്ക്കാനും അവന്റെ കരുതലിന്റെ സ്നേഹമനുഭവിക്കാനുമുള്ള അവസരങ്ങളാണെന്നും തിരിച്ചറിയാം. എളിമയുള്ള തന്റെ വിശ്വസ്‌ത ദാസരെ കനിവോടെ സ്നേഹിക്കുന്ന, രക്ഷയിലേക്ക് നയിക്കുന്ന, ഉന്നതസ്ഥാനം നൽകുന്ന ദൈവത്തിന് മുന്നിൽ സ്വീകാര്യരായിരിക്കാൻ നമുക്കും പരിശ്രമിക്കാം. എന്നും അവന്റെ സ്തുതികളാലപിക്കാം. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 ഏപ്രിൽ 2025, 16:34