MAP

ആർച്ചുബിഷപ്പ് ഗബ്രിയേലെ ജൊർദ്ദാനൊ കാച്ച, ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകസംഘത്തിൻറെ തലവൻ ആർച്ചുബിഷപ്പ് ഗബ്രിയേലെ ജൊർദ്ദാനൊ കാച്ച, ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകസംഘത്തിൻറെ തലവൻ 

സംഘർഷങ്ങൾ വർദ്ധമാനമാകുന്നതിൽ പരിശുദ്ധസിംഹാസനം ആശങ്കയിൽ, ആർച്ചുബിഷപ്പ് കാച്ച!

സായുധസംഘർഷത്തിൽ പെട്ടുപോയിരിക്കുന്ന പൗരജനത്തിൻറെ സംരക്ഷണത്തെ അധികരിച്ച് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതി, അമേരിക്കൻ ഐക്യനാടുകളിൽ, ന്യുയോർക്ക് പട്ടണത്തിൽ ഒരു പൊതുചർച്ച സംഘടിപ്പിച്ചു. എക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകസംഘത്തിൻറെ തലവനായ ആർച്ചുബിഷപ്പ് ഗബ്രിയേലെ ജൊർദ്ദാനൊ കാച്ച ഈ യോഗത്തെ മെയ് 22-ന് സംബോധന ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സാധാരണ ജനങ്ങളെ അഗാധവും അനനുപാതികവുമായ ദുരിതത്തിലാഴ്ത്തുന്ന സായുധ സംഘർഷങ്ങളുടെ എണ്ണവും തീവ്രതയും വർദ്ധമാനമായിക്കൊണ്ടിരിക്കുന്നതിൽ പരിശുദ്ധസിംഹാസാനം അതീവ ആശങ്കപുലർത്തുന്നുവെന്ന് എക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകസംഘത്തിൻറെ തലവനായ ആർച്ചുബിഷപ്പ് ഗബ്രിയേലെ ജൊർദ്ദാനൊ കാച്ച.

സായുധസംഘർഷത്തിൽ പെട്ടുപോയിരിക്കുന്ന പൗരജനത്തിൻറെ സംരക്ഷണത്തെ അധികരിച്ച് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതി, അമേരിക്കൻ ഐക്യനാടുകളിൽ, ന്യുയോർക്കിൽ സംഘടിപ്പിച്ച ഒരു പൊതുചർച്ചയിൽ മെയ് 22-ന് (22/05/25) സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലുള്ള ഈ അവസ്ഥ അന്താരാഷ്ട്ര മാനവിക നിയമങ്ങൾ, പ്രത്യേകിച്ച് ജനീവ പ്രഖ്യാപനങ്ങളും അവയുടെ അനുബന്ധവ്യവസ്ഥകളും പാലിക്കേണ്ടതിൻറെ അടിയന്തിര ആവശ്യകത അടിവരയിട്ടുകാട്ടുന്നുവെന്ന് ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച പറഞ്ഞു.

യുദ്ധത്തിനിടയിലും, മനുഷ്യവ്യക്തിയുടെയും അവൻറെ സഹജമായ ദൈവദത്ത ഔന്നത്യത്തിൻറെയും സംരക്ഷണം എല്ലാ കൂട്ടായ ശ്രമങ്ങളുടെയും കേന്ദ്രബിന്ദുവായിരിക്കണമെന്നും, കൂടാതെ യുദ്ധ വിപത്ത് ഒഴിവാക്കുന്നതിനും ഇത് അടിസ്ഥാനപരമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. അടിസ്ഥാനപരമായ ഈ തത്വത്തെ, സമകാലിക യുദ്ധത്തിൻറെ പരിണാമപരമായ സ്വഭാവം കൂടുതൽ അപകടത്തിലാക്കുന്നു എന്നത് പ്രത്യേകിച്ചും അസ്വസ്ഥ ജനകമാണെന്ന് ആർച്ചുബിഷപ്പ് കാച്ച പറഞ്ഞു.

ഇക്കാര്യത്തിൽ, വിവേചനശൂന്യമായ ആയുധങ്ങൾ, കുഴിബോംബുകൾ, കുലബോംബുകൾ തുടങ്ങിയവയുടെ ഉപയോഗം അവസാനിപ്പിക്കേണ്ടതും ജനവാസമുള്ളിടങ്ങളിൽ സ്ഫോടകവസ്തുക്കൾ വിന്യസിക്കുന്നത് നിർത്തേണ്ടതും അനിവാര്യമാണെന്ന പരിശുദ്ധ സിംഹാസനത്തിൻറെ ബോധ്യം അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തു. ആയുധ നിർമ്മാണവും സംഭരണവും നിർത്തലാക്കുന്നത് പൗരജനത്തിൻറെ മികച്ച സംരക്ഷണത്തിനുള്ള മൂർത്തവും അടിയന്തിരവുമായ നടപടികളാണെന്ന് ആർച്ചുബിഷപ്പ് കാച്ച പറഞ്ഞു.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 മേയ് 2025, 13:06