പെറുവിന്റെയും, ഉക്രൈനിന്റെയും രാഷ്ട്രത്തലവന്മാരുമായി പ്രത്യേക കൂടിക്കാഴ്ച്ച നടത്തി പാപ്പാ
വത്തിക്കാൻ ന്യൂസ്
പത്രോസിനടുത്ത ശുശ്രൂഷ, ലിയോ പതിനാലാമൻ പാപ്പാ ആരംഭിച്ച മെയ് മാസം പതിനെട്ടാം തീയതി ഞായറാഴ്ച്ച, താൻ ശുശ്രൂഷ ചെയ്തിരുന്ന പെറു റിപ്പബ്ലിക്കൻ രാഷ്ട്രത്തിന്റെ ഭരണാധികാരി എർസിലിയ ബൊലുവാർട്ടെ സെഗാരയുമായും, ഉക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലിൻസ്കിയുമായും പരിശുദ്ധ പിതാവ് പ്രത്യേക സദസ് നടത്തുകയും അവരുമായി സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്തു.
“പെറുവിലെ മുഴുവൻ ജനതയുടെയും വാത്സല്യപൂർണ്ണമായ അടുപ്പം, പരിശുദ്ധ പിതാവിന് കൊണ്ടുവന്നിരിക്കുന്നു”വെന്നാണ്, പ്രസിഡന്റ് കുറിച്ച എക്സ് സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത്. ലിയോ പതിനാലാമൻ പാപ്പാ, പെറുവിൽ നടത്തിയ അജപാലനസേവനങ്ങളെയും പ്രസിഡന്റ് പ്രത്യേകം സ്മരിച്ചു. "സുവിശേഷ ദൗത്യത്തിനും, രാജ്യത്തെ ഏറ്റവും ദരിദ്രരുടെ സേവനത്തിനുമായി നിരവധി വർഷങ്ങൾ സമർപ്പിച്ച ദൈവദാസൻ", എന്നാണ് ഭരണാധികാരി എർസിലിയ ബൊലുവാർട്ടെ സെഗാര ലിയോ പതിനാലാമൻ പാപ്പായെ വിശേഷിപ്പിച്ചത്.
തുടർന്ന് ഉക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലിൻസ്കിയെയും അദ്ദേഹത്തിന്റെ പത്നി ഒലീന സെലിൻസ്കിയെയും സദസ്സിൽ സ്വീകരിച്ചു. മധ്യാഹ്‌ന പ്രാർത്ഥനാവേളയിൽ ഉക്രൈൻ ദേശത്തെ പ്രത്യേകം പരാമർശിച്ച പാപ്പായ്ക്ക് നന്ദിയർപ്പിച്ചുകൊണ്ട്, പ്രസിഡന്റ് എക്‌സിൽ സന്ദേശം കുറിച്ചിരുന്നു. "എല്ലാവരുടെയും നീതിയുക്തമായ സമാധാനത്തിനും മാന്യമായ ജീവിതത്തിനും വേണ്ടിയുള്ള" പാപ്പയുടെ ആഹ്വാനം ഏവരും ചെവിക്കൊള്ളുമെന്ന പ്രത്യാശയും പ്രസിഡന്റ് പ്രകടിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: